23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

പണപ്പെരുപ്പവും സാമ്പത്തിക വികസനവും: അനുഭവപാഠം

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 28, 2024 4:35 am

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനവുമായി ബന്ധപ്പെട്ട 2024ലെ സജീവ ചര്‍ച്ചയ്ക്കുള്ള വിഷയം വികസന ലക്ഷ്യം നേടുന്നതിന് പണപ്പെരുപ്പത്തെ ഏതു വിധേന പ്രതിരോധിക്കാം എന്നതായിരിക്കും. പുതുവര്‍ഷത്തെപ്പറ്റിയുള്ള വിശദമായ പരിശോധനയ്ക്ക് ഒരുമ്പെടുന്നതിന് മുമ്പ് 2023 അവസാനത്തെ സമ്പദ്‌വ്യവസ്ഥയുടെ പൊതുസ്ഥിതി എന്തായിരുന്നു എന്ന് പരിശോധിക്കാം. ബാങ്ക് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയ വര്‍ധന ഡിസംബര്‍ 15 വരെ, 14 ശതമാനമായിരുന്നു. വായ്പാ നിരക്കാണെങ്കില്‍ 20.2 ശതമാനം വരെയും. ഇന്ത്യയുടെ വിദേശ വിനിമയ ശേഖരം ഡിസംബര്‍ 22ന് 620.44 ലക്ഷം കോടി ഡോളര്‍ എന്നത് വര്‍ഷാരംഭത്തിലുണ്ടായിരുന്ന 562.85 കോടിയെ അപേക്ഷിച്ച് ഒട്ടും മോശമായിരുന്നില്ല. രൂപയുടെ വിനിമയ മൂല്യം‍ വര്‍ഷാവസാനത്തില്‍ ഡോളറിന് 83.21 രൂപയായിരുന്നു. 2023 ജനുവരിയില്‍ ഇത് 80.85 രൂപയായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. പണപ്പെരുപ്പനിരക്ക് 6.52 ശതമാനം വര്‍ധനവാണ്, 2022 നവംബര്‍ മാസത്തെ 5.33 ശതമാനത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. ഇതും നല്ല ലക്ഷണമായിരുന്നില്ല. ഇതിനര്‍ത്ഥം പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന് വിരാമമിടാനായിട്ടില്ല എന്നുതന്നെയാണ്. ഒരുപക്ഷെ, രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യന്‍ ഭരണകൂടം യുഎസ് ഫെഡറല്‍ റിസര്‍വ് വെട്ടുന്ന പാതയിലൂടെ ഏറെക്കാലം ചലിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട്.

പലിശനിരക്കില്‍ നേരിയ കുറവുവരുത്താന്‍ ആര്‍ബിഐയെ നിര്‍ബന്ധിക്കാനും വഴിയുണ്ട്. എന്നാല്‍, ഈവക കാര്യങ്ങള്‍ ഉറപ്പുവരുത്തുക സംശയമാണ്. പലിശനിരക്കിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യതയേറെ. കാരണം, പണപ്പെരുപ്പമാണ് ഇരു ഭരണകൂടങ്ങളും നേരിടേണ്ടിവരുന്ന ശക്തമായ വെല്ലുവിളിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും നിലവിലുള്ള പണപ്പെരുപ്പനിരക്ക് അഖിലേന്ത്യാ ശരാശരിയേക്കാള്‍ അധികമാണ്. പണപ്പെരുപ്പനിരക്കിന്റെ ദേശീയ ശരാശരി 5.69 ശതമാനമാണെങ്കില്‍ ഒ‍ഡ‍ിഷ–8.70, ഗുജറാത്ത്-7.07, രാജസ്ഥാന്‍-6.95, ഹരിയാന‑6.72, കര്‍ണാടക‑6.65, തെലങ്കാന‑6.65, മഹാരാഷ്ട്ര‑6.08, പഞ്ചാബ്-5.95, ബിഹാര്‍-5.89 ശതമാനം എന്നിങ്ങനെയാണ് സ്ഥിതി. ‘ബ്രിക്സ്’ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഒന്നാം സ്ഥാനത്ത് 7.5 ശതമാനം പണപ്പെരുപ്പനിരക്കോടെ റഷ്യയാണെങ്കില്‍, രണ്ടാം സ്ഥാനത്തുള്ളത് 5.89 ശതമാനത്തോടെ ഇന്ത്യയാണ്. മൂന്നാം സ്ഥാനക്കാര്‍ 5.5 ശതമാനമുള്ള ദക്ഷിണാഫ്രിക്കയും‍ ബ്രസീല്‍ 4.62 ശതമാനത്തോടെ നാലാം സ്ഥാനത്തും 0.3 ശതമാനത്തോടെ അഞ്ചാം സ്ഥാനത്ത് ചൈനയുമാണ്. ചില്ലറ പണപ്പെരുപ്പനിരക്ക് മാര്‍ച്ച് അവസാനിക്കുന്നതുവരെ 5.4 ശതമാനത്തിലേറെയാവില്ലെന്ന കണക്കുകൂട്ടല്‍ ഇതിനകം തന്നെ അസ്ഥാനത്തായിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന ഔദ്യോഗിക കണക്കനുസരിച്ച് ഈ നിരക്ക് ധനകാര്യ വര്‍ഷാവസാനത്തോടെ ഏഴ് ശതമാനം വരെ ഉയര്‍ന്നേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. 2019ന് ശേഷം ആര്‍ബിഐ നിജപ്പെടുത്തിയതനുസരിച്ചുള്ള പണപ്പെരുപ്പം ബാങ്കിന്റെ കണക്കുകൂട്ടലായ നാല് ശതമാനത്തില്‍ അപൂര്‍വമായി മാത്രമാണ് ഒതുങ്ങിനിന്നിട്ടുള്ളത്. 2019 സെപ്റ്റംബറില്‍ മാത്രം ഈ നിരക്ക് 3.99 ശതമാനത്തില്‍ എത്തിയിരുന്നു. ഈ പ്രതിഭാസം സാധാരണ ജനതയ്ക്കുമേല്‍ ഉളവാക്കുന്ന ജീവിത ദുരന്തങ്ങള്‍ അവരില്‍ ബഹുഭൂരിഭാഗം പേരുടെയും ഉപഭോഗ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനങ്ങളുടെ സമ്പാദ്യത്തോതിനെയും നിക്ഷേപ സാധ്യതകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഏതുവിധേനയും പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തിലേറെയാകാതെ നോക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്. ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കാതെ സാമ്പത്തിക വികസനത്തിനാവശ്യമായ മൂലധന നിക്ഷേപ സാധ്യതകള്‍ ഉറപ്പാക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നത്തിലൂടെ പോലും കഴിയുമോ എന്ന് സംശയമാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം സമീപകാലത്ത് ഫെഡറല്‍ നിരക്കില്‍ എന്തെങ്കിലും കുറവുണ്ടാകുമോ എന്നതാണ്. ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം 2020നുശേഷം 23 നവംബറിലാണ് ആദ്യമായി യുഎസില്‍ പണപ്പെരുപ്പനിരക്ക് അതുവരെ നിലവിലിരുന്ന മൂന്നു ശതമാനത്തില്‍ നിന്ന് 2.6 ശതമാനത്തിലേക്ക് താണത്. ഇതിനര്‍ത്ഥം ഏറെത്താമസിയാതെ നിരക്ക് നിശ്ചിത രണ്ട് ശതമാനത്തിലേക്ക് എത്തിയേക്കാം എന്നാണ്.

അങ്ങനെയെങ്കില്‍, മൂന്നു ഘട്ടങ്ങളിലായി 1.75 ശതമാനം പലിശയില്‍ കുറവുണ്ടാകാന്‍ സാധ്യതയുമുണ്ട്. ഇതിനിടെ ആഗോള സാഹചര്യങ്ങളില്‍ ഗൗരവതരമായ സാമ്പത്തിക മാനങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല എന്നതും പ്രധാനമാണ്. ആര്‍ബിഐയെ സംബന്ധിച്ചാണെങ്കില്‍ ഫെഡറല്‍ റേറ്റ് കുറയ്ക്കുന്ന നടപടിയോട് കരുതലോടെ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ. തുടക്കത്തില്‍ ഏറെക്കുറെ നിഷ്പക്ഷ നിലപാടെടുക്കുക, വിപണിയിലെ സ്ഥിതിഗതികള്‍ സശ്രദ്ധം വിലയിരുത്തിയതിനുശേഷം മാത്രം പണനയ സമിതിയുടെ കൂടി പരിഗണനയ്ക്കു ശേഷം പ്രതികരിക്കുക. ഫെഡറല്‍ നിരക്ക് തുടര്‍ന്നും കുറയ്ക്കുകയാണെങ്കില്‍ ഈ പ്രക്രിയ അതേപടി ആവര്‍ത്തിക്കേണ്ടിവരികയും ചെയ്യും. ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വീണ്ടും താഴ്ത്തപ്പെടുമോ ഇല്ലയോ എന്നതിനോടൊപ്പം ആര്‍ബിഐ തീരുമാനം ആശ്രയിച്ചിരിക്കുക പണപ്പെരുപ്പത്തിന്റെ സഞ്ചാരപഥത്തെയും യഥാര്‍ത്ഥ പലിശ നിരക്കിന്റെ സ്വഭാവത്തെയും ആയിരിക്കും. ഏറ്റവുമൊടുവിലത്തെ നിരക്ക് ഉയര്‍ത്തല്‍ 2023 ഫെബ്രുവരിയിലാണ് നടന്നത്, കാല്‍ശതമാനം. ഇത് 2022 മേയ് മാസത്തില്‍ ഉയര്‍ത്തലിന് തുടക്കമിട്ടതിനുശേഷം നടന്ന ഏറ്റവും താണ നിരക്കുമായിരുന്നു. ഏതായാലും ഇത്തരം മാറ്റങ്ങള്‍ വഴിയാണ് നാല് ശതമാനം പലിശനിരക്ക് നിലവിലുള്ള 6.5 ശതമാനത്തിലെത്തിനില്‍ക്കുന്നത്. ഇതിനുമുമ്പ് 2019 ഫെബ്രുവരിയിലാണ് ചില്ലറ പണപ്പെരുപ്പ നിരക്ക് 2.57 ശതമാനത്തിലെത്തിയപ്പോള്‍ പലിശനിരക്ക് 6.5 ശതമാനമാക്കിയതെന്നതും ഓര്‍ക്കേണ്ടതാണ്.


ഇതുകൂടി വായിക്കൂ:സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്ന ബജറ്റ്


പലിശ നിരക്കില്‍ ഉടനടി കുറവുണ്ടാകുമോ ഇല്ലയോ എന്ന് അറിയാനുള്ള മാര്‍ഗം യഥാര്‍ത്ഥ നിരക്കിന്റെ സ്വഭാവമെന്തെന്ന് പരിശോധിക്കുകയാണ്. പണപ്പെരുപ്പമേല്പിക്കുന്ന ആഘാതമായിരിക്കും ഇതില്‍ നിര്‍ണായകം. വരുമാനത്തിന്റെ ഏതളവില്‍ സമ്പാദിക്കാനാകും എന്നത് ആശ്രയിച്ചിരിക്കുക വില വര്‍ധനവിനെ ആയിരിക്കും. കടം കൊടുക്കുന്നവനെ സ്വാധീനിക്കുന്നതും ഇതേഘടകം തന്നെ ആയിരിക്കും. ഇതെത്രയായിരിക്കുമെന്ന് കൃത്യമായി തിട്ടപ്പെടുത്താനും സാധ്യമാവില്ല. വിപണിശക്തികളായിരിക്കും ഇത്തരം കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യുക. ഒരു പരിധിവരെയെങ്കിലും കേന്ദ്രബാങ്കായ ആര്‍ബിഐക്ക് റിപ്പോ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വിപണിയില്‍ ഇടപെടാനാകും. ഈ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് പണം വായ്പയായി അനുവദിക്കുക. മാത്രമല്ല, ഈ നിരക്കിന്റെ നിലവാരം പണപ്പെരുപ്പം കണക്കിലെടുത്തതിനുശേഷമായിരിക്കും തീരുമാനിക്കപ്പെടുക. റിപ്പോ നിരക്ക് 6.50 ശതമാനമാണെങ്കില്‍ ആര്‍ബിഐയുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള ചില്ലറ പണപ്പെരുപ്പം 5.4 ശതമാനമായിരിക്കും. അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ പലിശനിരക്ക് 1.25 ശതമാനം മുതല്‍ 1.05 ശതമാനം വരെയുമായിരിക്കും. ഈ ഘട്ടത്തില്‍ വേണമെങ്കില്‍ പലിശനിരക്ക് ആറ് ശതമാനമാക്കി കുറയ്ക്കാവുന്നതുമാണ്. എന്നാല്‍, ഇവിടെയും ഒരു വ്യവസ്ഥയുണ്ടായിരിക്കും. പിന്നിട്ട ഏതാനും മാസങ്ങള്‍ക്കിടയില്‍ പണപ്പെരുപ്പനിരക്ക് ഏറെക്കുറെ 4.5 മുതല്‍ 4.75 ശതമാനം വരെയായി നിലനിന്നിരുന്നുവെന്ന് ഉറപ്പാക്കണം എന്നതാണിത്. ഇതെല്ലാം കൃത്യമായി തിട്ടപ്പെടുത്തുക ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കഴിയുമോ എന്നതും സംശയമാണ്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ 2024ല്‍ മാന്ദ്യത്തിന്റെ ഭീഷണിയില്‍ നിന്നും ഒഴിയാനാണ് സാധ്യത തെളിയുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയെ കൊണ്ടെത്തിച്ചത് ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പത്തിനെതിരായി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തന്നെയായിരുന്നു. ഇതേലക്ഷ്യത്തിന്റെ തന്നെ ഭാഗമായി ഇന്ത്യ നടത്തിയ പോരാട്ടത്തിന്റേത് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥയാണ്.

ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പ്രതീക്ഷ 2024ല്‍ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം ജിഡിപി വളര്‍ച്ചാനിരക്കും 2025ലെ ആദ്യപാദത്തിലേത് 6.7 ശതമാനവും ആയിരിക്കുമെന്നാണ്. സാര്‍വദേശീയ നാണയനിധി (ഐഎംഎഫ്) റിപ്പോര്‍ട്ടില്‍ നല്‍കുന്ന സൂചന ഇന്ത്യ വരുന്ന വര്‍ഷം ആഗോളതലത്തില്‍ തന്നെ ഒരു “സ്റ്റാര്‍ പെര്‍ഫോര്‍മര്‍” തന്നെ ആയിരിക്കുമെന്നും ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സംഭാവന 16 ശതമാനം വരെ ആകാമെന്നുമാണ്. ലോക ബാങ്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. അതിശക്തവും സ്ഥിരതയാര്‍ന്നതുമായ ആഭ്യന്തര ഡിമാന്‍ഡിനോടൊപ്പം ആന്തരഘടനാ വികസന മേഖലയിലെ വന്‍തോതിലുള്ള പൊതു നിക്ഷേപ വര്‍ധനവും ധനകാര്യ മേഖലയെ ശക്തമാക്കുന്നതില്‍ വിലമതിക്കാനാവാത്ത സംഭാവനയും ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് നാണയ നിധിയോടൊപ്പം ലോക ബാങ്കും അവകാശപ്പെടുന്നു. ഇതെല്ലാം തന്നെ മാക്രോതലത്തിലെ പ്രതീക്ഷകളുടെ ചിത്രമാണ് നമുക്ക് നല്‍കുന്നത്. ഇതിന്റെ സൂക്ഷ്മതലചിത്രമെന്തെന്ന് പരിശോധന നടത്താവുന്നതാണ്. ബാങ്കുകള്‍ സ്വന്തം നിലയില്‍ നിക്ഷേപസമാഹരണത്തിന് പ്രത്യേകം പരിശ്രമിക്കണം. കാരണം സമ്പാദ്യം നടത്തുന്നവര്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ തേടിപ്പോകാനിടയുണ്ട്. ഇത് പണത്തിന്റെ അധിക ഒരുക്കിനും പണപ്പെരുപ്പത്തിനും ഇടയാക്കും. ഈ പ്രവണത നിയന്ത്രിക്കാതിരുന്നാല്‍ സമ്പാദ്യത്തിന് അധിക പലിശ നല്‍കിയാല്‍ പോലും നിക്ഷേപ വര്‍ധന ഉണ്ടാകണമെന്നില്ല. ബാങ്കുകള്‍ക്ക് അധിക വായ്പയിലൂടെ വരുമാന വര്‍ധനവും സാധ്യമല്ലാതെ വരും. കറന്റ്, സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ വര്‍ധനവിനും സാധ്യത കുറവാണ്. സ്വാഭാവികമായും ബാങ്കുകളുടെ വായ്പാ ശേഷിയില്‍ ഇടിവുണ്ടാകും.


ഇതുകൂടി വായിക്കൂ:ധനകാര്യ ഫെഡറലിസം മിഥ്യയോ?


വായ്പാ വര്‍ധനവ് വഴി സാമ്പത്തിക വികസനം നേടുക എന്ന ലക്ഷ്യം അവതാളത്തിലാകും. മാത്രമല്ല, ഒരു പരിധിവരെ നിക്ഷേപ വര്‍ധനവിന്റെ അപര്യാപ്തതയെ തുടര്‍ന്ന് വായ്പാ ഇടപാടുകള്‍‍ വെട്ടിക്കുറയ്ക്കാനും ബാങ്കുകള്‍‍ നിര്‍ബന്ധിതമാകും. ആധുനിക കാലഘട്ടത്തില്‍ ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ ഏറ്റവും നല്ലകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഴിഞ്ഞ ഒരു ദശകക്കാലയളവിലെ ത്വരിതഗതിയിലുള്ള വികസനം അപകടത്തിലാകുമെന്നതില്‍ സംശയമില്ല. ഈ ദുഃസ്ഥിതി എത്രനാള്‍ തുടരുമെന്നതിലും ഉറപ്പില്ല. വ്യക്തിഗത വികസന വായ്പാ ഇടപാടുകളില്‍ തിരിച്ചടികളും പാളിച്ചകളും ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെയും അതത്ര അപകടഘട്ടത്തിലേക്ക് ബാങ്കിങ് മേഖലയെ ഇതുവരെയായി കൊണ്ടെത്തിച്ചിട്ടില്ല. അതേ അവസരത്തില്‍ ഏതാനും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അപകടത്തിലായിട്ടുമുണ്ട്. മാത്രമല്ല, ഡിജിറ്റല്‍ തട്ടിപ്പുകളും വര്‍ധിച്ചുവരുന്നുണ്ട്. “ലോണ്‍ ആപ്പുകള്‍” നടത്തുന്ന വ്യാപകമായ തിരിമറികളും ആര്‍ബിഐയുടെ നിരീക്ഷണത്തിലാണ്. ഇതെല്ലാം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ബാങ്കിങ് മേഖലയുടെ ഭരണനിര്‍വഹണവും ആര്‍ബിഐയുടെ മേല്‍നോട്ടവും വന്‍തോതില്‍ മെച്ചപ്പെടുത്താതെ വഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.