മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ തൃശൂർ പൂങ്കുന്നത്തെ ‘മുരളീമന്ദിര’ത്തിൽ വച്ച് 35 കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ഓർമ്മദിനത്തിലാണ് മകൾ പത്മജ വേണുഗോപാൽ കോൺഗ്രസുകാരെ ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചത്. തൃശൂരിലെ യുഡിഎഫ് പാർലമെന്റ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ‘പേരി‘ലുള്ളതാണ് വീടെങ്കിലും പത്മജക്കാണ് അവകാശമെന്ന് പറയുന്നു. അതുകൊണ്ടാണ് ലീഡറുടെ സ്മൃതിമണ്ഡപത്തിന് സമീപത്തു വച്ചു തന്നെ കോൺഗ്രസിന്റെ കാലുവാരലിനും ചതിക്കും മറുപടി നൽകിയതെന്ന് പത്മജ പറയുന്നു. ജില്ലയിൽ ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലാത്ത കെ മുരളീധരൻ ഭിന്നിച്ചു നിൽക്കുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരറ്റത്തു നിന്നും കൂട്ടിക്കെട്ടി തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താൻ പ്രയത്നിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹോദരിയുടെ ‘പുറകിൽ നിന്നുള്ള കുത്ത്’.
മുരളീധരൻ കോൺഗ്രസ് ജില്ലാ നേതാക്കൾക്കൊപ്പം മുരളീമന്ദിരത്തിലെ കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ കരുണാകരന്റെ ഓർമ്മദിനത്തിലും മറ്റു പ്രധാന ദിവസങ്ങളിലും ഇവിടെ പുഷ്പാർച്ചനയും മറ്റു ചടങ്ങുകളും നടത്താറുണ്ട്. മുരളീമന്ദിരം ബിജെപി നേതാക്കളുടെ രാഷ്ട്രീയ വിഹാരകേന്ദ്രമായി മാറിയതിലുള്ള ഞെട്ടലിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം.
അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാൻ ജീവിച്ചിരിക്കുമ്പോൾ സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സംഘികളുടെ മുദ്രാവാക്യം കേൾക്കേണ്ട അവസ്ഥയൊന്നും കെ കരുണാകരനില്ല. എന്റെ അമ്മയുടെയും അച്ഛന്റെയും സ്മൃതിമണ്ഡപത്തിൽ പ്രാർത്ഥിച്ചാൽ ബുദ്ധിയില്ലാത്തവർക്ക് ബുദ്ധിവരും. ഇന്ന് പ്രാർത്ഥിച്ചവർക്ക് നാളെ ബുദ്ധിവരും. പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ശത്രുപാളയത്തിന് ഒറ്റിക്കൊടുക്കുന്നത് അച്ഛന്റെ ആത്മാവ് പൊറുക്കില്ല. അമ്മ മരിച്ചതിന്റെ ഓർമ്മദിനം രാഷ്ട്രീയമായ ഒരു കാര്യത്തിന് ഉപയോഗിച്ചത് ശരിയായില്ലെന്നും തരംതാണ നടപടിയായെന്നും മുരളീധരൻ പറഞ്ഞു.
തൃശൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ തുടങ്ങിയവരുള്‍പ്പെടെയാണ് ഇന്നലെ ബിജെപിയിൽ അംഗത്വമെടുത്തത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് ഈ കൊഴിഞ്ഞുപോക്ക്. മനസുമടുത്തവരാണ് കോൺഗ്രസ് വിടുന്നതെന്നും തെരഞ്ഞെടുപ്പു കഴിയുന്നതോടെ കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്നും അച്ഛനുവേണ്ടി കൂടിയാണ് താനിത് ചെയ്യുന്നതെന്നും പത്മജ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല‑സംസ്ഥാന നേതാക്കളും പങ്കെടുത്തു. കോൺഗ്രസ് കൂടെനിർത്തി ചതിക്കുന്നവരാണെന്നും തൃശൂരിലെ കോൺഗ്രസ് നേതൃത്വവും മുൻ ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റും സംഘവും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിനു ശേഷം പത്മജ ആരോപണം ഉന്നയിച്ചിരുന്നു.
English Summary: Congress members to BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.