18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 14, 2024
November 29, 2024
November 19, 2024
October 29, 2024
October 11, 2024
October 8, 2024
September 29, 2024
September 24, 2024
September 13, 2024

കെഎസ്ഇബിക്ക് ഇനി പരീക്ഷണകാലം; വൈദ്യുത ഉപയോഗം സർവകാല റെക്കോർഡിൽ

എവിൻ പോൾ
കൊച്ചി
March 2, 2024 9:19 pm

കെഎസ്ഇബിക്കും ഇനി പരീക്ഷണകാലം. കടുത്ത വേനൽ ചൂടിനൊപ്പം പരീക്ഷാകാലം കൂടി ആരംഭിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതോപഭോഗം റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപഭോഗം ഈ വർഷത്തെ റെക്കോർഡിലെത്തി. 96.0463 ദശലക്ഷം യൂണിറ്റായിരുന്നു ഇന്ന് സംസ്ഥാനത്തെ ആകെ വൈദ്യുതോപഭോഗം. പുറമെ നിന്ന് 74.2199 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചപ്പോൾ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോല്പാദനം 21.8237 ദശലക്ഷം യൂണിറ്റായിരുന്നു. വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം കുറിച്ചത്. നാളെ മുതൽ എസ്എസ്എൽസി പരീക്ഷകളും ആരംഭിക്കും. ഇതോടെ ഈ മാസം തന്നെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം റെക്കോർഡ് കുറിക്കാനാണ് സാധ്യത. സംസ്ഥാനത്ത് 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 102.9985 ദശലക്ഷം യൂണിറ്റിന്റെ പ്രതിദിന ഉപഭോഗമാണ് സർവകാല റെക്കോർഡ്. 

ഫെബ്രുവരി ആദ്യ വാരം മുതൽക്കെ തന്നെ വേനലിന് സമാനമായ സാഹചര്യമായിരുന്നു സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സാധാരണ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതോടെ പകൽ, രാത്രി സമയങ്ങളിൽ വ്യത്യാസമില്ലാതെ ഫാൻ, എസി, ഫ്രിഡ്ജ്, കൂളർ തുടങ്ങിയ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നത്ത് പകൽ 41.8 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുകയും വൈദ്യുതോപഭോഗം വർധിക്കുകയും ചെയ്യുമെന്നതിനാൽ കെഎസ്ഇബിക്ക് വലിയ പരീക്ഷണമാണ് നേരിടേണ്ടി വരിക. 

സംസ്ഥാനത്ത് വൈദ്യുതോല്പാദനമുള്ള ജലാശയങ്ങളിൽ ആകെ 2301.527 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് അവശേഷിക്കുന്നത്. അതെസമയം പരീക്ഷാകാലം കൂടി കണക്കിലെടുത്ത് മാർച്ച് മാസത്തിൽ ആവശ്യമായ വൈദ്യുതി സംസ്ഥാനത്തിന് പുറമെ നിന്ന് കരാർപ്രകാരം ലഭിക്കുമെന്ന് കെഎസ്ഇബി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു. ഉപഭോഗം വർധിച്ചാൽ കൂടുതൽ വൈദ്യുതി പുറമെ നിന്ന് എത്തിക്കേണ്ടതായി വരും. ഈ മാസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലെങ്കിലും വേനൽ മഴ കനി‍ഞ്ഞില്ലെങ്കിൽ ഏപ്രിൽ മാസം പ്രതിസന്ധി ഉണ്ടായേക്കും. ഊർജ്ജ സംരക്ഷണത്തിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും പണം ലാഭിക്കാനും വൈദ്യുത ബോർഡ് ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മികച്ച ഊർജ്ജ ക്ഷമതയുള്ള സ്റ്റാർ റേറ്റഡ് ഉപകരണങ്ങൾ ഉപയോഗിക്കുക, ലൈറ്റ്, ഫാൻ, മറ്റ് ഉപകരണങ്ങളും അനാവശ്യമായി ഉപയോഗിച്ച് വൈദ്യുതി പാഴാക്കാതിരിക്കുക, പീക്ക് സമയങ്ങളിൽ(വൈകീട്ട് 6–10 വരെ)പമ്പുകൾ, വാഷിങ്മെഷീനുകൾ, തേപ്പ് പെട്ടി, വാട്ടർ ഹീറ്റർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക, ത്രീഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. 

Eng­lish Summary:KSEB now has a tri­al peri­od; Elec­tric­i­ty use at all-time record
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.