23 November 2024, Saturday
KSFE Galaxy Chits Banner 2

ദാരിദ്ര്യം കുറഞ്ഞുവെന്ന നിതി ആയോഗ് അവകാശവാദം അടിസ്ഥാനരഹിതം ; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൊള്ളയായ കണക്കുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2024 8:07 pm
രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവെന്ന നിതി ആയോഗ് അവകാശവാദം പൊള്ളയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ (എച്ച്സിഇഎസ്) സര്‍വേയിലാണ് രാജ്യത്തെ ദാരിദ്ര്യം കുറഞ്ഞുവെന്ന് നിതി ആയോഗ് അവകാശപ്പെട്ടത്. എന്നാല്‍ 2011–12മായി താരതമ്യം ചെയ്യുമ്പോള്‍ 2022–23ല്‍ ദാരിദ്ര്യത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചതായി ഇതേക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതിലും ദുരൂഹതയുണ്ട്. 27 പേജ് വരുന്ന ഫാക്ട്ഷിറ്റ് റിപ്പോര്‍ട്ടില്‍ ദാരിദ്ര്യം അഞ്ച് ശതമാനം കുറഞ്ഞുവെന്ന് നിതി ആയോഗ് അവകാശപ്പെടുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ദാരിദ്ര്യത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു വിവരവും ഉള്‍പ്പെടുത്തിയിട്ടില്ല.
മുന്‍വര്‍ഷങ്ങളിലെ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ (സിഇഎസ്)ഫലവും നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്ഒ) ഫലവും ദാരിദ്ര്യം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം സംബന്ധിച്ച കണക്കുകള്‍ നിതി ആയോഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ന്നുവെന്ന് അവകാശപ്പെടുന്ന നിതി ആയോഗ്, യഥാര്‍ത്ഥ വേതനം വര്‍ഷങ്ങളായി സ്തംഭിച്ച അവസ്ഥയില്‍ നില്‍ക്കുന്ന കാര്യം പരാമര്‍ശിക്കുന്നില്ല. രാജ്യം നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ സ്ഥായിയായി തുടരുന്ന വേളയിലാണ് ദാരിദ്ര്യം കുറഞ്ഞുവെന്ന് നിതി ആയോഗ് പറയുന്നത്.
കര്‍ഷകത്തൊഴിലാളികള്‍ കര്‍ഷകരെക്കാള്‍ ഏറെയുള്ള രാജ്യത്ത് ഇവരാണ് രണ്ടാംഘട്ടത്തില്‍ വരുന്നത്. നാലുചക്ര വാഹനം ഉള്ളവരെയും സമ്പന്ന വര്‍ഗത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് എട്ട് ശതമാനം പേര്‍ക്കാണ് സ്വന്തമായി നാലുചക്ര വാഹനം ഉള്ളതെന്ന കണക്ക് മറച്ചുവച്ചതായും ഗവേഷകര്‍ വിലയിരുത്തുന്നു. ജനങ്ങളുടെ ഭക്ഷ്യധാന്യ ഉപഭോഗം (കണ്‍സ്യുമര്‍ പ്രൈസ് ഇന്‍ഡക്സ്) അടിസ്ഥാനമാക്കിയുള്ള പഠനമല്ല നിതി ആയോഗ് നടത്തിയത്.
നഗരങ്ങളില്‍ ഭക്ഷ്യധാന്യ വിലപ്പെരുപ്പം 46.38 ശതമാനത്തിലും ഗ്രാമങ്ങളില്‍ 39.17 ശതമാനത്തിലും തുടരുന്ന അവസരത്തില്‍ ദാരിദ്ര്യം അഞ്ച് ശതമാനം കുറഞ്ഞുവെന്ന അവകാശവാദം ഊതിപ്പെരുപ്പിച്ച കണക്കുകളുടെ കസര്‍ത്ത് മാത്രമാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ലണ്ടന്‍ ബാത്ത് സര്‍വകലാശാല വിസിറ്റിങ് പ്രൊഫസര്‍ സന്തോഷ് മല്‍ഹോത്രയും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിലെ ശാസ്ത്രജ്ഞന്‍ രാകേഷ് രഞ്ജന്‍ കുമാറും പറഞ്ഞു.
Eng­lish Sum­ma­ry: Niti Aayo­g’s claim of Pover­ty lev­el sig­nif­i­cant­ly down is baseless
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.