ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ പരസ്യമായി വേണ്ട രഹസ്യമായി മതിയെന്ന നിലപാടില്‍ കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘടനയെന്ന രീതിയിൽ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നും വ്യക്തിപരമായി ആരുടെയും വോട്ട് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മതതീവ്രവാദ കക്ഷിയായ എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ അത് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോയെന്ന ഭയമാണ് പരസ്യപിന്തുണയെ തള്ളിപ്പറയാന്‍ ഇടയാക്കിയതെന്നാണ് വിവരം. എന്നാല്‍ എസ്ഡിപിഐയുമായി വി ഡി സതീശനും കെ സുധാകരനും എം എം ഹസനും ചര്‍ച്ച നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. സഖ്യം വിവാദമായതോടെ വോട്ട് രഹസ്യമായി വാങ്ങി പിന്തുണയെ തള്ളിപ്പറയാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കില്ലെന്നും സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും എസ്ഡിപിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യുഡിഎഫില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലടക്കം ചര്‍ച്ച ചെയ്യാതെ ചിലര്‍ മാത്രം നടത്തിയ എസ്‌ഡിപിഐ സഖ്യനീക്കത്തില്‍ കോണ്‍ഗ്രസില്‍ അസംതൃപ്തിയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമെല്ലാം ഈ സഖ്യത്തെ എതിര്‍ത്തിരുന്നു. മുസ്ലിം ലീഗും ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതിനാലാണ് അഭിപ്രായം പറയാൻ വൈകിയതെന്നാണ് വി ഡി സതീശന്റെ വാദം. യുഡിഎഫിൽ ആലോചിച്ച ശേഷമാണ് എസ്ഡിപിഐയുടെ പിന്തുണ നിരസിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതായി അറിയില്ലെന്നാണ് ആര്‍എസ്‌പി നേതാവും കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം ഏതൊരു സംഘടനയ്ക്കുമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് പ്രേമചന്ദ്രന്റെ പ്രതികരണം. വോട്ട് ആരുടെ ആയാലും വേണമെന്നും വര്‍ഗീയ ശക്തികളുമായി ഒരുമിച്ച് പോകില്ലെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്.
അതേസമയം വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പതാക ഉപയോഗിച്ചിട്ടില്ലെന്നും കഴിഞ്ഞ തവണ മുസ്ലീംലീഗ് പതാക ഉപയോഗിച്ചത് ബിജെപി ചർച്ചയാക്കിയെന്നും വി ഡി സതീശനും എം എം ഹസനും വ്യക്തമാക്കുകുയും ചെയ്തു.
വർഗീയ ബന്ധം , യുഡിഎഫ് ഇരുട്ടിൽ തപ്പുന്നു: ബിനോയ് വിശ്വം
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് യുഡിഎഫിലുള്ള അന്തഃഛിദ്രം പുറത്തു വന്നുകഴിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിന്തുണ വേണ്ട എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനോട് വിയോജിച്ചുകൊണ്ട് ആർഎസ്‌പി രംഗത്ത് വന്നിരിക്കുന്നു. നാവുകൊണ്ടു മാത്രം മതേതരത്വം പറഞ്ഞ് എല്ലാത്തരം വർഗീയ ശക്തികളുമായും കൈകോർക്കുന്ന യുഡിഎഫ് തന്ത്രമാണ് തുറന്നു കാണിക്കപ്പെട്ടത്. പരസ്യമായാണോ രഹസ്യമായാണോ ഈ ബാന്ധവം നടത്തേണ്ടത് എന്നതിനെ ചൊല്ലിമാത്രമാണ് അവർ തമ്മിൽ കലഹിക്കുന്നത്. അന്ധമായ ഇടതുപക്ഷ വിരോധംമൂലം കണ്ണ് കാണാതായ യുഡിഎഫ് നേതാക്കൾക്ക് രാഷ്ട്രീയത്തിലെ ഇരുളും വെളിച്ചവും ഒരുപോലെയാണ്.
ഇടതുപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങൾ എന്നത് ജനാധിപത്യാവകാശങ്ങളുടെ അലംഘനീയ ഭാഗമാണ്. അതുകൊണ്ടാണ് മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും ഉറച്ചു നിൽക്കുന്നത്.
വോട്ട് വന്നാലും പോയാലും ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
English Summary: SDPI support: Enough of ‘secret’, says Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.