9 May 2024, Thursday

Related news

May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

ഫ്രീഡം ഹൗസ് 2023 റിപ്പോര്‍ട്ട്; ഇന്ത്യയില്‍ ഭാഗിക സ്വാതന്ത്ര്യം

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2024 10:43 pm

മോഡി ഭരണത്തില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും വെല്ലുവിളിയില്‍. യുഎസ് സന്നദ്ധ സംഘടനയായ ഫ്രീഡം ഹൗസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ഇന്ത്യ ഭാഗികസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

2023ൽ തുടർച്ചയായ 18-ാം വർഷവും ആഗോള സ്വാതന്ത്ര്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയടക്കം 52 രാജ്യങ്ങളിൽ രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും കുറഞ്ഞു. അതേസമയം മാലദ്വീപും നേപ്പാളും ഉള്‍പ്പെടെ 21 രാജ്യങ്ങൾ സ്വാതന്ത്ര്യ സ്കോര്‍ നില മെച്ചപ്പെടുത്തി. രാഷ്ട്രീയപരമായ അവകാശങ്ങള്‍, പൗരാവകാശങ്ങള്‍ എന്നിവയെ വിലയിരുത്തിയാണ് സ്കോര്‍ നിശ്ചയിക്കുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഇന്ത്യ ഭാഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്നത്. സ്വാതന്ത്ര്യ സൂചികയില്‍ 2013 നെ അപേക്ഷിച്ച് 11 പോയിന്റ് കുറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വിവേചന നയങ്ങളും രാജ്യത്തെ മുസ്ലിം ജനതയ്ക്കെതിരെയുള്ള ആക്രമണങ്ങളിലുണ്ടായ വര്‍ധനവുമാണ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നോട്ടടിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

തെരഞ്ഞെടുപ്പിലെ അക്രമങ്ങളും കൃത്രിമത്വവും ആഗോള തലത്തില്‍ അവകാശ‑സ്വാതന്ത്ര്യ അപചയത്തിന് കാരണമായി മാറുന്നുണ്ട്. വര്‍ധിച്ചുവരുന്ന സായുധ സംഘര്‍ഷങ്ങളും സ്വേച്ഛാധിപത്യ ഭരണവും ലോകസുരക്ഷയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയായി മാറുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയുടെ സ്വാതന്ത്ര്യ സ്കോർ ക്രമാനുഗതമായി കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളോ മതങ്ങളോ വംശീയ സ്വത്വങ്ങളോ ഉള്ള ആളുകള്‍ക്ക് മേലുള്ള അടിച്ചമർത്തലും അക്രമവും ഇന്ത്യയില്‍ വ്യാപകമായി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായി. എന്‍ജിഒകള്‍ക്കും മാധ്യമ പ്രവര്‍ത്തര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. മുസ്ലിങ്ങളും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരും സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ടവരായി തുടരുന്നു. ഇന്ത്യയിലുണ്ടാകുന്ന അടിച്ചമർത്തൽ സംഭവങ്ങള്‍ ഹിന്ദു ദേശീയതയുടെ ഉയർച്ചയുമായി ബന്ധപ്പെടുന്നതാണ്. മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുള്ള വിവേചനപരമായ നയങ്ങൾ മോഡി സർക്കാർ നടപ്പാക്കുന്നതായും ആരാധനാലയങ്ങളടക്കം ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മണിപ്പൂരിലും കശ്മീരിലും അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നതിൽ പങ്കാളികളായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദശകത്തിൽ ആഗോളതലത്തിൽ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ തകർച്ചയാണ് ജമ്മു കാശ്മീരിലേത്. 2019ല്‍ സ്വതന്ത്രമല്ലാത്ത മേഖലകളുടെ പട്ടികയില്‍ കശ്മീരിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നിജ്ജര്‍ കൊലപാതകവും ഇന്ത്യക്കെതിരായ കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണവും ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. മോഡി സർക്കാരും നിജ്ജര്‍ കൊലപാതകവും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചാൽ സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Free­dom House 2023 Report; Par­tial inde­pen­dence in India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.