4 January 2025, Saturday
KSFE Galaxy Chits Banner 2

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം

ഇന്ന് ഏജീസ് ഓഫിസ് മാർച്ചും ധർണയും
പി ജി പ്രിയന്‍ കുമാര്‍
March 4, 2024 4:02 am

രാജ്യത്തെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശക്തമായ പൊതുവിതരണ സംവിധാനം അട്ടിമറിക്കുവാനും പൊതുവിതരണ ചുമതല സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുമുള്ള തകൃതിയായ പ്രവർത്തനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് “ഭാരത് അരി“എന്ന പേരിൽ ഭക്ഷ്യധാന്യങ്ങൾ സ്വകാര്യ ഏജൻസികളെ കൊണ്ട് വിതരണം ചെയ്യിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുവിതരണ ശൃംഖല അട്ടിമറിക്കപ്പെടുന്നതിന് മാത്രമല്ല റേഷന്‍ കടകളിലും മറ്റ് പൊതു വിതരണ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന സംസ്ഥാനത്തെ ഏകദേശം 30,000ത്തോളം വരുന്നവരുടെ ഉപജീവനം നഷ്ടമാക്കുകയും കുടുംബങ്ങളുടെ വരുമാനം ഇല്ലാതാക്കുകയും ചെയ്യും.

 


ഇതുകൂടി വായിക്കൂ: ആപത്ത് അരികിലെത്തിയിട്ടുണ്ട്


 

കേന്ദ്ര നയങ്ങളുടെ ഫലമായി റേഷൻ കടകളിലൂടെ വിതരണം ചെയ്തുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ ഭീമമായ കുറവ് വന്നതിനാല്‍ കമ്മിഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന റേഷൻകട ജീവനക്കാരുടെ വരുമാനത്തിൽ ഗണ്യമായ ഇടിവ് വരികയും ഇത് റേഷൻകട ജീവനക്കാരുടെ ജീവിതം ദുഃസഹമാക്കുകയും ചെയ്തു. സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചുകൊണ്ട് നടത്തുന്ന കേന്ദ്രത്തിന്റെ അരിവിതരണം വലിയ താമസമില്ലാതെ സ്വകാര്യ കുത്തകകൾക്ക് കൈമാറുകയും സബ്സിഡി തുക ബാങ്കുകളിലൂടെ ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്യും. കുറച്ചുനാൾ കഴിയുമ്പോൾ ഈ സബ്സിഡി പൂർണമായി നിർത്തലാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14251 ഓളം വരുന്ന റേഷൻ കടകൾക്ക് പകരം സ്വകാര്യ ഏജൻസികളുടെ വില്പന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതോടുകൂടി റേഷൻ കടകൾ പൂട്ടപ്പെടുകയും പതിറ്റാണ്ടുകളായി പൊതുവിതരണ സംവിധാനത്തിന്റെ “താങ്ങും തണലുമായി നിന്ന” മുപ്പതിനായിരത്തോളംവരുന്ന കുടുംബങ്ങളുടെ വരുമാന മാർഗം ഇല്ലാതാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (കെആര്‍ഇ
എഫ്-എഐടിയുസി) ഇന്ന് തിരുവനന്തപുരം ഏജീസ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.