23 December 2024, Monday
KSFE Galaxy Chits Banner 2

കാലാതീതമായ ആശയങ്ങൾ

Janayugom Webdesk
April 21, 2024 5:00 am

മാറ്റങ്ങളും പുതുവഴികളും മാനവികതയ്ക്ക് പരിചയപ്പെടുത്തിയ മഹാനായ ലെനിന്റെ ഒരുജന്മനാൾ കൂടി കടന്നുവരികയാണ്. 1870 ഏപ്രിൽ 22നായിരുന്നു വ്ലാദിമിർ ഇല്ലിച്ച് ലെനിൻ (ഉല്യാനോവ്) പിറന്നത്. സർവ സൃഷ്ടിക്കും ഉറപ്പായുള്ളത് അവസാനവും മാറ്റവുമാണ്. മാറ്റത്തിന് മാത്രം അവസാനമില്ല, അത് ആവർത്തിക്കുന്നുമില്ല. പഴയതും പുതിയതുമായ ഘട്ടങ്ങൾ മാത്രമേയുള്ളൂ. പുതിയതിന് ആധിപത്യമുണ്ട്, പഴയത് വിസ്മൃതിയിലാഴുന്നു. സാമൂഹിക സാമ്പത്തിക ശക്തികൾ വികസിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ളവ തുടരുകയല്ല; പുതിയ ശക്തികൾ രൂപപ്പെടുകയാണ്. ഇന്ത്യ ഇത്തരം വ്യവസ്ഥയുടെ തനിപ്പകര്‍പ്പായിരിക്കുന്നു. മുതലാളിത്തം സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിലാണ് മെരുക്കപ്പെടുന്നത്. അതാകട്ടെ ജീർണ മുതലാളിത്തത്തിൽ അന്തർലീനവുമാണ്. മാർക്സിസത്തിന്റെ സൈദ്ധാന്തിക അടിത്തറയെ സമ്പന്നമാക്കി ലെനിൻ പ്രവചിച്ച ഒരു യാഥാർത്ഥ്യം കൂടിയാണിത്. 21-ാം നൂറ്റാണ്ടിലാണ് ലോകം. ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ പുതിയ പാതകൾ ക്രമപ്പെടുകയാണ്. പുതിയ കണ്ടെത്തലുകളും അറിവുകളും തീർക്കുന്ന അടിത്തറകൾ ലോകത്തിൽ മാറ്റങ്ങളുടെ ഗതിവിഗതികൾക്ക് ആക്കം പകരുന്നു. പരാദവും ജീർണവുമായ കുത്തക മുതലാളിത്തമാണ് സാമ്രാജ്യത്വത്തിന്റെ മുഖമെന്ന് ലെനിൻ നിർവചിച്ചു. സാമ്രാജ്യത്വത്തിന്റെ ഉള്ളടക്കം മത്സരം ഇല്ലാതാക്കുകയാണ്. അത് സഖ്യങ്ങളും വ്യാപാരക്കൂട്ടുകെട്ടുകളും ആഗ്രഹിക്കുന്നു. ഉല്പാദന കേന്ദ്രീകരണം ഉടമകളുടെ സമിതികൾ ഉണ്ടാക്കുന്നതിന് കുത്തകകളെ സഹായിച്ചു, കുത്തകവൽക്കരണത്തിന്റെ ഭാഗമായി മാറുന്ന വ്യവസായ സംരംഭങ്ങളിൽ ബാങ്കുകളും ചേർന്നു. ഇവിടെ ധനമൂലധനം കുത്തക വ്യവസായ ബാങ്ക് മൂലധനമായി മാറുന്നു.

 


ഇതുകൂടി വായിക്കൂ: നിലപാടുകളില്ലാത്ത കോണ്‍ഗ്രസിന്റെ ദുരവസ്ഥ


കുത്തക വ്യാവസായിക മൂലധനം സാമ്പത്തിക സ്വയംഭരണം നടത്തുകയും ലോക വിപണിയുടെ കടിഞ്ഞാൺ കൈക്കലാക്കുകയും ചെയ്യുന്നു. ഒപ്പം വിപണിയെ പരസ്പരം വിഭജിക്കുന്നു. ധനമൂലധനത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ഇത് ലോകത്തിന്റെ സാമ്പത്തികവും പ്രാദേശികവുമായ രാഷ്ട്രീയ വിഭജനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ ധനമൂലധനത്തിന്റെ ഇടപെടൽ മൂലം വ്യാപകമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ ദുരിതങ്ങള്‍ പെരുകുന്നു, ആത്മഹത്യകളിലേക്ക് നയിക്കുന്നു. കൊടിയ അധ്വാനത്തിനും കുറഞ്ഞ കൂലി ലഭിക്കുന്ന പുതിയ അടിമകളായി തൊഴിലാളികൾ മാറി. വേദനാജനകമായ അരാജകത്വത്തിന് ഉത്തരവാദികളായവർക്ക് അധികാരത്തിലുള്ളവരിൽ നിന്ന് സഹായവും ലഭിക്കുന്നു. സമ്പദ്‌വ്യവസ്ഥ എങ്ങനെ രാഷ്ട്രീയമാകുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ ഇന്ത്യ. 1988ൽ ഒരു ചരക്ക് വ്യാപാരവുമായി ആരംഭിച്ച അഡാനി ഗ്രൂപ്പ് ഇന്ന് തുറമുഖങ്ങൾ, സെസ്, റോഡുകൾ തുടങ്ങി വിമാനത്താവളങ്ങൾ, ഊർജം, ഗ്യാസ്, കാർഷിക മേഖല, വെയർഹൗസിങ് തുടങ്ങി എണ്ണമില്ലാത്ത സംരംഭങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ സമുച്ചയമായി പന്തലിച്ചിരിക്കുന്നു. അഡാനിയുടെ അഭൂതപൂർവമായ വളർച്ചയും നരേന്ദ്ര മോഡിയുടെ രാഷ്ട്രീയവളർച്ചയും പരസ്പരപൂരകങ്ങളാണ്. ഇവ രണ്ടും ഒരേ കാലയളവിൽ സംഭവിച്ചതുമാണ്. കുത്തക ധനമൂലധനത്തിന്റെ പ്രവർത്തന മേഖല എങ്ങനെയാകണമെന്നതിന്റെ ഉദാഹരണവുമാകുകയാണ് ഇന്ത്യ. അഡാനിയെപ്പോലെ, മുകേഷ് അംബാനിയും അഭൂതപൂർവമായ സാമ്പത്തിക കരുത്ത് ആസ്വദിക്കുന്നു. മുകേഷ് അംബാനി രാജ്യത്തിന്റെ വർത്തമാന രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും ഇത്രയധികം നിയന്ത്രണം നടത്തുന്നത് തന്റെ സാമ്പത്തിക കരുത്തിലാണ്.
പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് വേൾഡ് ഇൻഇക്വാലിറ്റി ലാബ് എഴുതിയ ഒരു പ്രബന്ധം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു; “2022–23 ആകുമ്പോഴേക്കും ഒരു ശതമാനത്തിന്റെ വരുമാനത്തിന്റെയും സമ്പത്തിന്റെയും വിഹിതം (22.6 ശതമാനവും 40.1 ശതമാനവും) ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തും. ഇന്ത്യയുടെ ഉയർന്നവരുമാനമുള്ള ഒരു ശതമാനത്തിന്റെ സമ്പദ്‌വിഹിതം ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുഎസ് തുടങ്ങി ലോകത്തിലെ ഏറ്റവും ഉയർന്ന രാജ്യങ്ങളിലേതിനെക്കാൾ ഉയർന്നതാകും. റിലയൻസിന്റെ മുകേഷ് അംബാനിയും അഡാനി ഗ്രൂപ്പിന്റെ ഗൗതം അഡാനിയും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10,000 വ്യക്തികൾക്ക് ശരാശരി 2260 കോടിയുടെ സമ്പത്തുണ്ട്. ഇന്ത്യയിലെ ആധുനിക ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ‘കോടീശ്വര രാജ്’ ബ്രിട്ടീഷ് രാജിനെക്കാൾ അസമത്വം നിറഞ്ഞതാണ്”. ഇന്ത്യയിലെ വരുമാനവും സമ്പത്തിക അസമത്വവും 2022–23: കോടീശ്വര രാജിന്റെ ഉയർച്ച എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണ പ്രബന്ധം 2014–15നും 2022–23നും ഇടയിൽ മേൽത്തട്ടിൽ പോലും പ്രകടമാകുന്ന അസമത്വത്തിന്റെ വളർച്ച വ്യക്തമാക്കിയിരുന്നു.

2014ൽ വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നുപോലും പാലിച്ചില്ല. സമ്പന്നരും ഗ്രാമീണ ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുന്നു എന്നതാണ് മോഡി ഭരണത്തിന്റെ സവിശേഷത. മോഡി ഭരണം അധികാരത്തിന്റെ അനിയന്ത്രിതമായ കേന്ദ്രീകരണത്തെ പ്രതിനിധീകരിക്കുന്നു. അതേസമയം അഡാനി-അംബാനി സാമ്രാജ്യങ്ങൾ അഭൂതപൂർവമായ സമ്പത്തിന്റെ കേന്ദ്രീകരണത്തെയും പ്രതിനിധീകരിക്കുന്നു. ഇവിടെ ഉയർന്നതും അതിവേഗം വളരുന്നതുമായ ചങ്ങാത്ത മുതലാളിത്തം മോഡി സർക്കാരിനെ അതിസമ്പന്നർക്ക് മാത്രമുള്ള സർക്കാരാക്കി മാറ്റി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മേലുള്ള ഈ കോട്ട തകർക്കുക ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യമാണ്. ബഹുമുഖ ചിന്തകനായ ലെനിൻ ജനങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചു. അദ്ദേഹം ബോധ്യപ്പെടുത്തിയ അനുഭവങ്ങളിൽ നിന്ന് ഇടതുപക്ഷം പാഠങ്ങൾ ഉൾക്കൊള്ളുന്നു. അദ്ദേഹം ലോക വ്യവസ്ഥിതിയെ വ്യാഖ്യാനിക്കുകയും വഴികൾ കാണിച്ചുതരികയും ചെയ്തു. സിദ്ധാന്തവും പ്രയോഗവും തമ്മിൽ സംയോജിപ്പിച്ചതും വൈരുധ്യാത്മകമാണ് സിദ്ധാന്തം സോഷ്യലിസമാണ് പ്രയോഗമെന്ന് മാർക്സിസത്തെ വിശകലനം ചെയ്തതും അദ്ദേഹമാണ്. ശാസ്ത്രജ്ഞനും തത്വചിന്തകനും വിപ്ലവകാരിയും ആയ അദ്ദേഹത്തിന്റെ രീതിശാസ്ത്രം അതിനനുസരിച്ച് രൂപപ്പെടുത്തിയതാണ്. ഇന്ത്യയുടെ ഭരണഘടന, മതേതര ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള ജനതയുടെ പോരാട്ടത്തിൽ അദ്ദേഹം എന്നും പ്രസക്തനാണ്. ഇടതുപക്ഷ പ്രസ്ഥാനം വർധിത കരുത്തോടെ കെട്ടിപ്പടുക്കുന്നതിനും വർഗീയ ഫാസിസത്തിന്റെ ഭീഷണിയെ നേരിടുന്നതിനും ജനം ഒറ്റക്കെട്ടായി മുന്നേറുമ്പോൾ മഹാനായ ലെനിന്റെ പ്രസക്തിയേറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.