19 April 2024, Friday

ആപത്ത് അരികിലെത്തിയിട്ടുണ്ട്

ദേവിക
വാതിൽപ്പഴുതിലൂടെ
February 26, 2024 4:45 am

നമ്മുടെ ഈ സ്വപ്നഭൂമിയില്‍ ചോരത്തുള്ളികള്‍ വീഴരുത്. ഈ ശാന്തിതീരം കലാപഭൂമിയാകരുത്. കഴിഞ്ഞ കുറേ നാളുകളായി ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ജല്പനങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു, ആശങ്കാകുലരാക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും മാറാടിനു ശേഷം വര്‍ഗീയകലാപങ്ങള്‍ നമുക്കന്യം. രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ പോലെയല്ല വര്‍ഗീയ കലാപങ്ങള്‍ എന്നും നാമറിയാത്തതല്ല. അയോധ്യ, ഗ്യാന്‍വാപി സ്റ്റെെലില്‍ ചില അവകാശവാദങ്ങളുമായി സംഘ്പരിവാരങ്ങള്‍ കളത്തിലിറങ്ങിയിരിക്കുന്നത് കേരളത്തിലായതിനാലാണ് ഇത്തരമൊരു ചിന്തയിലേക്ക് വീണുപോയത്. മുളയിലേ നുള്ളിയില്ലെങ്കില്‍ നമ്മുടെ മലയാളക്കര ഒരു കലാപഭൂമിയായി മാറുമോ എന്ന ആശങ്ക കാണാതെ പോകരുത്. ഏറെനാള്‍ മുമ്പ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര വിശാരദനെന്ന് പറയപ്പെടുന്ന ടി ജി മോഹന്‍ദാസ് ഒരവകാശവാദമുന്നയിച്ചു. പ്രശസ്തവും പുരാതനവുമായ അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ ദേവാലയം പണ്ടൊരു ശിവക്ഷേത്രമായിരുന്നുവെന്ന്. അര്‍ത്തുങ്കല്‍ പള്ളിയിലെ വിദേശ പുരോഹിതനായ വെള്ളയച്ചന്‍ പളളിക്കുള്ളില്‍ ക്രിസ്തുവിനെയോ, വിശുദ്ധ സെബാസ്ത്യാനോസിനെയോ അല്ല ശിവന്റെ വിഗ്രഹത്തെയാണ് ആരാധിച്ചിരുന്നതെന്നും അതിനാല്‍ ഉടനടി പള്ളി ഹിന്ദുക്കള്‍ക്ക് തിരിച്ച് നല്‍കണമെന്നുമായിരുന്നു മോഹന്‍ദാസിന്റെ ആവശ്യം. ഇല്ലെങ്കില്‍ പള്ളി പിടിച്ചെടുക്കുമെന്നാണ് ഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഈ ഭീഷണിയും കലാപാഹ്വാനവും പൊലീസ് കണ്ടില്ലെന്നുണ്ടോ. കൃഷ്ണരാജ് വക്കീലിനെ അറിയില്ലേ, സംഘ്പരിവാറിന്റെ അഭിഭാഷകനായ ഇയാളാണ് സ്വര്‍ണം കള്ളക്കടത്തുകാരി സ്വപ്നാ സുരേഷിന്റെ വക്കീലും സംരക്ഷകനും. അദ്ദേഹത്തിന്റെ വെളിപാടുകളാണ് വിചിത്രം.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നെയ്യാട്ടം പൂജ നടത്താന്‍ ചെന്ന അദ്ദേഹത്തെ ഭഗവാന്‍ അരികില്‍ വിളിച്ച് ചെവിയില്‍ മന്ത്രിച്ചുവത്രെ, തൃശൂരിലെ പ്രസിദ്ധമായ പുത്തന്‍പള്ളിയും സെന്റ് തോമസ് കോളജും ഹോസ്റ്റലും ആര്‍ച്ച്ബിഷപ്പിന്റെ അരമനയും വടക്കുംനാഥന്റെ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന്. വടക്കുംനാഥന്‍ ഇതിന് സ്ഥിരീകരണമായി നല്‍കിയ ചില സര്‍വേ നമ്പരുകളും ഈ അഭിഭാഷക പുംഗവന്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കുംനാഥന്റെ ഈ അരുളപ്പാടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണരാജിന്റെ പോസ്റ്റിനും ഒരു കലാപാഹ്വാന ചുവയുണ്ട്. ‘ഇതെല്ലാം ഹിന്ദുക്കള്‍ പിടിച്ചെടുക്കും, ചെവിയില്‍ നുള്ളിക്കോ എന്ന്.’ ഗുരുവായൂരിലെ പ്രശസ്തമായ പാലയൂര്‍ മുസ്ലിം പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതും ഹിന്ദുക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നു പറഞ്ഞാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പടപ്പുറപ്പാട്. ഇവിടെയും ഒരു ശിവക്ഷേത്രമുണ്ടായിരുന്നുവത്രെ. ശിവഭഗവാന് എങ്ങും കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥ. പ്രസിദ്ധമായ തളി മഹാദേവക്ഷേത്രം തകര്‍ത്താണ് പൊന്നാനി കാഞ്ഞിരംമുക്കിലെ പള്ളി പണിതതെന്ന് അവകാശപ്പെട്ട് സംഘ്പരിവാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുന്നു. തളി മഹാദേവക്ഷേത്രം അല്പമകലെ തലയുയര്‍ത്തി നില്പുണ്ടല്ലോ എന്ന് പറഞ്ഞാല്‍ ക്ഷേത്രഭൂമിയിലാണോ പള്ളിയെന്നാവും വാദം. പള്ളിയോടനുബന്ധിച്ച സ്കൂള്‍ നിര്‍മ്മാണം ഹിന്ദു വര്‍ഗീയവാദികളുടെ കേസിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്നു. ഇതൊരു സൂചനയാണ്. ആദ്യം അവകാശവാദം ഉന്നയിക്കുക, അടുത്തതായി മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ കേസില്‍ക്കുടുക്കി അടച്ചുപൂട്ടിക്കുക. ആപല്‍ക്കരമായ ഈ നീക്കം പൊലീസ് കണ്ടില്ലെന്ന് നടിക്കരുത്. റോഡുവക്കില്‍ ഒന്ന് മൂത്രമൊഴിച്ചുപോയാല്‍ പോലും കലാപാഹ്വാനത്തിന് കേസെടുക്കുന്ന പൊലീസ് യഥാര്‍ത്ഥ കലാപാഹ്വാനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഈ ശാന്തിഭൂമിയില്‍ ചോര കിനിയാനുള്ള അവസ്ഥയുണ്ടാക്കരുത്. കാരണം ഇത് കേരളമാണ്.


ഇതുകൂടി വായിക്കൂ:മോഡി സര്‍ക്കാരിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന വിധി


ആദിത്യനാഥി ന്റെ യുപിയല്ല, മോഡിയുടെ ഗുജറാത്തുമല്ല. പ്രണയ ലോകത്തുനിന്നും എന്തെല്ലാം കഥകള്‍. തെലുങ്കു ചാനലിലെ പ്രമുഖ അവതാരകനാണ് പ്രണവ്. തൃഷ എന്ന പെണ്ണിന് പ്രണവിനോട് കട്ടപ്രേമം. ‘നിന്നെ കരവലയത്തിലൊതുക്കുവാന്‍ ഒന്ന് ചുംബിക്കുവാന്‍ അഭിനിവേശം’ എന്ന പാട്ടുംപാടി തൃഷ എന്ന വ്യവസായിപ്പെണ്ണ് കുറേക്കാലമായി പിന്നാലെ നടക്കുന്നു. ചെക്കനാണെങ്കില്‍ നിസംഗന്‍, നിര്‍മമന്‍! അങ്ങനെയങ്ങ് വിട്ടാല്‍ പറ്റില്ലല്ലോ. ഗുണ്ടാപ്പടയെ വിട്ട് പ്രണവിനെ തൃഷ തട്ടിക്കൊണ്ടുപോയി. പൊലീസാകട്ടെ അറയ്ക്കല്‍ ബീവിക്ക് അരസമ്മതം എന്ന മട്ടിലുള്ള വണ്‍വേ പ്രണയിനിയെ തട്ടി അകത്താക്കി. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിപ്പൂ ഞാന്‍’ എന്നാണല്ലോ ചങ്ങമ്പുഴ പാടിയത്. അടൂരില്‍ നിന്നാണെങ്കില്‍ മറ്റൊരു കഥ. രജീഷിന് പ്രായം 40. കല്യാണാലോചനയും പ്രണയവുമായി നടന്നുനടന്ന് കാലിലെ ചെരിപ്പ് തേഞ്ഞു. അഞ്ചാമത്തെ പുതിയ ചെരിപ്പും തേഞ്ഞു പാതിയായപ്പോള്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി. പ്രണയം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പെണ്ണ് കാലുമാറി. മധ്യവയസ്കന്‍ കാമുകന്‍ നേരെ കയറിപ്പറ്റിയത് ആത്മഹത്യാ ഭീഷണിയുമായി വെെദ്യുതി ടവറിന് മുകളില്‍. പെണ്ണിനെ താഴെയെത്തിച്ചാലേ നിലത്തിറങ്ങൂ എന്ന് കാമുകന്‍. പൊലീസ് നേരെ പോയി പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നു. ‘അണ്ണാ, ഇറങ്ങിവാ, നമുക്ക് കല്യാണം കഴിക്കണ്ടേ’ എന്ന് പൊലീസ് പഠിപ്പിച്ച മട്ടില്‍ പെണ്ണ് മൊഴിഞ്ഞു. യുവാവ് ചാടി താഴെയിറങ്ങുമ്പോഴേക്കും പെണ്ണ് അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ കവി അയ്യപ്പന്‍ പറഞ്ഞത്; ‘ഞാന്‍ പ്രണയിച്ച പെണ്ണിന് പാമ്പിന്റെ സ്വഭാവമായിരുന്നു. മകുടിയൂതുന്നവന്റെ അടുത്തേക്ക് അവള്‍ ഇഴഞ്ഞുപോകും.’ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ. ഭ്രാന്ത് പിടിച്ച ചങ്ങല കാണണമെങ്കില്‍ യുപിയിലേക്ക് ചെല്ലൂ. കഥാപാത്രം യോഗിയുടെ പൊലീസിലെ അഴിമതിവിരുദ്ധ സെല്ലിലെ സാദാ പൊലീസുകാരന്‍. ഒരു പാര്‍ട്ടി നേതാവിനെ കൊന്ന കേസിലെ പ്രതി കറയറ്റ ബിജെപിക്കാരന്‍. അഞ്ച് വര്‍ഷത്തിനിടയിലെ സര്‍വീസിനിടെ സമ്പാദിച്ചത് അഞ്ച് കോടിയുടെ കൊട്ടാരം, നീന്തല്‍ക്കുളം, കോടികള്‍ വിലമതിക്കുന്ന ആഡംബരക്കാറുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, 29 ഐഫോണുകള്‍, ആനന്ദലബ്ധിക്കിനിയെന്ത് വേണം. പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കക്ഷി ഇപ്പോള്‍ ജാമ്യത്തിലാണ്. കാരണം ഏമാന്‍ ബിജെപിയല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.