23 November 2024, Saturday
KSFE Galaxy Chits Banner 2

നിർണായകം ലോക്‌സഭാ തെരഞ്ഞെടുപ്പ്

സി ദിവാകരൻ
March 16, 2024 4:45 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ രാജ്യമാകെ പടരുകയാണ്. നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന സുപ്രധാനമായ വിധിയെഴുത്തിലേ‌ക്കാണ് രാജ്യം നീങ്ങുന്നത്. മുമ്പെന്നത്തെക്കാളും ജനങ്ങൾ അത്യധികമായ ഉത്ക്കണ്ഠയോടെയാണ് ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. രാജ്യം മതേതര ജനാധിപത്യ രാജ്യമായി നിലനിൽക്കുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്ന നിരവധി സംഭവങ്ങൾ വിരൽചൂണ്ടുന്നത് രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിതിയുടെ തകർച്ചയിലേക്കാണ്. ഇതിലേക്ക് നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എന്ന പാർട്ടിയും ആ പാർട്ടിയെ നയിക്കുന്ന സംഘ്പരിവാർ ആശയസംഹിതയുമാണെന്ന് സാധാരണ ജനങ്ങൾപോലും മനസിലാക്കിക്കഴിഞ്ഞു. മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയെന്ന മഹാരാജ്യത്തെയും ജനങ്ങളെയും ദുരിതസമ്പൂർണമായ സാഹചര്യത്തിലേ‌ക്ക് നയിച്ച മോഡി ഭരണം ഇനിയും തുടരണമോ എന്ന ചോദ്യമാണ് ജനങ്ങളുടെ മുന്നിലുള്ളത്.
കഴിഞ്ഞ നാളുകളിൽ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് യുപിയിലെ പല പ്രദേശങ്ങളിലും പടർന്നുപിടിച്ച മതന്യൂനപക്ഷത്തിനെതിരെയുള്ള ആക്രമണങ്ങളിൽ പലതും ആദിത്യനാഥ് സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു. മ‌റ്റുപല സംസ്ഥാനങ്ങളിലെയും മതന്യൂനപക്ഷ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്നതോടെ ജനങ്ങൾ ഭീതിയുടെ കരിനിഴലിലാണ്. വർഗീയ കലാപങ്ങളെ അമർച്ച ചെയ്യാൻ ബാധ്യസ്ഥരായ രാജ്യത്തെ പൊലീസും ചില ഘട്ടങ്ങളിൽ പട്ടാളവും നിരപരാധികളെ വേട്ടയാടുകയാണുണ്ടായത്. 18 കോടിയിൽപ്പരം വരുന്ന പട്ടികജാതി പട്ടികവർഗ ദളിത് വിഭാഗങ്ങളും രാജ്യത്ത് വേട്ടയാടപ്പെടുന്നു. ‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന് തുടങ്ങുന്ന നമ്മുടെ ഭരണഘടനപോലും തിരസ്കൃതമായി. ‘ഓൾ ആർ ഈക്വൽ’ എന്ന ഭരണഘടനയിലെ വാഗ്ദാനവും ജലരേഖകളായി. സ്വാതന്ത്യ്രത്തിന്റെ 75-ാമത് അമൃത വാർഷികം ആഘോഷിക്കുന്ന ഭാരതത്തിൽ സാമൂഹ്യനീതി‌ക്ക് വേണ്ടിയുള്ള നിലവിളികൾ നിലയ്ക്കുന്നില്ല.


ഇതുകൂടി വായിക്കൂ: ഏകാധിപത്യത്തിനുള്ള ശുപാര്‍ശകള്‍


ഒഡിഷയിലെ കലാഹണ്ടി ജില്ലയിലെ ഒരു ഗ്രാമത്തിലെ ദളിതർ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വന്ന ഒരു വാർത്ത ഇപ്രകാരമായിരുന്നു. ‘തന്റെ ഭാര്യയുടെ ശവശരീരം പൊതിഞ്ഞുകെട്ടി തോളിലേറ്റി പുത്രിയെയും കയ്യിൽപ്പിടിച്ച് ഒരു മനുഷ്യൻ 16 കിലോമീറ്റർ നടന്നു’. ആശുപത്രിയിൽ വച്ച് മരണമടഞ്ഞ ഭാര്യയുടെ ശരീരം ആംബുലൻസിൽ കയറ്റി പൊതുശ്മശാനത്തിലെത്തിക്കാൻ കഴിവില്ലാത്ത ആ മനുഷ്യൻ പൊതിഞ്ഞുകെട്ടിയ ശവശരീരവുമായി നടന്നുനീങ്ങിയ വാർത്ത സ്വാതന്ത്യ്രത്തിന്റെ അമൃത വാർഷികാഘോഷങ്ങളുടെ ഭാഗമാണ്.
കോവിഡ് എന്ന മഹാമാരി രാജ്യത്താകെ പടർന്നുപിടിച്ച സന്ദർഭത്തിൽ ആവശ്യമായ മരുന്നില്ലാതെ, ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങളില്ലാതെ രാജ്യം പിടയുകയായിരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കുപോലും സൂക്ഷിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ എത്രയോ ശവശരീരങ്ങൾ ഗംഗയിലൂടെ ഒഴുകിപ്പോയി. എത്രയോ ചിതകൾ ഗംഗയുടെ തീരത്ത് എരിഞ്ഞടങ്ങി. മരുന്നുകച്ചവട കുത്തക കമ്പനികൾക്ക് വാക്സിൻ കച്ചവടത്തിൽ ശതകോടികൾ ലഭിച്ചു. ഈ വിഷയത്തിൽ ഒരന്വേഷണം പോലും നടത്താൻ കൂട്ടാക്കാതെ കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിച്ചു. ഈ സന്ദർഭത്തിൽ കോവിഡിനെ നേരിടാൻ കേരളത്തിലെ എല്‍ഡിഎഫ് സർക്കാരും അന്നത്തെ ആരോഗ്യ വകുപ്പും നടത്തിയ സേവനങ്ങൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത പുരോഗതി ആര്‍ജിച്ച സംസ്ഥാനമാണ് കേരളം. ഐക്യരാഷ്ട്രസഭ പോലും കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെ പ്രശംസിക്കുകയും ആരോഗ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഈ വിഷയത്തിൽ മാത്രമല്ല എല്ലാ സാമൂഹ്യപ്രശ്നങ്ങളിലും കേരള സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്നും ലോകശ്രദ്ധ പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നതാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിവച്ച വിപ്ലവകരമായ സാമൂഹ്യമാറ്റങ്ങളുടെ തുടർച്ച മാത്രമായിരുന്നു പിൽക്കാലത്ത് അധികാരത്തിൽ വന്ന സർക്കാരുകൾ. വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജനാധിപത്യ വിരുദ്ധമായി കേന്ദ്രം പിരിച്ചുവിട്ടതിനെ തുടർന്ന് അധികാരത്തിൽ വന്ന സർക്കാരിനുപോലും, വിദ്യാഭ്യാസ രംഗത്തും റവന്യു വകുപ്പിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം തുടങ്ങിവച്ച ഒരു മാറ്റവും തടയാൻ കഴിഞ്ഞില്ല. കോവിഡും നിപയും, തുടർച്ചയായി വന്ന പ്രളയവും തുടങ്ങിയ എല്ലാ ദുരിതങ്ങളും ഒരേകാലഘട്ടത്തിൽ നേരിട്ട ഒരു സർക്കാർ എന്ന നിലയിലും കേരളം വേറിട്ടുനിൽക്കുന്നു.


ഇതുകൂടി വായിക്കൂ: വംശീയ ഉന്മൂലനത്തിന്റെ നേര്‍ക്കാഴ്ചകള്‍


ജനസേവനമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണ നേതൃത്വത്തിനു മാത്രമേ സമൂഹത്തിൽ മാറ്റം വരുത്താൻ കഴിയൂ. ഇന്നത്തെ കേരളം നവകേരളമാണ്. മതവികാരങ്ങൾ ആളിക്കത്തിക്കാൻ ആര് ശ്രമിച്ചാലും കേരള ജനത അതിന്റെ അടിമകളാകില്ല. ജാതി രാഷ്ട്രീയവും കേരളത്തിന്റെ സാമൂഹ്യരംഗത്ത് ഒരു ചലനവും സൃഷ്ടിക്കില്ല. ഇത്തരം ദുർബല വികാരങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് തിരികൊളുത്തി വിജയിക്കാമെന്ന ചിലരുടെ മോഹം കേവലം വ്യാമോഹം മാത്രമാണെന്ന് തെരഞ്ഞെടുപ്പിലൂടെ തെളിയിച്ച ചരിത്രമുണ്ട്.
രാജ്യത്ത് സ്വതന്ത്യ്രത്തിന്റെയും മതസൗഹാർദത്തിന്റെയും ശവമഞ്ചം ഒരുക്കുന്ന ബിജെപി-സംഘ്പരിവാർ പിടിയിലമർന്നുപോകാതെ ഈ രാജ്യത്തിന്റെ പരിപാവനമായ പൈ തൃകം സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുക കൂടിയാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ല ക്ഷ്യം. ഒരു നിമിഷത്തിന് മുമ്പേ ഈ മത‑ജാതി പിശാചുക്കളുടെ ക രങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ബാധ്യത ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
ഇനിയും ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റി എഴുതുമെന്നും ഹിന്ദുമതാധിഷ്ഠിതവും മനുവിന്റെ നീതിശാസ്ത്രത്തിൽ അധിഷ്ഠിതവുമായ നയങ്ങൾ നടപ്പിലാക്കുമെന്നും പരസ്യ പ്രസ്താവന നടത്തിയ ലോക്‌സഭാംഗത്തെ പുറത്താക്കാൻപോലും കൂട്ടാക്കാത്ത നരേന്ദ്ര മോഡിയുടെ മൗനം ആ പ്രസ്താവനയെ ന്യായീകരിക്കുകയാണ്. പിന്നിട്ട ഭരണ കാലയളവിനുള്ളിൽ സർവകലാശാലകളിലെല്ലാം ആർഎസ്എസ് മേധാവികളെ ഫാക്കൽറ്റികളായി നിയമിച്ചു. ദേശീയ പ്രാധാന്യമുള്ള ഒട്ടുമിക്ക ശാസ്ത്ര‑സാങ്കേതിക സ്ഥാപനങ്ങളുടെയും തലപ്പത്ത് നാഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാവായ മോഹൻ ഭാഗവതിന്റെ നിർദേശമനുസരിച്ച് നിയമനങ്ങളും അഴിച്ചുപണികളും നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് തികച്ചും നീതിയുക്തമായും സമാധാനപരമായും നടക്കുമെന്നതിന് ഉറപ്പില്ല. തെരഞ്ഞെടുപ്പു കമ്മിഷനും തെരഞ്ഞെടുപ്പിന്റെ മെഷിനറികളും വോട്ടിങ് യന്ത്രംപോലും മാറ്റിമറിക്കാനും തങ്ങൾക്ക് അനുകൂലമായി മാറ്റാനുമുള്ള ഗൂഢാലോചന നടക്കുകയാണ്.
നീതിക്കുവേണ്ടി പോലും സമരം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന ഫാസിസ്റ്റ് സമീപനമാണ് കർഷക സമരത്തിന്റെ നേർക്ക് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമകാലീന ചരിത്രത്തിൽ ഇതുപോലൊരു കർഷക പ്രക്ഷോഭം ഉണ്ടായിട്ടില്ല. ജനതയ്ക്ക് അന്നം തരുന്ന കർഷകരെ കൂട്ടത്തോടെ മൃഗീയമായ മർദനങ്ങൾക്ക് ഇരയാക്കി. 240ല്‍പ്പരം കർഷകർ സമരഭൂമിയിൽ രക്തസാക്ഷികളായി. നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വരുമെന്ന് വീമ്പിളക്കുന്നവരുടെ മുന്നിൽ ആയിരക്കണക്കിന് രോഷാകുലരായ കർഷകരും അവരുടെ കുടുംബങ്ങളും നിലയുറപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് അവകാശപ്പെടുന്ന മോഡി സർക്കാർ കശ്മീരിലെ നിയമസഭ പിരിച്ചുവിട്ടു, സംസ്ഥാനത്തെ വിഭജിച്ചു. ഭരണം കേന്ദ്രം നേരിട്ട് ഏറ്റെടുത്തു. കശ്മീർ പട്ടാളത്തെ ഏല്പിച്ചു. ഭരണഘടനയിലെ മതേതരത്വം അവർ പിച്ചിച്ചീന്തി. പൗരത്വ ബിൽ പസാക്കി. അഭയാർത്ഥികളോടുപോലും മതവൈരം പ്രകടിപ്പിക്കാൻ വേണ്ടി മാത്രമാണ് പൗരത്വബിൽ കൊണ്ടുവന്നത്. രാജ്യത്ത് ഇന്ത്യ‑പാകിസ്ഥാൻ വിഭജനകാലത്തിന്റെ സംഭ്രമജനകമായ അന്തരീക്ഷം ഉയർന്നുവരുന്നു.


ഇതുകൂടി വായിക്കൂ: ഉദ്ഘാടന മാമാങ്കത്തിനും മണിപ്പൂരില്‍ കാല് കുത്താതെ മോഡി


മണിപ്പൂർ എന്ന സംസ്ഥാനം ഇപ്പോഴും എരിയുകയാണ്. അവിടെ അരങ്ങേറിയ തെരുവുയുദ്ധത്തിൽ പട്ടാളവും പൊലീസും ചേർന്ന് എത്ര നിരപരാധികളെ കൊന്നൊടുക്കിയെന്ന് ഇന്നും വ്യക്തമല്ല. തികച്ചും പക്ഷപാതപരമായാണ് വംശീയകലാപത്തെ ബിജെപി സർക്കാർ കൈകാര്യം ചെയ്യുന്നത്. ജനാധിപത്യ അവകാശങ്ങൾക്കായി പൊരുതുന്ന പലസ്തീൻ ജനതയെ ഇസ്രയേൽ കൊന്നൊടുക്കുന്നതിനെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് കഴിയുന്നില്ല. ഇന്ത്യയുടെ വിദേശ നയത്തെയും സർക്കാർ കളങ്കിതമാക്കി.
ലോകത്ത് തൊഴിലില്ലായ്മ വര്‍ധിച്ച ഏറ്റവും വലിയ രാജ്യമായി ഇന്ത്യമാറി. മോഡി സർക്കാരിന്റെ പ്രതിവർഷം രണ്ട് കോടി പുതിയ തൊഴിലവസര വാഗ്ദാനം ജലരേഖയായി. വിദേശ ബാങ്കുകളിൽ കുന്നുകൂടിയ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം വിതരണം ചെയ്യും എന്നത് പാഴ്‌വാക്കായി. നോട്ട് പിൻവലിച്ചതിന്റെ ഫലമായി കള്ളപ്പണം വർധിച്ചു. വിലക്കയറ്റം ക്രമാതീതമായി. പൊതുമേഖലാ സ്ഥാപനങ്ങൾ ഒട്ടുമിക്കതും വില്പന നടത്തി. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രതിരോധ രംഗം എന്നിവ കഴിഞ്ഞ് ഇപ്പോൾ ചന്ദ്രയാൻ പോലും സ്വകാര്യ പങ്കാളിത്തത്തിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇത്തരം നടപടികളിലൂടെ രാജ്യത്തെ സമ്പദ്ഘടന തകരുകമാത്രമല്ല, രാജ്യസുരക്ഷയും പ്രതിസന്ധിയിലാകും.
മതവികാരം ആളിക്കത്തിച്ച്, പണമൊഴുക്കി, പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തി ഏത് ഹീനമാർഗത്തിലൂടെയാണെങ്കിലും അധികാരത്തിൽ തുടരണം എന്ന മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ജനാധിപത്യമല്ല ഏകാധിപത്യവും ഫാസിസവുമാണ് ബിജെപിയുടെ മുഖമുദ്ര. നടക്കാൻപോകുന്ന തെരഞ്ഞെടുപ്പിൽ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഇന്ത്യ മുന്നണി ഒരു വശത്തും, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കശാപ്പുകാർ മറുവശത്തുമായി അണിനിരക്കുകയാണ്. ഇന്ത്യൻ ജനത ഫാസിസത്തിനെതിരായി വിധിയെഴുതുമെന്ന് ഉറപ്പാണ്.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.