ആലപ്പുഴ
March 7, 2024 9:50 pm
കേരളത്തിലെ കോൺഗ്രസിന് തിരിച്ചടിനൽകി ലീഡറുടെ കൾ പത്മജ വേണുഗോപാലും എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ചേക്കേറിയ ബിജെപിയിലേക്ക് പാര്‍ട്ടിയിലെ പല വമ്പൻമാരും പോകുമെന്ന് സൂചന. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥും അടുത്ത കാലത്ത് ബിജെപിയിൽ ചേക്കേറിയിരുന്നു. ഹൈക്കമാന്റുമായി തർക്കങ്ങളുള്ള കെപിസിസിയുടെ ഒരു പ്രധാന ഭാരവാഹിയും കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ പ്രധാനിയും ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ദേശീയതലത്തിൽ ആരൊക്കെ പോയാലും കേരളത്തിലെ ഒരു കോൺഗ്രസുകാരനും ബിജെപിയിലേക്ക് പോകില്ല എന്ന് പറഞ്ഞിരുന്ന കെപിസിസി നേതൃത്വത്തിന് കനത്ത ആഘാതമേല്പിച്ചാണ് കേരളത്തിലെ കോൺഗ്രസുകാരുടെ പ്രധാന നേതാവ് കെ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം.
സഹോദരൻ കെ മുരളീധരൻ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിരിക്കുമ്പോഴാണ് പത്മജയുടെ താമര പ്രേമം. പത്മജക്ക് ബിജെപി ലോക്‌സഭാ സീറ്റ് നൽകിയാൽ സംസ്ഥാനത്ത് താമര ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസുകാരുടെ എണ്ണം മൂന്നാകും. അനിൽ ആന്റണി പത്തനംതിട്ടയിലും കെ സുധാകരന്റെ വിശ്വസ്തനായ സി രഘുനാഥ് കണ്ണൂരിലും ബിജെപി സ്ഥാനാർത്ഥികളായി ജനവിധി തേടുന്നുണ്ട്. കെ കരുണാകരൻ ഏറെനാൾ പാർലമെന്റിൽ പ്രതിനിധീകരിച്ച മുകുന്ദപുരം മണ്ഡലത്തിന്റെ പുതിയ രൂപമായ ചാലക്കുടിയിലായിരിക്കും ബിജെപി പത്മജയെ മത്സരത്തിനിറക്കുകയെന്നാണ് സൂചന.
ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നേറുമ്പോഴാണ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുന്നത്. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന സൂചനയാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയത്. സ്ഥാനാർത്ഥി മോഹവും ഗ്രൂപ്പ് പോരും കാരണം രാഹുൽഗാന്ധി പോലും എവിടെ മത്സരിക്കുമെന്ന് പറയാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കനഗോലുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പല സിറ്റിങ് എംപിമാർക്കും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം.
English Summary: Congress leaders joins BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.