22 December 2024, Sunday
KSFE Galaxy Chits Banner 2

നോമ്പ് കാലത്തും കനിയാതെ കടല്‍

ബേബി ആലുവ
കൊച്ചി
March 14, 2024 11:42 pm

റംസാൻ നോമ്പ് കാലമെത്തിയിട്ടും ചൂടിന്റെ കാഠിന്യം മൂലം കനിയാനാവാതെ കടൽ. മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിറയുന്നത് മീനിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങളും.കേരള തീരത്തെ വറുതിയിലാക്കിയ ഇപ്പോഴത്തെ മത്സ്യ ദൗർലഭ്യത്തിന്റെ മുഖ്യ കാരണം അനുദിനം കഠിനമാകുന്ന ചൂടിന്റെ രൂക്ഷതയാണെന്നാണ് വിദഗ്ധാഭിപ്രായം. സമുദ്രത്തിന്റെ ഉപരിതലം വേവുന്നതിനാൽ മത്സ്യ സമൂഹം മുകളിലേക്ക് പൊങ്ങി വരാതെ താഴെത്തട്ടിൽത്തന്നെ ഒതുങ്ങിക്കൂടുന്നു. കൂടുതൽ ചൂട് അനുഭവപ്പെടാത്ത മറ്റ് ഭാഗങ്ങളിലേക്ക് അവ പറ്റമായി നീങ്ങുന്നതും കേരള തീരങ്ങളെ ഭാരിദ്ര്യത്തിലാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ നിന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മീനില്ലാത്തതും അതേ സമയം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതുമായ വലകളുമായാണ് തിരിച്ചെത്തുന്നത്. കടലിൽ കഴിയുന്നതിനും ബോട്ടുകൾക്ക് ഇന്ധനത്തിനും ചെലവാകുന്നത് നികത്താനുള്ള വഴി കാണാതെ ദുരിതത്തിലാണ് അവർ. 

കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് ഗുജറാത്തിലെ വെരാവൽ തുറമുഖത്ത് നിന്ന് മൂന്നും നാലും ദിവസമെത്തി വന്നിരുന്ന മത്സ്യവും ഇപ്പോൾ ലഭ്യമല്ലെന്നാണ് അറിവ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ചൂട് ഇത്രയധികമില്ലാത്ത തമിഴ്‌നാട്ടിൽ നിന്നുള്ള മീൻ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. മീൻ വരവ് നിലച്ചതോടെ പല കച്ചവടക്കാരും വ്യാപാരശാലകൾ അടച്ചു കഴിഞ്ഞു. 

കടലിനെ ആശ്രയിച്ചു കഴിയുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം അടിയുന്നത് മൂലം മത്സ്യസമ്പത്തിന് നേരിടുന്ന വെല്ലുവിളി, മത്സ്യബന്ധന മേഖലയിലുള്ളവരുടെ ആശങ്കയ്ക്കപ്പുറം ഇനിയും ഗൗരവാവഹമായ ഒരു ചർച്ചയിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ വർഷത്തെ ഓഷ്യൻ പ്ലാസ്റ്റിക് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഒരു വർഷം ഒന്നരക്കോടി കിലോഗ്രാം പ്ലാസ്റ്റിക്കാണ് കടലിലടിയുന്നത്.
ഉൾനാടൻ മീൻ പിടിത്തമേഖലയും ഇതേ വിഷയങ്ങൾ ഇതേ അളവിൽ നേരിടുന്നുണ്ട്. ചൂടിന്റെ കാഠിന്യം മൂലം മത്സ്യങ്ങൾ ചത്ത് പൊങ്ങുന്ന അവസ്ഥ ഇതിന് പുറമെയാണ്. കുറ്റിവലകൾ ഉപയോഗിച്ചുള്ള മീൻ പിടിത്തം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിക്കൽ, നിരോധിത മത്സ്യബന്ധനരീതികൾ എന്നിവ മൂലം ഉൾനാടൻ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സ്ഥിതി നിലവിൽത്തന്നെയുണ്ട്. 

Eng­lish Summary:Even dur­ing the fast­ing peri­od, the sea does not decrease
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.