മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024–25 സാമ്പത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചപ്പോള്‍ കേരളത്തോട് വിവേചനം കാണിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ അവിദഗ്ധ തൊഴിലാളികൾക്കുള്ള വേതനം 333 രൂപയിൽ നിന്നും 346 രൂപയായി മാത്രമാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുള്ളത്. കേരളത്തോട് ചേർന്നുള്ള കർണാടകത്തിൽ 316 രൂപ ആയിരുന്നത് 349 രൂപയാക്കി. 33 രൂപയുടെ വർധനവ്. തമിഴ് നാടിന് 25 രൂപ (8.5 ശതമാനം) വർധിപ്പിച്ചു. ഗോവയിൽ 34 രൂപയും (10. 56ശതമാനം വർധനവ്) തെലങ്കാനയിലും ആന്ധ്രയിലും 28 രൂപയും (10.29 ശതമാനം) വർധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 3.9 ശതമാനം മാത്രം വര്‍ധന. 13 രൂപയുടെ വർധനവ് മാത്രമാണ് വേതന വർധനയിലൂടെ വരുത്തിയിരിക്കുന്നത്.
വിവേചനങ്ങൾക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം 9.65 കോടി തൊഴിൽ ദിനങ്ങൾ നേടിയ കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് വെറും ആറ് കോടി തൊഴിൽ ദിനങ്ങൾ മാത്രമായിരുന്നു. എന്നാൽ ഒക്ടോബർ മാസത്തിൽത്തന്നെ സംസ്ഥാനം ആ ലക്ഷ്യം കൈവരിച്ചു. സംസ്ഥാനം നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി തൊഴിൽ ദിനങ്ങളുടെ എണ്ണം എട്ട് കോടിയായി വർധിപ്പിച്ചു തന്നു. 2023 ഡിസംബറിൽ തന്നെ കേരളം ഈ ലക്ഷ്യവും കൈവരിച്ചു. തുടർന്നുള്ള ശ്രമങ്ങളുടെ ഭാഗമായി 9.50 കോടിയായും പിന്നീട് 10. 50 കോടിയായും ഉയർത്തി. സംസ്ഥാനം ഇതുവരെ 9.88 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് കഴിഞ്ഞു.
അസംഘടിത മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലി മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരു യുക്തിയും യാഥാർത്ഥ്യബോധവുമില്ലാത്ത ഈ നടപടിയെ കേരളത്തോടുള്ള വിവേചനമായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂവെന്നും വേതന വർധനവിലെ ഈ വിവേചന നടപടി തിരുത്തി ന്യായമായ വർധനവ് വരുത്തണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. 750 കോടിയോളം വരുന്ന, ജനുവരി മാസം മുതലുള്ള കുടിശിക വേതന തുക ഉടൻ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എട്ടുമുതൽ 10 ശതമാനം വരെ വർധന
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധന എട്ടുമുതൽ 10 ശതമാനം വരെ. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി ഏഴു മുതൽ 34 രൂപ വരെ വർധിക്കും. പുതുക്കിയ വേതനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
34 രൂപ വർധനവോടെ ഗോവയിൽ തൊഴിലുറപ്പ് പ്രതിദിന കൂലി 356 രൂപയായി. ഏറ്റവും കുറവ് യുപിയിലാണ്. ഏഴു രൂപ വർധിച്ച് യുപിയിൽ 230 രൂപയാവും പ്രതിദിന തൊഴിലുറപ്പ് കൂലി. ഏറ്റവും കൂടുതൽ കൂലി ഹരിയാനയിലാണ്. വർധനവ് വരുന്നതോടെ 374 രൂപയാകും.
ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കൂലി വര്‍ധന. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നതില്‍ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിന് ശുപാർശ നൽകിയിരുന്നു.
English Summary: Employment Guarantee Scheme: Discrimination against Kerala in wage hike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.