4 January 2025, Saturday
KSFE Galaxy Chits Banner 2

ലോക വ്യാപാര സംഘടനാ യോഗം: നേട്ടങ്ങള്‍ രേഖകളില്‍ മാത്രം

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 13, 2024 4:45 am

ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ 13-ാം മന്ത്രിതല സമ്മേളനം പറയത്തക്ക നേട്ടങ്ങളില്ലാതെയും തര്‍ക്ക വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ കഴിയാതെയും പര്യവസാനിച്ചിരിക്കുന്നു. ഇക്കുറി അബുദാബി സര്‍ക്കാരായിരുന്നു സമ്മേളനത്തിന് വേദിയൊരുക്കിയത്. അവസാന നിമിഷത്തില്‍ മാത്രമാണ് ഡിജിറ്റല്‍ വ്യാപാരത്തിനുമേല്‍ ചുങ്കം ഏര്‍പ്പെടുത്തലിന്റെ കാലാവധി രണ്ടു വര്‍ഷക്കാലത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനുള്ള ധരണയിലെത്തിയതിലൂടെ സംഘാടകരുടെ മുഖം രക്ഷിക്കുന്നതിന് സഹായകമായത്. ഇതുമാത്രമായിരുന്നു സമ്മേളനത്തിന്റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന നേട്ടവും. സമ്മേളനാന്ത്യത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തില്‍ അംഗരാജ്യങ്ങള്‍ ഏകകണ്ഠമായി സ്വീകരിച്ച ഒരു തീരുമാനം, അടുത്ത സമ്മേളനത്തിനു മുമ്പായി സംഘടന അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും കഴിയുന്നത്ര വേഗതയില്‍ പരിഹാരം കണ്ടെത്തുക എന്നാണ്. ഇത് എത്രമാത്രം വിജയിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. ഏതായാലും സംഘടനയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന് മുമ്പുതന്നെ നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള സംവിധാനം ഒരുക്കാതെ തരമില്ല.


ഇതുകൂടി വായിക്കൂ:  രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ സമരൈക്യം


തര്‍ക്കപരിഹാര സംവിധാനത്തിന്റെ അംഗത്വ നിര്‍ണയം സംബന്ധമായി വ്യക്തമായൊരു ധാരണയിലെത്തേണ്ടതും അനിവാര്യമാണ്. ഈ വിഷയത്തില്‍ ‘ഉടക്കു‘മായി രംഗത്തെത്തിയിരിക്കുന്നത് അമേരിക്കന്‍ ഭരണകൂടം തന്നെയാണെന്നതാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ. ഇത്തരമൊരു തര്‍ക്കപരിഹാര അപ്പീല്‍ സമിതിയിലെ അംഗങ്ങള്‍ക്കിടയിലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു പൊതുധാരണ കൂടിയേ തീരൂ. ഇത്തരമൊരു സംവിധാനം 2024ന് മുമ്പ് നിലവില്‍ വരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഇതുവരെയായി ഈ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയെ പ്രതിനിധീ­­കരിച്ച് അബുദാബി സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍, ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇക്കാര്യത്തിലുള്ള പ്രതിസന്ധിക്ക് പൂര്‍ണമായ ഉത്തരവാദിത്തം ജോ ബൈഡന്‍ സര്‍ക്കാരിന്റെതാണ്. അമേരിക്കന്‍ ഭരണകൂടം ഈ വിഷയത്തില്‍ പ്രകടമാക്കുന്ന നിസംഗത ഈ മനോഭാവത്തിന്റെ വ്യക്തമായ തെളിവാണ്. മന്ത്രിതല സമ്മേളനത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഒന്നിന് നടന്ന നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അമേരിക്കന്‍ പ്രതിനിധി തിരികെപ്പോയ നടപടിയെ, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലല്ല, അവ കൂടുതല്‍ ഗുരുതരമാക്കുന്നതിനാണ് അമേരിക്കന്‍ സര്‍ക്കാരിന് താല്പര്യം എന്നും ഊഹിക്കുന്നതില്‍ അപാകതയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുന്തിയ പരിഗണന നമ്മുടെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക എന്നതിനാണ് നല്‍കേണ്ടത്. ആഭ്യന്തര തലത്തില്‍ ഇക്കാര്യം ഇപ്പോള്‍തന്നെ മുന്‍ഗണനാ പട്ടികയിലുണ്ടെങ്കിലും ഈ ലക്ഷ്യം പ്രായോഗികമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ആഭ്യന്തര ഭക്ഷ്യസുരക്ഷാ നയത്തിന്റെ നടത്തിപ്പില്‍ വലിയ അസംതൃപ്തിയിലല്ലെങ്കിലും മറ്റ് ചില വികസ്വര രാജ്യങ്ങള്‍ വ്യത്യസ്ത നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചുകാണുന്നത്. ഒരവസരത്തില്‍ തായ്‌ലന്‍ഡിന്റെ ലോക വ്യാപാര സംഘടനാ പ്രതിനിധിയെ പിന്‍വലിക്കാന്‍ ഇന്ത്യ ശഠിക്കുകയുണ്ടായി.


ഇതുകൂടി വായിക്കൂ:  റബ്ബറിൽ മൗനം പാലിച്ച് നരേന്ദ്രമോഡി


ഇന്ത്യന്‍ ഭരണകൂടം ഭക്ഷ്യസുരക്ഷാ പദ്ധതി നടത്തിപ്പിന്റെ വിജയകരമായ ലക്ഷ്യം മുന്‍നിര്‍ത്തി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ)യിലൂടെ ഭക്ഷ്യധാന്യ ശേഖരം പെരുപ്പിക്കുന്നതിനെ തുടര്‍ന്നാണ് ആഗോള ഭക്ഷ്യവിലവര്‍ധന എന്ന വിചിത്രമായ വിമര്‍ശനം തായ് പ്രതിനിധി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യന്‍ ഭരണകൂടം കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി പിന്‍തുടര്‍ന്നുവരുന്ന കോര്‍പറേറ്റ് പ്രീണന നയവും കര്‍ഷകദ്രോഹ നയവും തിരുത്തപ്പെടേണ്ടതാണെന്നതില്‍ സംശയമില്ല. കര്‍ഷകരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം നല്‍കാതിരിക്കുന്ന നയം നീതീകരിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പ്രകടമാക്കുന്ന തത്രപ്പാടും നിരവധി വികസ്വര രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുമുണ്ട്. വിലനിര്‍ണയത്തില്‍ നീതിപൂര്‍വമായവിധം പുതുക്കിയ മാനദണ്ഡങ്ങള്‍ സ്വീകരിച്ചേ മതിയാകൂ എന്നതിലും രണ്ടഭിപ്രായമില്ല. ഫിഷറീസ് മേഖലയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഏറ്റവും ഗുരുതരമായ ഭീഷണി ആധുനിക യന്ത്രസംവിധാനങ്ങള്‍ വഴി നടത്തിവരുന്ന വിദേശ കമ്പനികളുടെ ആഴക്കടല്‍ മത്സ്യബന്ധന പരിപാടികളാണ്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത് ചൈനയുടെ ബോട്ടുകളും കപ്പലുകളുമാണ് എന്ന സവിശേഷത കൂടിയുണ്ട്. ഈ ഭീഷണി നേരിടാന്‍ ഇന്ത്യ മാത്രം രംഗത്തുവന്നാല്‍ മതിയാവില്ല. സമാന വെല്ലുവിളികള്‍ നേരിടുന്ന ചെറുകിട വികസ്വര രാജ്യങ്ങളുടെ കൂട്ടായ യത്നമാണ് വേണ്ടത്. ഇതിന് മുന്‍കൈ എടുക്കേണ്ടത് ഇന്ത്യയായിരിക്കുകയും വേണം. അതുപോലെതന്നെ, ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് അവശ്യ നിത്യോപയോഗ ഉല്പന്നങ്ങള്‍ക്കും സബ്സിഡികള്‍ അനുവദിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനുഷ്യസ്നേഹപരമായ നയത്തിനെതിരായ നീക്കങ്ങള്‍ ചെറുത്തുതോല്പിക്കാനും ഇത്തരം ഒരു കൂട്ടായ്മ ആവശ്യമാണ്. സബ്സിഡിയുടെ കാര്യത്തില്‍ ഒരു പരിധിവരെ നാം വിജയം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഫിഷറീസ് മേഖലയില്‍ സ്ഥിതി പഴയ നിലയില്‍തന്നെ തുടരുകയാണ്. 13-ാം മന്ത്രിതലത്തിലും ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനമായിട്ടില്ല. ലോക വ്യാപാര സംഘടന വികസ്വര രാജ്യങ്ങളുടെ വ്യാപാര മേഖലയുടെ മാത്രമല്ല, അവയുടെ സമ്പദ്‌വ്യവസ്ഥകളുടെ മൊത്തത്തിലുള്ള വികസനത്തിനും ഫിഷിങ് മേഖലയുടേതടക്കമുള്ള വികസന കാര്യങ്ങളില്‍ ബെയ്ജിങ് ഭരണകൂടത്തെ അച്ചടക്കത്തോടെ കൂടെനിര്‍ത്തുന്നതിലും വന്‍ പരാജയമാണെന്ന് ഇതോടെ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: കയറ്റുമതി തളരുന്നു; വ്യാപാരക്കമ്മി കുതിക്കുന്നു


ബഹുകക്ഷി കൂട്ടായ്മക്കപ്പുറമുള്ള ശക്തമായ മറ്റൊരു കൂട്ടായ്മതന്നെ ആഗോളതലത്തില്‍ കരുപ്പിടിപ്പിക്കാന്‍ ഇന്ത്യ മുന്‍കയ്യെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മറിച്ചാണ് നടക്കുകയെങ്കില്‍ ഭാവിയില്‍ ഇന്ത്യ ഇത്തരം ചെറുതും വലുതുമായ വ്യാപാര കൂട്ടായ്മകളില്‍ ഒറ്റപ്പെട്ടുപോകാനിടയുണ്ടെന്ന അപകടവും നാം വിസ്മരിക്കരുത്. കാര്‍ഷിക മേഖല മുതല്‍ മത്സ്യബന്ധന മേഖല വരെയുള്ള അടിസ്ഥാന സാമ്പത്തിക വികസന മേഖലകളില്‍ ഇന്ത്യ സ്വീകരിക്കുന്ന ആഗോള കാഴ്ചപ്പാട് സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും ഇത്തരം മേഖലകളില്‍ വ്യാപാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ഉല്പന്നങ്ങള്‍ ഇടം കണ്ടെത്താന്‍ നന്നേ പണിപ്പെടേണ്ടിവന്നേക്കാം. ഇത്തരമൊരു അപകട സാധ്യത ഒഴിവാക്കുന്നതിനുള്ള ഏക മാര്‍ഗം പുതുതായി രൂപപ്പെട്ടുവരുന്ന ബഹുകക്ഷി വ്യാപാര കരാറുകളില്‍ നിര്‍ണായക സ്ഥാനങ്ങളില്‍ നാം കടന്നുകയറുക എന്നതാണ്. ഇന്ത്യയാണ് ‘ഗ്ലോബല്‍ സൗത്തി‘ന്റെ നേതാവ് എന്ന് വീമ്പിളക്കിയതുകൊണ്ട് കാര്യമില്ല. ഗ്ലോബല്‍ സൗത്തിന്റെ പരിപൂര്‍ണ നിയന്ത്രണം കയ്യടക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ, ചൈനയോട് വിലപേശല്‍ശക്തി കൈവരിക്കാന്‍ തക്ക ബലം നമുക്കുണ്ടെന്ന് അയല്‍രാജ്യങ്ങളെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയുകയുള്ളു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ നാറ്റോ സഖ്യത്തിന്റെയും ചൈനയുടെയും ഒരു പരിധിവരെ റഷ്യയുടെയും നിശബ്ദ പിന്തുണയോടെ ഗ്ലോബല്‍ സൗത്തിന്റെ അനിഷേധ്യ നേതൃത്വം ഇന്ത്യന്‍ ഭരണകൂടത്തെ സ്വര്‍ണത്തളികയില്‍ ഏല്പിക്കുമെന്ന് കരുതി ആശ്വസിക്കുന്നത് തീര്‍ത്തും മൗഢ്യമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.