22 November 2024, Friday
KSFE Galaxy Chits Banner 2

അത്യുഷ്ണം 43.3 ഡിഗ്രിയില്‍  ; വേനല്‍മഴയില്‍ 79 ശതമാനത്തിന്റെ കുറവ്

എവിൻ പോൾ
കൊച്ചി
March 25, 2024 9:50 pm
സംസ്ഥാനത്ത് അന്തരീക്ഷ താപനില സാധാരണ നിലയിൽ നിന്നും മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഇന്നലെ പാലക്കാട് എരിമയൂർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ താപനില 43.3 ഡിഗ്രി സെൽഷ്യസ്.
ഇന്നലെ സംസ്ഥാനത്തെമ്പാടും താപനില സാധാരണ നിലയേക്കാൾ ഉയർന്നതോടെ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെട്ടത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക്ക് വെതർ റെയിൻ ഗേജ് സ്റ്റേഷനിൽ നിന്നുള്ള കണക്കനുസരിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു ഇന്നലെ പകൽചൂട് കഠിനം. പാലക്കാട് ജില്ലയിലെ മറ്റ് സ്റ്റേഷനുകളായ കാഞ്ഞിരപ്പുഴയിൽ ഇന്നലെ 42.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ മങ്കരയിൽ 41.3 ഉം പട്ടാമ്പി സ്റ്റേഷനിൽ 40. 1 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. തൃശൂർ ജില്ലയിലെ വെള്ളാനിക്കര സ്റ്റേഷനിൽ 41.3 ഉം വിലങ്ങൻകുന്ന് 40. 3 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നത്ത് 41.2ഉം കൊല്ലം അഞ്ചലിൽ 40. 3 ഉം ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില ഉയർന്നത്.
മലയോര മേഖലയായ ഇടുക്കിയിലെ പീരുമേട് 39.3 ഉം അടിമാലി വെള്ളത്തൂവലിൽ 38.2 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. എറണാകുളം ജില്ലയിൽ ഇന്നലെ ശരാശരി 36.25 ഡിഗ്രി സെൽഷ്യസായിരുന്നു താപനില അനുഭവപ്പെട്ടത്. സംസ്ഥാനത്ത് വേനൽ മഴ ആരംഭിച്ചെങ്കിലും മാർച്ച് 1 മുതൽ ഇന്നലെ വരെ ആകെ രേഖപ്പെടുത്തിയത് 5.8 മില്ലി മീറ്റർ മഴ മാത്രമാണ്. സാധാരണയായി ഈ കാലയളവിൽ 27.5 മില്ലി മീറ്റർ മഴ രേഖപ്പെടുത്തേണ്ട സ്ഥാനത്താണ് ഈ വലിയ കുറവ്.
സംസ്ഥാനത്ത് വേനൽ മഴയുടെ ലഭ്യതയിൽ 79 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നത്.  സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇതുവരെ മഴയെത്താത്തതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തൽ. മലയോര ജില്ലയായ ഇടുക്കിയിലും 98 ശതമാനത്തിന്റെ മഴക്കുറവ് രേഖപ്പെുത്തി.
11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39, പത്തനംതിട്ട 38, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് 37, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കായിരിക്കും സാധ്യത.
Eng­lish Sum­ma­ry: Extreme heat; 79 per­cent reduc­tion in sum­mer rainfall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.