2 May 2024, Thursday

ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില ഉയരും

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 11:08 pm

രാജ്യത്തെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
സിക്കിം, ഝാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. വേനല്‍ക്കാലത്തെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് നാല് ഡിഗ്രിയോ അതിന് മുകളിലോ ചൂട് വര്‍ധിച്ചാലാണ് ഉഷ്ണ തരംഗമുണ്ടാകുക. 

ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. നാല്പത് ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. വേനല്‍ മഴ പരക്കെ ലഭിച്ചില്ലെങ്കില്‍ ചൂട് വളരെയധികം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴലിയും അറബിക്കടലില്‍ താപനില ക്രമാതീതമായി ഉയരുന്നതുമാണ് ചൂട് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. 

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

Eng­lish Sum­ma­ry: Scorch­ing heat wave; Tem­per­a­ture will rise in six dis­tricts of the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.