19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

നാദ‑വര്‍ണ വിസ്മയമായി പൂരം

ബിനോയ് ജോര്‍ജ് പി
തൃശൂർ
April 19, 2024 10:33 pm

തീവെയിലിനെ വീശിയകറ്റി പതിനായിരങ്ങള്‍ പൂരാവേശത്തില്‍ അലിഞ്ഞു ചേർന്നു. തേക്കിന്‍ക്കാട്ടിലും സ്വരാജ് റൗണ്ടിലും ചുറ്റുമുള്ള റോഡുകളിലുമെല്ലാം മനുഷ്യക്കടൽ നിറഞ്ഞൊഴുകിയപ്പോള്‍ നാദ‑വര്‍ണവിസ്മയമായി തൃശൂര്‍ പൂരം പെയ്‌തിറങ്ങി. തെക്കേ ഗോപുരവാതിലിലൂടെ വടക്കുംനാഥനിലേക്ക് ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. തുടര്‍ന്ന് പനമുക്കുംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ട് കാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാർ സമയക്രമം പാലിച്ചുതന്നെ എഴുന്നള്ളിയെത്തി. ഒരു മണിയോടെ ഘടക പൂരങ്ങളുടെ പകൽ എഴുന്നള്ളിപ്പുകൾ സമാപിച്ചു. മേള‑വാദ്യ‑ദൃശ്യ വിസ്മയങ്ങളും പൂരത്തിന്‌ കൊഴുപ്പേകി. ഘടക പൂരങ്ങള്‍ വടക്കുംനാഥനിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പതിനൊന്നരയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അമരക്കാരന്‍ കോങ്ങാട് മധുവായിരുന്നു. തൃശൂര്‍ പൂരത്തില്‍ 41 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള മധു, പ്രാമാണികനായിട്ട് എട്ടാം വര്‍ഷം. തിരുവമ്പാടി ഭഗവതി, മഠത്തില്‍ നിന്നും മൂന്നാനയുമായി ആരംഭിച്ച എഴുന്നള്ളത്ത് നായ്ക്കനാലില്‍ നിന്നും പൂരപ്പറമ്പിലേക്ക് പ്രവേശിച്ചപ്പോൾ 15 ആനകളായി. പഞ്ചവാദ്യത്തിന് പകരം മേളം പാണ്ടിയിലേക്ക് മാറി. 

പാണ്ടിമേളത്തിന്റെയും 15 ഗജവീരന്മാരുടെയും അകമ്പടിയോടെ കിഴക്കെ നടയിലൂടെ പാറമേക്കാവ് ഭാഗവതി വടക്കുംനാഥനിലേക്കെത്തുമ്പോള്‍ ഭഗവതിയുടെ തിടമ്പേറ്റിയത് ഗുരുവായൂര്‍ നന്ദനാണ്. രണ്ടരയോടു കൂടി പാറമേക്കാവിന്റെ ലോക പ്രശസ്തമായ ഇലഞ്ഞിത്തറയിലെ സിംഫണി. ഇലഞ്ഞിച്ചോട്ടില്‍ കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രാമാണിയാകുന്നത് രണ്ടാം വര്‍ഷമാണ്. 250ഓളം കലാകാരന്മാര്‍ ഒന്നിച്ച മേളപ്പെരുമഴയ്ക്ക് നാലരയോടെ സമാപനം. ശാന്തമായ സമുദ്രം പോലെ ജനാവലി കുടമാറ്റത്തിനായി തെക്കെനടയിലേക്ക് ഒഴുകി. പാറമേക്കാവ് ഭഗവതി കോര്‍പറേഷനു മുന്നിലെ പ്രതിമയെ വലംവച്ച് തിരിച്ച് പൂരപ്പറമ്പിലേക്ക് കയറി തെക്കേഗോപുരത്തിന് അഭിമുഖമായി നിലയുറപ്പിച്ചതോടെ തൃശൂര്‍ പൂരത്തിന് മാത്രം സ്വന്തമായ വര്‍ണവിസ്മയങ്ങളുടെ കുടമാറ്റത്തിന് തുടക്കമായി. ചുവപ്പും പച്ചയും മഞ്ഞയും നീലയുമെല്ലാം ചേര്‍ന്ന പട്ടുകുടകള്‍ക്ക് പുറമെ നിരവധി വ്യത്യസ്ത രൂപങ്ങള്‍ തീര്‍ത്ത കുടകളും എല്‍ഇഡി കുടകളും പലനില കുടകളുമെല്ലാം മാറ്റുകൂട്ടി. 15 കുടകള്‍ വീതമുള്ള 50 ഓളം സെറ്റ് കുടകളാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്. രാത്രി വീണ്ടും എട്ട് ഘടകക്ഷേത്രങ്ങളുടെ പൂരങ്ങള്‍ ആവര്‍ത്തിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ പൂരവും രാത്രി ആരംഭിച്ച് പുലര്‍ച്ചെ അവസാനിച്ചു. ഇന്ന് ദേശക്കാരുടെ പകല്‍പ്പൂരം. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ രാവിലെ പകല്‍പ്പൂരത്തിലെഴുന്നെള്ളിയെത്തി ഉച്ചയ്ക്ക് ഒരു മണിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരം സമാപിക്കും.

Eng­lish Summary:thrissur pooram 2024
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.