21 May 2024, Tuesday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

മോഡി-രാംദേവ് കൂട്ടുകെട്ടിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2024 11:21 pm

മോഡി-രാംദേവ് അവിശുദ്ധ കൂട്ടുകെട്ടിനെ കുടഞ്ഞെറിഞ്ഞ് സുപ്രീം കോടതി. രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ മുന്നറിയിപ്പ് ലംഘിച്ച് പതഞ്ജലി ഉല്പന്നങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഗുണകരമെന്ന വ്യാജ പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിച്ചു. കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ഉടമ രാംദേവും കമ്പനി മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണയും സമര്‍പ്പിച്ച മാപ്പ് സത്യവാങ്മൂലം കോടതി തള്ളി.

പതഞ്ജലി ഉല്പന്നങ്ങളുടെ വ്യാജ പരസ്യങ്ങളും അലോപ്പതി ചികിത്സാ രീതിയെ വിമര്‍ശിച്ച് രാംദേവ് നടത്തിയ പ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം പതഞ്ജലി സമര്‍പ്പിച്ച മാപ്പ് സത്യവാങ്മൂലത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് കേസ് ഇന്ന് പരിഗണിച്ച ജസ്റ്റിസുമാരായ ഹിമാ കോലി, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി. 

ബാലകൃഷ്ണയുടെ സത്യവാങ്മൂലത്തില്‍ ഒരിടത്ത് നിരുപാധികം എന്നു പറയുമ്പോള്‍ മറ്റൊരിടത്ത് കോടതി നിര്‍ദേശ പ്രകാരം മാപ്പപേക്ഷ എന്ന പരാമര്‍ശം ബെഞ്ച് ചൂണ്ടിക്കാട്ടി. സമയപരിധി കഴിഞ്ഞ് സമര്‍പ്പിച്ചതിനാല്‍ രാംദേവിന്റെ മാപ്പപേക്ഷ ലഭിച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളുടെ പേരില്‍ രാംദേവിനോടും ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇരുവരെയും ഒരക്ഷരം ഉരിയാടാന്‍ ബെഞ്ച് അനുവദിച്ചില്ല.
സത്യവാങ്മൂലത്തിലെ ചില രേഖകളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച കോടതി വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.

Eng­lish Sum­ma­ry: Supreme Court crit­i­cizes Modi-Ramdev alliance

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.