25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 22, 2024
November 20, 2024
November 20, 2024
November 20, 2024

കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം: ബിനോയ് വിശ്വം

സ്വന്തം ലേഖകൻ
കൊച്ചി
March 26, 2024 7:36 pm

കടുത്ത ഇടതുപക്ഷ വിരോധത്താൽ കേരളത്തിൽ ബിജെപിയും കോൺഗ്രസും സഖ്യം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കാസർഗോഡ് ജില്ലയിലെ പൈവളികെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസിന്റെ കപടമുഖം കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെയാണ് ഇടതുപക്ഷം പോരാടുന്നത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്നത് ഫാസിസ്റ്റ് ശക്തികളായ ബിജെപിക്കെതിരെയാണോയെന്ന് നേത‍ൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വോട്ട് ആന്റ് ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ പത്ത് വർഷമായി മോഡി ഭരണത്തിന് കീഴിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് ഒരു രാഷ്ട്രീയ മാറ്റം അനിവാര്യമായ സന്ദർഭമാണ്. ഇന്ത്യയിൽ രാഷ്ട്രീയത്തെ ഇപ്പോഴും ശരിയായ ദിശയിൽ നോക്കിക്കാണുന്നത് എൽഡിഎഫാണ്. അതുകൊണ്ടാണ് ദേശീയ തലത്തിൽ ബിജെപി-ആർഎസ്എസ് സഖ്യത്തെ താഴെയിറക്കാൻ ഇന്ത്യാ സഖ്യത്തെ ഇടതുപക്ഷം പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎൻയുവിൽ ഇടതുപക്ഷം ബിജെപി-ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപിയെ പരാജയപ്പെടുത്തിയത് വലിയ ശുഭസൂചനയാണ്. ഇന്ത്യയുടെ ഭാവിയുടെ വാഗ്ദാനങ്ങളായ യുവ വോട്ടർമാർ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാൻ വോട്ടർമാരെ സ്വാധീനിക്കാനായി കോടിക്കണക്കിന് രൂപ ഒഴുക്കുവാനാണ് ബിജെപി ഇലക്ട്രൽ ബോണ്ട് കൊണ്ടുവന്നത്. രാഷ്ട്രീയകക്ഷികൾക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മുഴുവൻ വെള്ളയാക്കാനുള്ള നീക്കങ്ങളായിരുന്നു ബിജെപി അവലംബിച്ചത്. എസ്ബിഐയോട് ഇതിന്റെ വിവരങ്ങൾ ഹാജരാക്കാൻ സുപ്രീംകോടതി പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം എസ്ബിഎയെ വിലക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് വേളയിൽ ഇലക്ട്രൽ ബോണ്ടിലൂടെ പണം നൽകിയവരുടെ വിവരങ്ങൾ പുറത്തറിയുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി ഭയന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാതിരിക്കാൻ കേന്ദ്രം എസ്ബിഐയെ പലവിധത്തിൽ സമ്മർദ്ദത്തിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ അവസാന നിമിഷം ബിജെപി സംസ്ഥാന അധ്യക്ഷനെ സ്ഥാനാർത്ഥിയായി നിയോഗിച്ചതിലൂടെ ഇവിടെയും കള്ളപ്പണം ഒഴുക്കുവാനുള്ള സാധ്യതയാണ് തെളിയുന്നത്. വയനാട്ടിലെ ഈ ഗൂഢ രാഷ്ട്രീയ നീക്കത്തെ എൽഡിഎഫ് ഭയപ്പെടുന്നില്ല. ഇതിനോടകം ദേശീയ ശ്രദ്ധ നേടിയിട്ടുള്ള മണ്ഡലത്തിൽ ദേശീയ തലത്തിലുള്ള കരുത്തുറ്റ നേതാവിനെ തന്നെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ബിജെപിക്കൊപ്പം ചേർന്ന് ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫുമായി സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രാധാന്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഫാസിസ്റ്റുകളായ ബിജെപി-ആർഎസ്എസ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള വലിയ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടാണ് ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തെ ഇടതുപക്ഷം പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ശർമ്മയെ അവസാന നിമിഷം മാറ്റിയതു സംബന്ധിച്ച് കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജയ്പൂർ ഡയലോഗുമായി ശർമ്മ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ചാണ് സുനിൽ ശർമ്മയെ മാറ്റിയത്. സുനിൽ ശർമ്മക്കെതിരെ വിമർശനം നടത്തിയ എഐസിസി വർക്കിംഗ് കമ്മിറ്റിയംഗമായ ശശി തരൂർ എം പി ബാബ്റി മസ്ജിദ് നേരത്തെ തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതായിരുന്നു എന്ന തരത്തിൽ സംസാരിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയെ പ്രീതിപ്പെടുത്തുന്ന പ്രസ്താവനകളാണ് ശശി തരൂർ എംപി നടത്തിയത്. യുക്തി ഉണ്ടെങ്കിൽ കോൺഗ്രസ് തിരുവനന്തപുരത്ത് ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് എൽഡിഎഫിന്റെ ഗ്യാരന്റിയെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Eng­lish Summary:Congress with BJP in Ker­ala: binoy viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.