18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇവിഎം സുതാര്യത ഉറപ്പുവരുത്തണം

Janayugom Webdesk
April 20, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനി (ഇവിഎം) ൽ രേഖപ്പെടുത്തുന്ന മുഴുവൻ വോട്ടുകളുടെയും വിവി പാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി, വിധി പറയുന്നതിനായി മാറ്റിയിരിക്കുകയാണ്. ഏർപ്പെടുത്തിയ ഘട്ടം മുതൽതന്നെ രാഷ്ട്രീയ കക്ഷികളിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും ഇവിഎമ്മുകളുടെ ക്രമക്കേട് സാധ്യതകൾ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നതാണ്. സമ്മതിദായകന് താൻ വോട്ട് ചെയ്ത ചിഹ്നത്തിൽത്തന്നെയാണോ അത് പതിഞ്ഞതെന്ന് മനസിലാക്കുന്നതിനുള്ള സംവിധാനം നിലവിലില്ലെന്നതായിരുന്നു ആദ്യ പോരായ്മ. അതുപോലെത്തന്നെ മനുഷ്യനിർമ്മിതമാണ് ഇവിഎമ്മുകളിലെ സജ്ജീകരണങ്ങൾ എന്നതും ക്രമീകരണഘട്ടത്തിൽ നടത്തുന്ന പ്രോഗ്രാമുകളെ ആശ്രയിച്ചാണ് പ്രവർത്തനങ്ങൾ എന്നതും ഇതിന്റെ വിശ്വാസ്യതയ്ക്കുമേൽ ഉന്നയിക്കപ്പെട്ട വസ്തുതാപരമായ സംശയങ്ങളിൽപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലാണെങ്കിൽ ക്രമീകരണഘട്ടത്തിലെ ക്രമക്കേടുകൾക്കുള്ള സാധ്യത വർധിക്കുകയും ചെയ്തിരിക്കുന്നു. താൻ വോട്ട് ചെയ്ത ചിഹ്നത്തിനുതന്നെയാണോ വോട്ട് പതിഞ്ഞതെന്ന് അറിയാനുള്ള സമ്മതിദായകന്റെ അവകാശത്തിന് പരിഹാരമായാണ് പിന്നീട് വിവി പാറ്റുകൾ കണ്ടെത്തിയതും പ്രാബല്യത്തിലായതും. നൈമിഷികമായ കാഴ്ചാ സമയമേ കിട്ടുന്നുള്ളൂ എന്നതുകൊണ്ട് പ്രസ്തുത പ്രശ്നത്തിനുള്ള ആത്യന്തിക പരിഹാരമായി അത് അനുഭവപ്പെടുന്നില്ലെന്ന സ്ഥിതിയുണ്ട്. വോട്ട് ചെയ്യുന്ന ഇവിഎമ്മിന്റെ പരിസരത്തായി ക്രമീകരിച്ചിരിക്കുന്ന മറ്റൊരു സംവിധാനത്തിൽ മിന്നിമറിയുന്ന ഏഴുസെക്കന്റുകൾക്കുള്ളിൽ പ്രത്യേകമായ ഗ്ലാസ് കൂട്ടിനകത്ത് വീഴുന്ന സുതാര്യമായ സ്ലിപ്പ് കണ്ണിൽപ്പെട്ടാൽ മാത്രമേ വോട്ട് ഏത് ചിഹ്നത്തിലാണ് പതിഞ്ഞത് എന്ന് സമ്മതിദായകന് മനസിലാക്കുവാൻ സാധിക്കൂ. തിരക്കുപിടിച്ച വോട്ടിങ് സമയങ്ങളിലും വോട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള പരിഭ്രമത്തിനിടയിലും കൃത്യമായി സമ്മതിദായകന് അത് മനസിലാക്കുവാൻ സാധിക്കണമെന്നില്ല. കാഴ്ചയിൽ നേരിയ പരിമിതിയെങ്കിലുമുള്ളവരെ സംബന്ധിച്ചും ഈ അവകാശം കൃത്യമായി പാലിക്കപ്പെടില്ലെന്നതും വസ്തുതയാണ്. ഇത്തരം നിരവധി പരിമിതികൾ ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല പല തെരഞ്ഞെടുപ്പുകളിലും സംശയാസ്പദമായ അനുഭവങ്ങൾ ഉണ്ടായതും ഇവിഎം ഉപയോഗത്തിനെതിരായ ചർച്ചകൾ സജീവമാക്കി. ഈയൊരു പശ്ചാത്തലത്തിലാണ് വിവി പാറ്റുകൾ മുഴുവനായി എണ്ണണമെന്ന ആവശ്യത്തിന് ശക്തിയേറിയതും നിയമയുദ്ധത്തിന് വഴിതുറന്നതും.

 


ഇതുകൂടി വായിക്കൂ: പൊതുതെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കോ?


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചില ബൂത്തുകളിൽ പോലും തങ്ങൾ ചെയ്തിട്ടില്ലാത്ത ചിഹ്നത്തിന് വോട്ടു പതിഞ്ഞതായി അനുഭവപ്പെട്ട സാഹചര്യമുണ്ടായിരുന്നു. അതേഘട്ടത്തിൽത്തന്നെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സമാനമായ ആരോപണമുയർന്നിരുന്നു. ഇപ്പോഴാകട്ടെ കേരളത്തിൽ കാസർകോട് മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയ സംഭവവുമുണ്ടായിരിക്കുന്നു. വിവി പാറ്റ് സംബന്ധിച്ച വാദം നടക്കുന്നതിനിടെയുണ്ടായ ഈ സംഭവം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ഇത് സംബന്ധിച്ച് പരിശോധിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ 10 ഓപ്ഷനാണുള്ളത്. ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചു. ബിജെപി ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാസർകോട് അസംബ്ലി മണ്ഡലം ഉപവരണാധികാരി ലോക്‌സഭാ മണ്ഡലം വരണാധികാരിയും കാസർകോട് കളക്ടറുമായ കെ ഇമ്പശേഖറിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഇത്തരമൊരു സംഭവമുണ്ടായില്ലെന്ന നിഷേധാത്മക നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതി മുമ്പാകെ സ്വീകരിച്ചിരിക്കുന്നത്. കാസർകോടിന് പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ് കണ്ടെത്തിയതായി പരാതിയുണ്ട്. ഇവിഎമ്മില്‍ ഒമ്പത് വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. അവിടെയും ബിജെപി ചിഹ്നത്തിലാണ് അധികമായി ഒരു വോട്ട് രേഖപ്പെടുത്തിയത്.
ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽത്തന്നെ ആവശ്യം അംഗീകരിക്കപ്പെടണമെന്ന പ്രതീക്ഷയിലാണ് ഹർജികൾ സുപ്രീം കോടതിയുടെ മുന്നിലെത്തിയതെങ്കിലും വ്യാഴാഴ്ച വാദം പൂർത്തിയാക്കി വിധി പറയുന്നതിന് മാറ്റിയിരിക്കുകയാണ്. വാദത്തിന്റെ എല്ലാ ഘട്ടങ്ങളിലും തികച്ചും നിഷേധാത്മകവും വിതണ്ഡവാദപരവുമായ സമീപനങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വോട്ട് ചെയ്തതിന് ശേഷം വോട്ടർക്ക് സ്ലിപ്പ് ലഭിക്കുമോയെന്ന ചോദ്യത്തിന് വോട്ടിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു കമ്മിഷൻ നിലപാട്. വിവി പാറ്റ് സമ്മതിദായകന് ലഭ്യമാക്കുകയും അപ്പോൾത്തന്നെ മറ്റൊരു ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യാമോ എന്ന നിർദേശത്തെയും എതിർക്കുകയാണ് ചെയ്തത്. വിവി പാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണുന്നതിന് യന്ത്രങ്ങൾ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് പേപ്പർ കനം കുറഞ്ഞതും ഒട്ടിപ്പിടിക്കുന്നതുമാണെന്നും എണ്ണാൻ ഉദ്ദേശിച്ചുള്ളതല്ലെന്നുമായിരുന്നു വാദങ്ങൾ. സമ്മതിദായകന്റെ താല്പര്യങ്ങളല്ല മറ്റാരുടെയോ സമ്മർദങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധി അനുകൂലമായാലും ഈ തെരഞ്ഞെടുപ്പിൽ അത് പ്രാബല്യത്തിലാകുന്നതിന് സാധ്യതയില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യവും നീതിപൂർവകവുമായ നടത്തിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണ്. അതിന് സമ്മതിദായകന്റെ താല്പര്യങ്ങൾക്കാണ് കമ്മിഷൻ മുൻഗണന നൽകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.