19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 31, 2024
March 23, 2024
March 12, 2024
March 7, 2024
March 6, 2024
February 28, 2024
February 26, 2024
February 7, 2024
February 6, 2024

സായിബാബ മോചിതനാകുമ്പോള്‍…

ജയ്സണ്‍ ജോസഫ്
March 7, 2024 4:45 am

മാവോവാദ രാഷ്ട്രീയപ്രവർത്തകരെന്ന് ആരോപിച്ച് ഭരണകൂടം 10 വർഷം നരകതുല്യമായി തടവിലിട്ടതിനുശേഷം പ്രൊഫ. ജി എൻ സായിബാബയടക്കമുള്ളവരെ മുംബൈ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഉടനടി മോചിപ്പിക്കാനാണ് കോടതി നിർദേശം. പരസഹായമില്ലാതെ ഒരടിപോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത 90ശതമാനം ശാരീരികപരിമിതികളുള്ള സായിബാബയെ ജാമ്യവും പരോളുമെല്ലാം നിഷേധിച്ചായിരുന്നു ഇത്രയും കാലം തുറങ്കിലിട്ടത്. 2014ൽ അറസ്റ്റ് ചെയ്ത ഇവരെ 2017ലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ സെഷൻസ് കോടതി മാവോവാദി ബന്ധം ആരോപിച്ച് ശിക്ഷിച്ചത്. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല വിദ്യാർത്ഥി ഹേം മിശ്ര, മാധ്യമപ്രവർത്തകൻ പ്രശാന്ത് സാംഗ്ലിക്കർ, മഹേഷ് ടിർക്കി, പാണ്ഡു നരോതെ എന്നിവർക്കുള്‍പ്പെടെയാണ് ജീവപര്യന്തം തടവ് വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിർക്കിക്ക് 10 വർഷം തടവും വിചാരണ കോടതി ശിക്ഷ നൽകി. 2013ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജി എൻ സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻഐഎയും അന്വേഷണം ആരംഭിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നിരോധിത സംഘടനയാണെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടിയുടെ തുടക്കം. ആദിവാസി വിഭാഗങ്ങൾക്കെതിരെ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ സായിബാബ പ്രതികരിച്ചിരുന്നു. റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) ജോയിന്റ് സെക്രട്ടറിയായ സായിബാബ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരെയുള്ള മറ്റ് സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ജെഎൻയു, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ മാവോയിസത്തിലേക്ക് സായിബാബയുടെ നേതൃത്വത്തില്‍ റിക്രൂട്ട് ചെയ്യുകയാണെന്നും പൊലീസ് ആരോപിച്ചിരുന്നു. പോളിയോ ബാധിച്ച് ശരീരം തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. എച്ച്1 എൻ1 പനി ബാധിച്ച് 2022 ഓഗസ്റ്റിൽ പാണ്ഡു നരോതെ ജയിലിൽ വച്ച് മരിച്ചു. യാതൊരു വിശ്വസനീയ തെളിവുകളുമില്ലാതെ, 24 സാക്ഷികളിൽ 23 പേരും പൊലീസ് സാക്ഷികളായിരുന്ന ഒരു കേസിലാണ് വിചാരണ കോടതി സായിബാബയുള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. യുഎപിഎയിലെ 45 (1) അനുസരിച്ചുള്ള വിചാരണാ അനുമതി നൽകുന്നതിൽ നടപടിക്രമങ്ങളും സമയക്രമവും പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി 2022 ഒക്ടോബർ 14ന് വിചാരണ നടപടികളുടെ സാധുതയും ശിക്ഷയും റദ്ദാക്കി. എന്നാൽ തൊട്ടുപിറ്റേന്ന്, അവധിദിനമായ ശനിയാഴ്ച സർക്കാരിന്റെ അപ്പീലിൽ അസാധാരണമായ സിറ്റിങ് നടത്തി സുപ്രീം കോടതി ഈ വിധി മരവിപ്പിച്ചു.


ഇതുകൂടി വായിക്കൂ:ജനാധിപത്യത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വിധി


പിന്നീട് 2023 ജൂണിൽ വിചാരണാനുമതിയുടെ സമയക്രമമടക്കം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേസ് വീണ്ടും കേൾക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. തുടർന്നുണ്ടായ നടപടിയിലാണ് ബോംബെ ഹൈക്കോടതി സായിബാബയടക്കമുള്ളവർക്ക് വിടുതൽ നൽകിയത്. നേരത്തെ വിചാരണാനുമതിയുടെ നിയമപ്രകാരമുള്ള സാങ്കേതികപ്രശ്നം മാത്രമാണ് ഹൈക്കോടതി നോക്കിയത് എന്നായിരുന്നു സർക്കാരിന്റെ ആരോപണം. എന്നാൽ ഇത്തവണ അതിനോടൊപ്പം വിചാരണക്കോടതിയുടെ ശിക്ഷാവിധിയെയും സർക്കാരിന്റെ തെളിവുകളെയും വാദങ്ങളെയുമെല്ലാം പരിശോധിക്കുകയും പ്രതികൾക്കെതിരെ ഒരുതരത്തിലുള്ള കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. കെട്ടുകഥകളും നിയമാനുസൃതമായ ചട്ടങ്ങള്‍ മറന്ന അന്വേഷണരീതികളും കള്ളത്തെളിവുകളും കൂട്ടിക്കലർത്തിയായിരുന്നു കുറ്റപത്രം തീര്‍ത്തത്. നീതിപാലനത്തിന്റെ സാമാന്യ തത്വങ്ങളെപ്പോലും കൊഞ്ഞനംകുത്തുന്ന കുറ്റപത്രവും ശിക്ഷാവിധിയുമായിരുന്നു കേസിന്റെ അവസാനഘട്ടത്തിലൊഴികെ നടന്നത്. വെള്ളം കുടിക്കാൻ ഒരു ചെറിയ കുഴലുപോലും കിട്ടാതെയാണ് ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ ഫാ. സ്റ്റാൻ സ്വാമി എന്ന വൃദ്ധപുരോഹിതൻ തടവറയില്‍ കൊല്ലപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി കുറ്റവിമുക്തരാക്കിയവരിൽപ്പെട്ട പാണ്ഡു നരോത തടവിൽ മരിച്ചതും മതിയായ വൈദ്യസഹായം ലഭിക്കാതെയാണ്. വർഷങ്ങളായി വീൽചെയറില്‍ കഴിയുന്ന സായിബാബയെ കേസില്‍ കുടുക്കിയതാണെന്നും വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞതോടെ ആരോഗ്യം കൂടുതല്‍ മോശമായെന്നും കൈകാലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ വസന്തകുമാരി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പോളിയോ പക്ഷാഘാത ബാധിതനായിരുന്ന അദ്ദേഹം വൃക്ക‑സുഷുമ്‌നാ സംബന്ധമായ രോഗങ്ങള്‍ ഉൾപ്പെടെ കഠിനമായ വ്യഥയിലാണെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയും മോചനം അപേക്ഷിച്ചും നിരവധി മനുഷ്യാവകാശ സംഘടനകളും മുന്നിട്ടിറങ്ങിയിരുന്നു.

ഇത്തരത്തിലുള്ള കള്ളക്കേസുകളിലാണ് റോണാ വിത്സനും ഷോമ സെന്നും ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസിലെ പ്രതികളും ഉമർ ഖാലിദ് അടക്കം ഡൽഹി കലാപക്കേസിലെ പ്രതികളുമൊക്കെ കെണിയിലായത്. യുഎപിഎ കരിനിയമത്തിന്റെ തടവിലാണവർ. അനന്തമായി നീണ്ടുപോകുന്ന വിചാരണയും പൊലീസ് മൂളിയാൽ ജാമ്യം പരിഗണിക്കുക പോലും ചെയ്യാതെ തടവിലിടുന്ന കോടതികളും യാഥാർത്ഥ്യമായിരിക്കെ ഇന്ത്യയിലെ മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തനം മരണമുഖത്താണ്. ആശാവഹമായ സൂചന രാജ്യത്തിന്റെ വർത്തമാനത്തിലും ഇല്ല. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ അമലപുരത്ത് ഒരു സാധാരണ കർഷക കുടുംബത്തിലാണ് സായിബാബയുടെ ജനനം. അ­ഞ്ചാം വയസിൽ പോളിയോ ബാധിച്ചു. പിന്നീട് ചക്രക്കസേരയുടെ സഹായത്തോടെയായിരുന്നു ജീവിതം നീങ്ങിയത്. ആദ്യകാല രചനകൾ ഇന്ത്യൻ നോവലിലെ ദളിത്, ആദിവാസി ശബ്ദങ്ങളെ പാർശ്വവൽക്കരിക്കുന്ന വിജ്ഞാന ഘടനകളെ വെല്ലുവിളിക്കുന്നതായിരുന്നു. ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി. മാവോയിസ്റ്റ് ആരോപണങ്ങളെ തുടര്‍ന്ന് 2021 ഫെബ്രുവരിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിന്നും പുറത്താക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.