ഭോപ്പാല്‍
March 9, 2024 9:56 pm
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ഏതാനും മുന്‍ എംഎല്‍എമാരും ബിജെപിയിലേക്ക് ചുവടുമാറ്റി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലുവട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് പിസിസി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങി പാര്‍ട്ടിയില്‍ നിരവധി പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് തത്വങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും സ്വയം അകന്നുവെന്ന് സുരേഷ് പച്ചൗരി ആരോപിച്ചു. പാർട്ടി പൊതുജനങ്ങളില്‍ നിന്ന് അകന്നു. ആശയങ്ങളും നയങ്ങളും നേതാക്കള്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നുവട്ടം കോണ്‍ഗ്രസ് പ്രതിനിധിയായി ലോക്‌സഭയിലെത്തി. 1990ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.
മുൻ എംഎഎമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരും കോണ്‍ഗ്രസ് വിട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ്മ, മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാനത്തെ അഞ്ച് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാല്‍ കഴിഞ്ഞദിവസം പാര്‍ട്ടിവിട്ടിരുന്നു. മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മഹാരാഷ്ട്ര പിസിസി വർക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ അടക്കമുള്ളവര്‍ മറുപക്ഷത്തേക്ക് മാറി. ഗുജറാത്തില്‍ എംപി നരൻ റാഠ്വ, അരവിന്ദ് ലഡാനി, ചിരാഗ് പട്ടേല്‍, സി ജെ ചാവ്ദ, മുൻ പ്രതിപക്ഷ നേതാവ് അർജുൻ മോധ്‌വാദിയ എന്നിവരും ബിജെപിയിലെത്തി. രാജസ്ഥാൻ എംഎഎയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മഹേന്ദ്രജിത് സിങ് മാളവ്യ, ഉത്തർപ്രദേശ് പിസിസി വൈസ് പ്രസിഡന്റ് ഉപേന്ദ്ര സിങ് എന്നിവരും ബിജെപിയില്‍ ചേക്കേറി. ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കഴിഞ്ഞദിവസം ബിജെപിയിലെത്തി.
അരുണാചല്‍ പ്രദേശിലെ മുൻ കേന്ദ്രമന്ത്രി നിനോങ് എറിങ്, എംഎല്‍എ വാങ്‌ലിങ് ലൊവാങ്ഡോങ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ലൊംബോ ടായോങും മറുചേരിയിലെത്തി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് മുന്‍ മുഖ്യമന്ത്രി നബാം തുക്കി പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ പ്രമുഖ നേതാക്കളായ സുമേർ സിങ്, യോഗേന്ദ്ര സിങ്, ജബല്‍പൂർ മേയർ ജഗത് ബഹാദൂർ സിങ് എന്നിവരും കോണ്‍ഗ്രസിനെ കൈവിട്ടു. തമിഴ്നാട്ടില്‍ നിന്നും എംഎല്‍എ വിജയ ധരണി, ബിഹാർ എംഎല്‍എമാരായ മുരാരി പ്രസാദ്, സിദ്ധാർത്ഥ് സൗരവ്, ഝാർഖണ്ഡില്‍ നിന്നും ഗീത കോഡ എംഎല്‍എ എന്നിവരും കോണ്‍ഗ്രസിനോട് വിടപറഞ്ഞു. കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി (ബംഗാള്‍), നിഹാർ രഞ്ജൻ മൊഹന്ദ (മുൻ ബിഹാർ എംഎല്‍എ), അശോക് വർമ്മ, പ്രകാശ് രമോല, സുഭാഷ് വർമ്മ (ഉത്തരാഖണ്ഡ് ) എന്നിവരും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാർട്ടി വിട്ടവരാണ്.
English Summary: Congress leaders join BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.