21 November 2024, Thursday
KSFE Galaxy Chits Banner 2

ബിആര്‍പിക്ക് ഇനിയും പറയാനുണ്ട്


മാര്‍ച്ച് 12ന് ബിആര്‍പി ഭാസ്കറിന് 92 വയസ്
ടി കെ വിനോദന്‍
March 10, 2024 4:04 pm

ബിആർപി ഭാസ്കറിന് 2024 മാർച്ച് 12ന് 92 വയസ് തികയുന്നു. മാധ്യമപ്രവർത്തനമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് 1952ൽ 20-ാമത്തെ വയസിൽ ഹിന്ദു പത്രത്തിൽ സബ് എഡിറ്ററായി പത്രപ്രവർത്തനം ആരംഭിച്ച ബിആർപി, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലം മാധ്യമരംഗത്തുണ്ടായ എല്ലാ മാറ്റങ്ങളിലും സജീവ പങ്കാളിയായിരുന്നു. അച്ചടിമാധ്യമത്തിൽ തുടങ്ങി വാർത്താ ഏജൻസിയിലും ദൃശ്യമാധ്യമത്തിലും നവമാധ്യമങ്ങളിലുമെല്ലാം ഒരു പോലെ സവിശേഷമായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ബിആർപി കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ മാധ്യമപ്രവർത്തകനാണ്. ഫലപ്രദമായ ആശയവിനിമയം മാധ്യമപ്രവർത്തകന്റെ അടിസ്ഥാനകടമയായി കാണുന്ന ബിആർപിയെ ആശയവിനിമയശേഷിയിൽ അതിശയിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ ഇന്ന് കേരളത്തിലില്ല.
പ്രശസ്ത പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന പിതാവ് എ കെ ഭാസ്കറിന്റെ പത്രത്തിൽ 17-ാമത്തെ വയസിൽ മറ്റൊരു പേരിൽ എഴുതിയ രാഷ്ട്രീയ ലേഖനത്തിലൂടെയാണ് ബിആർപി മാധ്യമരംഗത്ത് തുടക്കം കുറിച്ചത്. പിന്നീടിങ്ങോട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി വൈവിധ്യപൂർണവും സമ്പന്നവുമായ തന്റെ മാധ്യമജീവിതത്തിലുടനീളം സമൂഹത്തിന്റെ ഉത്തമ താല്പര്യങ്ങൾക്കാണ് അദ്ദേഹം ഏറ്റവും മുന്തിയ പരിഗണന നല്കിയത്. ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയട്ട്, ഡക്കാൺ ഹെറാൾഡ് തുടങ്ങിയ പത്രങ്ങൾ, രാജ്യത്തെ പ്രമുഖ മാധ്യമ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഏജൻസി (യുഎൻഎ), മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനലായ ഏഷ്യാനെറ്റ് തുടങ്ങി പ്രവർത്തിച്ച എല്ലാ മേഖലകളിലും, മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിൽ ചുമതലകൾ നിർവഹിച്ചപ്പോഴും അവിടെയുമെല്ലാം തന്റേതായ സവിശേഷ മുദ്ര പതിപ്പിക്കാൻ ബിആർപിക്ക് കഴിഞ്ഞു.
മാധ്യമ പ്രവർത്തനം മറ്റേതു തൊഴിലുംപോലെ ഒരു തൊഴിലാണെന്ന് അദ്ദേഹം കരുതുന്നില്ല. അടിസ്ഥാനപരമായി മാധ്യമപ്രവർത്തനം ഒരു സാമൂഹ്യപ്രവർത്തനമാണെന്നും സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്നതാകണം ആ പ്രവർത്തനമെന്നും മാധ്യമപ്രവർത്തകർ ഒരിക്കലും മറന്നുപോകരുതെന്ന് എപ്പോഴും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മാധ്യമപ്രവർത്തനത്തോടൊപ്പം മനുഷ്യാവകാശത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു ബിആർപി. എല്ലാ മനുഷ്യരും തുല്യത അർഹിക്കുന്നു എന്നും തുല്യത ജീവിതത്തിൽ അനുഭവവേദ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടത് തന്റെ സാമൂഹ്യകടമയാണെന്നും അദ്ദേഹം കരുതുന്നു. 

രാജവാഴ്ചയിൽ നിന്നും കൊളോണിയൽ അടിമത്തത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ബിആർപി മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. പുതുയുഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞു നിന്ന ഇരുപതുകാരന്റെ ഉത്സാഹവും ഉന്മേഷവും ഇന്നും ബിആർപി ഭാസ്കർ എന്ന മനുഷ്യനിലും മാധ്യമപ്രവർത്തകനിലുമുണ്ട്. വസ്തുതകളെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള പാടവവും ഏതു പ്രശ്നത്തെയും വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണാനുമുള്ള കഴിവും വിശാലമായ വായനയിലൂടെയും നിരീക്ഷണത്തിലൂടെയും ആർജിച്ച അറിവിന്റെ പശ്ചാത്തലത്തില്‍ ബിആർപിയെ രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളാക്കി മാറ്റി. വികാരത്തിന് അടിപ്പെടാതെ ഏതു പ്രശ്നത്തെയും യുക്തിപൂർവം സമീപിക്കുന്ന ശീലം കൂടിയാണ് മാധ്യമപ്രവർത്തനത്തിലെ വിശിഷ്ടമാതൃകയായി അദ്ദേഹത്തെ മാറ്റിയത്.
സുഹൃത്തുക്കളും ആരാധകരുമായ മാധ്യമപ്രവർത്തകരുടെ വലിയ സമ്മർദങ്ങൾക്കു വഴങ്ങിയാണ് തന്റെ മാധ്യമപ്രവർത്തനാനുഭവങ്ങൾ വിവരിക്കുന്ന ‘ന്യൂസ് റൂം’ എന്ന കൃതി ബിആർപി രചിക്കുന്നത്. വ്യത്യസ്ത മാധ്യമങ്ങളിലായി ഇത്ര വിപുലമായ അനുഭവങ്ങൾ മലയാളിയായ മറ്റൊരു മാധ്യമപ്രവർത്തകനുമില്ല. ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളിലും ദേശീയ വാർത്താ ഏജൻസിയിലുമുള്ള പ്രവർത്തനങ്ങളും പഠനവും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് പല വിദേശ രാജ്യങ്ങളിലെ പര്യടനങ്ങളുമൊക്കെ കഴിഞ്ഞ് 1990കളിൽ കേരളത്തിൽ മടങ്ങിയെത്തിയതിനു ശേഷമാണ് മലയാള മാധ്യമലോകത്തും കേരളത്തിലെ പൊതുജീവിതത്തിലും ബിആർപിയുടെ സജീവമായ ഇടപെടലുകൾ ഉണ്ടാകുന്നത്. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ ഉള്ളടക്കവും ഘടനയും നിർണയിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്കുകയും പാർശ്വവല്‍കൃത സമൂഹങ്ങളിലേക്ക് കാമറ തിരിക്കുകയും ചെയ്യുന്ന മാതൃക സൃഷ്ടിച്ചുകൊണ്ട്, മലയാളത്തിൽ പിന്നീട് വന്ന സ്വകാര്യ ചാനലുകൾക്ക് ഒരു വഴികാട്ടിയായി മാറാൻ ഏഷ്യാനെറ്റിനു കഴിഞ്ഞതിനു പിന്നിൽ ബിആർപിയുടെ ഇടപെടലിനു വലിയ സ്ഥാനമുണ്ട്. പ്രസിദ്ധ എഴുത്തുകാരനായ സക്കറിയയോടൊപ്പം ഏഷ്യാനെറ്റിൽ അദ്ദേഹം കൈകാര്യം ചെയ്ത മാധ്യമങ്ങളെ വിശകലന വിധേയമാക്കുന്ന മാധ്യമവിചാരം എന്ന പംക്തി, മലയാള മാധ്യമങ്ങൾക്ക് ആത്മപരിശോധനയ്ക്കും തിരുത്തലിനുമുള്ള ഫലപ്രദമായ ഒരു ഉപാധിയായിരുന്നു. 

കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതിയ ലേഖനങ്ങളിലൂടെ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ സജീവമായ ചർച്ചാവിഷയമാക്കാൻ ബിആർപിക്ക് കഴിഞ്ഞു. ദേശീയരാഷട്രീയവും രാജ്യത്തിന്റെ സാമൂഹികസ്ഥിതിയും അടുത്തുനിന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ നമ്മുടെ രാഷ്ട്രീയസംവാദങ്ങൾക്ക് കൂടുതൽ മിഴിവും ഗൗരവവും നല്കി. മനുഷ്യാവകാശനിഷേധങ്ങൾക്കെതിരായ നിലപാടുകൾ ബിആർപി ലേഖനങ്ങളിൽ ഒതുക്കിയില്ല. ആദിവാസി-ദളിത് ജനവിഭാഗങ്ങളുൾപ്പെടെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർ കടുത്ത അവകാശനിഷേധങ്ങൾക്കെതിരെ തെരുവിലിറങ്ങിയപ്പോൾ, എല്ലാ പ്രതിസന്ധികളിലും അദ്ദേഹം അവരോടൊപ്പം നിന്നു.
ഓരോ മാധ്യമത്തിന്റെയും ശക്തിയും സാധ്യതകളും തിരിച്ചറിഞ്ഞ് അവയെ കൃത്യമായി ഉപയോഗിക്കാൻ സവിശേഷമായ കഴിവുണ്ട് ബിആർപിക്ക്. പത്രങ്ങളിലും റേഡിയോയിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം ടെലിവിഷന്റെ പിന്നണിയിൽ അതിന്റെ രൂപകല്പന ഭംഗിയായി നിർവഹിക്കുമ്പോൾതന്നെ മാധ്യമവിചാരം പോലെ ഒരു പംക്തിയുടെ അവതാരകനെന്ന നിലയിലും തന്റെ മുദ്ര പതിപ്പിച്ചു. തകഴിയുടെ കയർ എന്ന നോവൽ ഹിന്ദിയിൽ സീരിയലായി സംപ്രേഷണം ചെയ്യുന്നത് നന്നായിരിക്കും എന്ന് തകഴിയോട് പറഞ്ഞ ബിആർപി തകഴിയുടെ താല്പര്യപ്രകാരം അതിന്റെ തിരക്കഥ തയ്യാറാക്കുകയും ചെയ്തു. ഹിന്ദിയിൽ പ്രശസ്ത സംവിധായകൻ എം എസ് സത്യു സംവിധാനം ചെയ്ത ആ സീരിയൽ ദൂരദർശന്റെ ദേശീയ ശൃംഖലയിൽ സംപ്രേഷണം ചെയ്തു. ദൂരദർശൻ മാസങ്ങളോളം പ്രദർശിപ്പിച്ച ആ സീരിയലിന്റെ പിന്നിൽ പ്രവർത്തിച്ചത് ബിആർപി ആണെന്ന് അറിയുന്നവർ അധികമില്ല.
നമ്മുടെ രാജ്യത്ത് ഇന്റർനെറ്റ് ലഭ്യമായ കാലം മുതൽ അതുപയോഗിക്കാൻ ആരംഭിച്ചവരിലൊരാളാണ് ബിആർപി മാധ്യമപ്രവർത്തകർ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് വിശ്വസിക്കുന്ന അദ്ദേഹം എപ്പോഴും പുതിയ സാങ്കേതികവിദ്യയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ആളാണ്. സാമൂഹ്യമാധ്യമങ്ങളിൽ തുടക്കം മുതൽ ശക്തമായ സാന്നിധ്യമാണ് അദ്ദേഹം. അച്ചടി മാധ്യമങ്ങളുടെയോ ദൃശ്യമാധ്യമങ്ങളുടെയോ പോലെ സംവേദനം ഏകപക്ഷീയമല്ലാത്ത സാമൂഹ്യ മാധ്യമങ്ങളിലെ സംവാദങ്ങളിൽ എത്ര രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും തികഞ്ഞ സഹിഷ്ണുതയോടെയും ജനാധിപത്യബോധത്തോടെയും പ്രതികരിക്കുന്ന ബിആർപി, തീർത്തും വ്യത്യസ്തവും അതിശയകരവുമായ മാതൃകയാണ്. പുതിയ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ ന്യായമായവയും അല്ലാത്തതുമായ വിമർശനങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും അത്തരം മാധ്യമങ്ങളുടെ സ്വഭാവത്തിൽ ഒഴിവാക്കാനാകാത്തതാണ് അതെന്നും അത് ഉൾക്കൊള്ളാൻ കഴിയാത്തവർ ആ മാധ്യമങ്ങളിൽ ഇടപെടാൻ യോഗ്യരല്ലെന്നുമാണ് ബിആർപിയുടെ പക്ഷം. 

ഏതു യുവാവിനെക്കാളും യുവാവാണ് ഈ 92-ാം വയസിലും ബിആർപി ചിന്തയുടെ സജീവതയും കാഴ്ചപ്പാടിലെ മൗലികതയും പ്രതികരണത്തിലെ കൃത്യതയും സമീപനത്തിലെ പോസിറ്റിവിറ്റിയും ബിആർപിയിലേക്ക് ചിന്താശേഷിയുള്ള ഏതൊരാളെയും പിടിച്ചടുപ്പിക്കും. സ്വന്തം മാധ്യമ ജീവിതത്തിലെ അനുഭവങ്ങളാണ് ‘ന്യൂസ് റൂം’ എന്ന കൃതിയിൽ ബിആർപി പറയുന്നത്. ആ കൃതിയിൽ രേഖപ്പെടുത്താതെ പോയ മാധ്യമജീവിതാനുഭവങ്ങൾ തന്നെ എത്രയോ ബാക്കിയുണ്ട്. മാധ്യമപ്രവർത്തനത്തിനു പുറത്തുള്ള അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അവ രേഖപ്പെടുത്തണമെന്ന് പല ഭാഗങ്ങളിൽ നിന്നുള്ള ആവശ്യത്തോട് ബിആർപി ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല എങ്കിലും വൈകാതെ അവ എഴുതാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചുറ്റുമുള്ള സമൂഹത്തോട് ഇനിയും ധാരാളം കാര്യങ്ങൾ അദ്ദേഹത്തിന് പറയാനുണ്ട്. പ്രതിവാരപംക്തിയുടെ രൂപത്തിൽ അവയും പ്രതീക്ഷിക്കാം. ബിആർപിയുടെ വാക്കുകൾക്ക് കേരളം കാത്തിരിക്കുന്നു. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.