ഒരു ചിത്രം ആയിരം വാക്കുകളെക്കാള്‍ തീഷ്ണമായ ആശയം വിനിമയം ചെയ്യും. ഇതോടൊന്നിച്ചുള്ള രണ്ട് ചിത്രങ്ങള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേര്പ്പകര്പ്പുകളിലൊന്നാണ്. കേരളത്തിലെ ഒരു മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളുടെ ഉത്തരേന്ത്യയിലെ ചിത്രങ്ങള്‍. ഒന്ന് സിപിഐ നേതാവ് ആനിരാജ ഡല്‍ഹിയില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് വീണുകിടക്കുന്നതും മറ്റൊന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഹെെന്ദവ വേഷഭൂഷാദികളോടെ പ്രാര്‍ത്ഥിക്കുന്നതും. ഇവരാണ് വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
ഡല്‍ഹി പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആനിരാജ വീണുകിടക്കുന്നത് ആരാധനാലയ സന്ദര്‍ശനത്തിലെ തിരക്കിനിടയിലല്ല, ചേരി നിവാസികള്‍ക്ക് വേണ്ടിയുള്ള സമരത്തിനിടയിലാണ്. 2017ല്‍ ഡല്‍ഹിയിലെ കത്പുട്ലി ചേരി ഇടിച്ചുനിരത്തി ഒഴിപ്പിക്കാനുള്ള അധികാര ധാര്‍ഷ്ട്യത്തിനെതിരെയുള്ള സമരമായിരുന്നു അത്. നാല് ദശകങ്ങളായി താമസിച്ചിരുന്ന നാലായിരത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടിയായിരുന്നു സമരം. സ്റ്റീല്‍ ലാത്തിയുള്പ്പെടെയുള്ളവ ഉപയോഗിച്ചാണ് അന്ന് ആനി രാജയ്ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റത്.
അതിനു മുമ്പും ശേഷവും ഒട്ടേറെ സമരമുഖത്ത് ആനിരാജയുണ്ടായിരുന്നു. ഏറ്റവമൊടുവില്‍ 2023 ജൂലെെയില്‍ ആനി രാജയ്ക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. മണിപ്പൂരിലെ കലാപം ബിജെപി സർക്കാർ സ്പോണ്സർ ചെയ്തതാണെന്ന് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി പറഞ്ഞതിനായിരുന്നു കേസ്. ബിജെപി എംപി ബ്രിജ്ഭൂഷണിന്റെ ലെെംഗിക പീഡനത്തിനെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തിനൊപ്പവും 2019–20ല്‍ സിഎഎ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലും ആനി രാജയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനാ കുറ്റപത്രത്തിൽ ആനി രാജയുടെയും സിപിഐ(എം) നേതാവ് വൃന്ദാകാരാട്ടിന്റെയും പേരുള്പ്പെടുകയും ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പൊതുസമരമുഖത്തെ ചിത്രങ്ങള്‍ ഒരെണ്ണമെങ്കിലും കണ്ടെത്താന്‍ ആ പാര്‍ട്ടിക്ക് തന്നെ കഴിയില്ല. ഹെെന്ദവ മേഖലയില്‍ ഹിന്ദുവായും മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ഇസ്ലാമിക വേഷത്തിലും പ്രത്യക്ഷപ്പെടുന്നതല്ല ജനകീയ നേതൃത്വം. കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലെ എംപിമാരെ ഏറിയും കുറഞ്ഞുമൊക്കെ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞപ്പോള്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് മഹാബലിയെ എന്നതുപോലെ സ്വന്തം എംപിയെ കാണാന്‍ കാത്തിരിക്കേണ്ടി വന്നു.
ദേശാടനക്കിളിയെപ്പോലെയാണ് എംപിയുടെ വരവെന്നും മണ്ഡലത്തിന്റെ അഞ്ചുവർഷം പാഴായെന്നും വോട്ടര്‍മാര്‍ പറയുന്നുണ്ട്. മണ്ഡലത്തിന്റെ ഒരു പ്രശ്നത്തിലും ഇതുവരെ ഇടപെടാൻ കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ഏറ്റവും മോശം ഇടപെടലാണെന്നും ഹാജർ കുറവാണെന്നും അവിടെ നിന്നുള്ള രേഖകളും പറയുന്നു. വന്യജീവി-മനുഷ്യ സംഘര്‍ഷം രൂക്ഷമായ വയനാടിനുവേണ്ടി ഒരു ചാേദ്യം ചോദിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വയനാട്ടിൽ മത്സരിക്കരുതെന്ന് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷിതമായ മറ്റൊരു മണ്ഡലം കണ്ടെത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. 2019ൽ ശബരിമല വികാരമിളക്കിവിട്ടാണ് വയനാട് ഉൾപ്പെടെ 19 സീറ്റുകളില്‍ വിജയിച്ചതെന്ന കണക്കുകൂട്ടലില്ലാതെയാണ് രാഹുല്‍ ഗാന്ധിയുടെ രണ്ടാമൂഴം.
“തെരഞ്ഞെടുക്കപ്പെടുന്നവർ ജനപ്രതിനിധികളാണ്. ജനപ്രതിനിധി എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾക്കൊപ്പമായിരിക്കണം. അത് അവരുടെ കാരുണ്യമല്ല, മണ്ഡലത്തിലെ ജനങ്ങളുടെ അവകാശമാണ്. അനുകൂലിച്ചോ പ്രതികൂലിച്ചോ വോട്ട് ചെയ്താലും, തെരഞ്ഞെടുപ്പിനുശേഷം ഒരു ജനപ്രതിനിധി ഉണ്ടായിരിക്കുക എന്നത് മുഴുവൻ മണ്ഡലത്തിന്റെയും അവകാശമാണ്. ജനങ്ങള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും അതനുസരിച്ച് വോട്ടുചെയ്യുകയും ചെയ്യു”മെന്ന് ആനി രാജ ആത്മവിശ്വാസത്തിലാണ്.
English Summary:Pictures tell people’s politics
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.