19 December 2024, Thursday
KSFE Galaxy Chits Banner 2

റംസാൻ നോമ്പ് കാലത്തും പ്രതീക്ഷയറ്റ് പൈനാപ്പിൾ വിപണി

എവിൻ പോൾ
കൊച്ചി
March 24, 2024 10:06 pm

റംസാൻ വ്രതം ഒരാഴ്ച പിന്നിട്ടിട്ടും വിപണിയിൽ പൈനാപ്പിളിന്റെ വില ഉയരാത്തത് കർഷകർക്ക് കണ്ണീർ സമ്മാനിക്കുന്നു. പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് പഴത്തിന് എ ഗ്രേഡിന് 38 രൂപയും പച്ച എ ഗ്രേഡിന് 33 രൂപയുമാണ് ഇന്നലെ വില. ഇത്തവണ വേനൽ മഴ കിട്ടാത്തത് ആണ് പൈനാപ്പിൾ കർഷകർക്ക് തിരിച്ചടിയായത്. തോട്ടങ്ങളിൽ വലിയ രീതിയിൽ ഉണക്കം ബാധിച്ചതും കണ്ണാറ ചെടികൾ കനത്ത ചൂടിൽ വ്യാപകമായി വാടിപ്പോയതും ഉല്പാദനത്തെയും സാരമായി ബാധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉല്പാദനം ഗണ്യമായ രീതിയിൽ കുറഞ്ഞതായി വ്യാപാരികളും പറയുന്നു.
ഈ വർഷം ആദ്യം വിപണിയിൽ 50 രൂപ വരെ വില ഉയർന്നപ്പോൾ കർഷകർ ആശ്വസിച്ചിരുന്നതാണ്. റംസാൻ അടുത്തതോടെ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരും. സാധാരണയായി റംസാൻ വേളയിൽ പൈനാപ്പിൾ വില റെക്കോഡിൽ എത്തേണ്ടതാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം മാർച്ച് മാസം സ്പെഷ്യൽ ഗ്രേഡിന് 50 രൂപ വരെ വില ലഭിച്ചിരുന്നു. വിലക്കുറവും ഉല്പാദന ചെലവ് വർധിച്ചതും മൂലം കർഷകർക്ക് വലിയ നഷ്ടം ഉണ്ടാകുന്നു. കർഷകരിൽ നിന്ന് 30 രൂപയ്ക്ക് വാങ്ങുന്ന പൈനാപ്പിൾ ഇരട്ടി വിലയ്ക്ക് വിറ്റ് ഇടനിലക്കാർ ലാഭം കൊയ്യുന്നുമുണ്ട്. 

അതികഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പൈനാപ്പിൾ തോട്ടങ്ങളിൽ മടക്കലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് പുതയിടുകയാണ് കർഷകർ ഇപ്പോൾ ചെയ്യുന്നത്. കിണറുകളും തോടുകളും വറ്റിത്തുടങ്ങിയതിനാൽ തോട്ടങ്ങളിൽ നനയെത്തിക്കുന്നതും പ്രയാസമാണ്. വേനലിനെ നേരിടുന്നതിനു വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. വേനൽച്ചൂട് മൂലം ഉല്പാദനം 40 ശതമാനത്തോളം കുറഞ്ഞെന്നാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. ഉണക്കം ബാധിച്ചതോടെ എ ഗ്രേഡ് പൈനാപ്പിൾ പകുതി പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ചെടികൾക്ക് മഞ്ഞ നിറം ബാധിച്ച് കണ്ണാറകൾ നശിക്കുന്നതും പൈനാപ്പിൾ വലിപ്പം വയ്ക്കാതിരിക്കുന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
എറണാകുളം ജില്ലയിൽ വാഴക്കുളം മേഖലയിലാണ് പൈനാപ്പിൾ കർഷകർ സുലഭമായുള്ളത്. സമീപ പ്രദേശങ്ങളായ തൊടുപുഴ, കാളിയാർ, വണ്ണപ്പുറം മേഖലകളിലും മറ്റ് ജില്ലകളിലും പൈനാപ്പിൾ കൃഷിയുണ്ട്. 

Eng­lish Sum­ma­ry: pineap­ple mar­ket dur­ing Ramzan fasting

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.