4 January 2025, Saturday
KSFE Galaxy Chits Banner 2

മണ്ടോടി കണ്ണന്‍ ഒഞ്ചിയത്തിന്റെ ഇതിഹാസം

ഇന്ന് 75-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം
അനില്‍കുമാര്‍ ഒഞ്ചിയം
March 4, 2024 4:12 am

ഒഞ്ചിയത്തിന്റെ ആവേശവും ഇതിഹാസവുമാണ് മണ്ടോടി കണ്ണന്‍. ധീരതയുടെയും ത്യാഗത്തിന്റെയും പരമോന്നതമായ മാതൃകയെന്തെന്ന് ആ ധീരയോദ്ധാവ് നാടിന് കാണിച്ചു കൊടുത്തു. വിദ്യാര്‍ത്ഥിയായിരിക്കെ ദേശീയ പ്രക്ഷോഭങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട കണ്ണന്‍ പെട്ടന്നുതന്നെ കമ്മ്യൂണിസ്റ്റായി. ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിത്തുപാകിയത് കണ്ണനാണ്. 1939ല്‍ ഒഞ്ചിയം വില്ലേജിലെ കുന്നുമ്മക്കരയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെല്‍ രൂപം കൊണ്ടത്. അതിനു മുന്‍കയ്യെടുത്തതും നേതൃത്വം നല്‍കിയതും മണ്ടോടി കണ്ണനായിരുന്നു. അധര്‍മ്മത്തിനും അനീതിക്കും എതിരായി കണ്ണനിലെ വിപ്ലവകാരി സ്വയം ഉണരുകയായിരുന്നു. പഠിത്തത്തില്‍ മിടുക്കനായിരുന്ന കണ്ണന്‍ എട്ടാം ക്ലാസ് വിജയിച്ചശേഷം നെല്ലാച്ചേരി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. കമ്മ്യൂണിസ്റ്റായ കണ്ണനെ അധ്യാപകനായി നിയമിക്കാന്‍ സ്‌കൂള്‍ മാനേജര്‍ ആദ്യം തയ്യാറായില്ല. ജനങ്ങള്‍ കണ്ണന്റെ ഭാഗത്തായിരുന്നു. കണ്ണനെ അധ്യാപക ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുകാര്‍ ഗൂഢാലോചന നടത്തി. സ്‌കൂളിലെ ഒരു പെണ്‍കുട്ടിയുടെ സ്വര്‍ണമാല മോഷണം പോയെന്നും അത് കണ്ണന്‍ മോഷ്ടിച്ചതാണെന്നും കോണ്‍ഗ്രസുകാര്‍ മുദ്രകുത്തി. അധ്യാപക ജോലിയില്‍ തുടരാന്‍ പിന്നെ കണ്ണന്‍ തയ്യാറായില്ല. അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിത്തിരിച്ചു.
ജന്മിത്വത്തിനും അസമത്വത്തിനുമെതിരെ അങ്കം കുറിച്ച കണ്ണന്‍ ചെങ്കൊടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1944ല്‍ കണ്ണൂക്കരയില്‍ നടന്ന ജാപ്പ് വിരുദ്ധമേള മണ്ടോടി കണ്ണന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ തിളക്കമാര്‍ന്ന അധ്യായമാണ്. ഒഞ്ചിയം വെടിവെയ്പിനെ തുടര്‍ന്ന് പൊലീസ് ചാര്‍ജ് ചെയ്ത കള്ളക്കേസില്‍ കണ്ണനും പ്രതിയായിരുന്നു. കണ്ണനെ പിടികൂടാന്‍ കോണ്‍ഗ്രസ് ദേശരക്ഷാസേനയെന്ന ചെറുപയര്‍ പട്ടാളം ഒഞ്ചിയത്ത് ആകെ പരതി നടന്നു. പക്ഷേ കണ്ണനെ മാത്രം പിടികിട്ടിയില്ല. സാധാരണ ജനങ്ങള്‍ക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. നാട്ടുകാരെ മര്‍ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസിന് പിടികൊടുക്കുന്നതാണ് നല്ലതെന്ന് കണ്ണന്‍ തീരുമാനിച്ചു. 1948 മേയ് 15 ഒഞ്ചിയത്ത് ജനങ്ങള്‍ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു. മണ്ടോടി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത ദിനമായിരുന്നു അത്. ചെറുപയര്‍ പട്ടാളം വീട്ടില്‍ വന്നപ്പോള്‍ ഒളിവില്‍ കഴിയുകയായിരുന്ന കണ്ണന്‍ സ്വമേധയാ അവരുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കണ്ണനെ കിട്ടിയപ്പോള്‍ ചെറുപയര്‍ പട്ടാളം ആര്‍പ്പുവിളികളോടെ കണ്ണനെ വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ധീരനായ കണ്ണന്റെ എന്നെന്നേക്കുമായുള്ള യാത്രയാണ് അതെന്ന് ഒഞ്ചിയത്തെ നിഷ്‌കളങ്കരായ ജനങ്ങള്‍ കരുതിയിരുന്നില്ല.

 


ഇതുകൂടി വായിക്കൂ: മായക്കണ്ണാടിയിലെ കാഴ്ചകള്‍ മറയുമ്പോള്‍


1948 മേയ് 15, 16, 17 തീയതികള്‍ കണ്ണന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഇച്ഛാശക്തി ക്രൂരമായി പരീക്ഷിക്കപ്പെട്ട നാളുകളായിരുന്നു. കണ്ണനെ വടകര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ കാക്കിക്കാര്‍ തല്ലിച്ചതച്ചു. ഭീകരമായ മര്‍ദനം. ലോക്കപ്പുമുറിയില്‍ ബിരിയാണി എന്ന കോണ്‍സ്റ്റബിള്‍ കണ്ണനെ നോക്കി അലറി. “വിളിയെടാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂര്‍ദാബാദ്, നെഹ്രു സർക്കാരിന് സിന്ദാബാദ് വിളിയെടാ … ” പക്ഷേ നരാധമന്റെ ആക്രോശങ്ങള്‍ ധീരനായ കണ്ണന്‍ പാടെ അവഗണിച്ചു. മര്‍ദനമുറകള്‍ സകലതും കണ്ണന്റെ ദേഹത്ത് പരീക്ഷിച്ചു നോക്കി. മര്‍ദനം അതിന്റെ സകല സീമകളും ലംഘിച്ചു. കണ്ണന്റെ ചുടുചോര ലോക്കപ്പ് മുറിയില്‍ തളംകെട്ടി. അപ്പോഴും തടവറയെ നടുക്കുംവിധം കണ്ണന്‍ ഉറക്കെ വിളിച്ചു. ‘ഇന്‍ക്വിലാബ് സിന്ദാബാദ്. . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്… ’ കാക്കിപ്പട സ്തംഭിച്ചു. മര്‍ദനമേറ്റ് ജീവച്ഛവമായി മാറിയ കണ്ണന്‍ തറയില്‍ കൈകുത്തി മെല്ലെ എഴുന്നേറ്റു. മുറിയില്‍ തളംകെട്ടിയ തന്റെ ചുടുചോരയില്‍ കൈമുക്കി ധീരനായ കണ്ണന്‍ ലോക്കപ്പ് മുറിയുടെ ഭിത്തിയില്‍ മാനവ മോചനത്തിന്റെ ചിഹ്നമായ അരിവാളും ചുറ്റികയും വരച്ചുവച്ചു. വടകര പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മുറിയിലെ മൂന്നുദിവസം നീണ്ട മര്‍ദനത്തിനുശേഷം വിചാരണത്തടവുകാരനായ കണ്ണനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇതിനിടയില്‍ കണ്ണന്റെ മൂന്ന് വയസായ ഏക മകള്‍ രോഗം വന്നു മരിച്ചു. പൊന്നുമോളുടെ മൃതശരീരം കാണാന്‍ പോലും കണ്ണന് കഴിഞ്ഞില്ല. കണ്ണൂര്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണനെ ജാമ്യത്തിലിറക്കി വടകര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. പക്ഷേ കണ്ണനെ രക്ഷിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. 1949 മാര്‍ച്ച് നാലിന് ഒഞ്ചിയത്തിന്റെ പ്രിയങ്കരനായ മണ്ടോടി കണ്ണന്‍ 31-ാമത്തെ വയസില്‍ എന്നെന്നേക്കുമായി കണ്ണടച്ചു. ഒഞ്ചിയത്തിന്റെ മണ്ണില്‍ ചോരകൊണ്ട് ഇതിഹാസം എഴുതിയ ധീരനായ കണ്ണന്‍ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.