22 January 2026, Thursday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026

കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിനെ കരുതിയിരിക്കുക: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 11:22 pm

ദളിതരും ആദിവാസികളും സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളും അടക്കം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളൊന്നും പോളിങ്ങ് ബൂത്തിൽ പ്രതിഫലിക്കരുതെന്ന് മാത്രമാണ് ആർഎസ്എസ് — ബിജെപിയുടെ തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫാസിസ്റ്റ് രാഷ്ട്രീയം എന്നും എവിടെയും ലക്ഷ്യ സാധ്യത്തിനായി ആശ്രയിക്കുന്നത് പ്രചാരവേലയെ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിവി തുറന്നാൽ ആകെ മോഡി മയമാണ്. വോട്ടുകൾ പെട്ടിയിലാകുംവരെ ഇനി ഇന്ത്യ കാണാൻ പോകുന്നത് പ്രചാരണ സാമർത്ഥ്യത്തിന്റെ ഇമ്മാതിരി കോലാഹലങ്ങൾ ആയിരിക്കും. അതിനുവേണ്ടി വാരിക്കോരി ചെലവഴിക്കാൻ വേണ്ടതിലേറെ പണം ബിജെപിയുടെ കരുതൽ ശേഖരത്തിൽ ഉണ്ട്. ഇലക്ടറൽ ബോണ്ടിന്റെ സഹായധനം അവർക്ക് വെറും ‘കപ്പലണ്ടി കാശ്’ മാത്രമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

മോഡിയുടെ കീഴിൽ ബിജെപി അത്തരം കൗശലങ്ങളെല്ലാം എന്നേ സ്വായത്തമാക്കിയതാണ്. ഇതിനെല്ലാം അടിത്തറയായി വർത്തിക്കുന്നത് വർഗീയ ധ്രുവീകരണത്തിന്റെ ആശയവും രാഷ്ട്രീയവുമാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കാതെ മുന്നോട്ട് പോകാൻ ആവില്ല. ഈ തിരിച്ചറിവോടെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആണ്ടിറങ്ങുന്നത്. ഇന്ത്യാ സഖ്യത്തിനു വേണ്ടി കൈപൊക്കാൻ അല്ലേ എൽഡിഎഫിന്റെ പോരാട്ടം എന്ന് ചോദിക്കുന്നവരുണ്ട്. ഇടതുപക്ഷം പോരാടുന്നത് ആർഎസ്എസ് — ബിജെപി ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ വിഴുങ്ങാതിരിക്കാൻ വേണ്ടിയാണ്. മതേതര- ജനാധിപത്യ ‑ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടിയാണ്. മതേതര, ജനാധിപത്യ, ഇടതുപക്ഷ ശക്തികൾ കൈകോർക്കുന്ന ഇന്ത്യാ സഖ്യമാണ് നമ്മുടെ സമര വിജയത്തിന്റെ ഗ്യാരന്റി. ആ വിശാല സമര സഖ്യത്തെ കോൺഗ്രസ് എന്ന് ചുരുക്കി വായിക്കുന്നവർ ഇന്ത്യൻ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കാണാൻ കൂട്ടാക്കാത്തവരാണ്. 

സഖ്യത്തിലെ നിരവധി പാർട്ടികളിൽ ഒന്നു മാത്രമാണ് കോൺഗ്രസ്. ആർഎസ്എസ് ‑ബിജെപിക്കു മുമ്പിൽ വെല്ലുവിളിയായി വളരുന്ന ഇന്ത്യാ സഖ്യത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് തീവ്ര വലതു പക്ഷം ഇടതു പക്ഷത്തെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്. അക്കാരണത്താലാണ് പരമാവധി ഇടതുപക്ഷക്കാർ ലോക്‌സഭയിൽ ജയിച്ചു വരണമെന്ന് സിപിഐ, സിപിഐ(എം) അടക്കമുള്ള ഇടതുപക്ഷം വിശ്വസിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ ആരെല്ലാം പതറിയാലും പതറാതെയും തളരാതെയും നില്ക്കാൻ ആർജവമുള്ളത് ഇടതുപക്ഷം മാത്രമാണ്. ഇന്ത്യാ സഖ്യത്തിനു വേണ്ടി കൈ പൊക്കുന്നതും പതറാത്ത ആ ആശയവ്യക്തത കൊണ്ടാണ്. തെരഞ്ഞെടുപ്പിനു ശേഷം അഥവാ ഒരു തൂക്ക് പാർലമെന്റ് വന്നാൽ, അതിൽ ഏറ്റവും വലിയ കക്ഷിയായി ബിജെപി നയിക്കുന്ന എൻഡിഎ മാറിയാൽ എന്തു സംഭവിക്കുമെന്ന് നമുക്ക് സങ്കല്പിക്കാം. ആ രാത്രിതന്നെ എംപിമാർക്ക് വിലപറയാൻ ബിജെപിക്ക് വേണ്ടി അ‍ഡാനിമാർ രംഗത്തിറങ്ങും. അതേ രാത്രിയിൽ എംപിമാരുടെ വീട്ടു വാതിലിൽ ‘ഇഡി‘യും ‘ഐടി‘യും മുട്ടി വിളിക്കും. അത്തരം പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിക്കാൻ കെല്‍പ്പുള്ള എത്ര പേർ കോൺഗ്രസിൽ ഉണ്ട്? അത്താഴ നേരത്ത് കോൺഗ്രസ് ആയിരുന്ന പല വമ്പന്മാരേയും പിറ്റേന്ന് രാജ്യം കണ്ടത് ബിജെപിയുടെ കിടക്കയിലാണ്. ഗോഡ്സേയുടെ പാർട്ടി വിളിച്ചാൽ ഗാന്ധിജിയുടെ പാർട്ടിക്ക് ഈ ഭാവപ്പകർച്ച ഉണ്ടാവാൻ പാടില്ലാത്തതാണ്. പക്ഷേ അതാണ് ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ. അതുകൊണ്ടു തന്നെയാണ് ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയം ഉയർത്തി പിടിക്കാൻ ശക്തമായ ഇടതുപക്ഷ സാന്നിധ്യം പാർലമെന്റിൽ ഉണ്ടാവണമെന്ന് നാം വാദിക്കുന്നത്. 

ഇടതുപക്ഷ വിരോധം മൂലം കണ്ണു കാണാതായ കോൺഗ്രസും ബിജെപിയും തമ്മിൽ കൈകോർത്ത് പിടിക്കുന്നത് കേരളം പലപ്പോഴും കണ്ടിട്ടുള്ളതാണ്. കോലീബി സഖ്യമെന്ന് പേർ വിളിക്കപ്പെട്ട ആ അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തു തരിപ്പണമാക്കിയ പാരമ്പര്യം ഈ നാടിനുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും കർണാടകത്തിലെ കോൺഗ്രസ് ഗവൺമെന്റും പിന്തുണച്ച സമരമായിരുന്നു ഡൽഹിയിൽ എൽഡിഎഫ് നടത്തിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയോടൊപ്പം ചേർന്നു അതിനെ തള്ളി പറയുകയായിരുന്നു. ബിജെപിയുടെ തുണയോടെ എൽഡിഎഫിനെ എതിർക്കാനും ഏതാനും സീറ്റുകൾ കൈക്കലാക്കാനും അവരിപ്പോഴും തന്ത്രങ്ങൾ മെനയുന്നു. അതിനാൽ രണ്ടാണെന്ന് തോന്നുമ്പോഴും ഒന്നായി പ്രവർത്തിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയുമാണ് ചെറുത്ത് തോല്‍പിക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Summary:Beware of Con­gress-BJP alliance: Binoy Viswam
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.