23 December 2024, Monday
KSFE Galaxy Chits Banner 2

വര്‍ഗീയ വിഷം വമിപ്പിച്ച് പ്രധാനമന്ത്രി

Janayugom Webdesk
April 23, 2024 5:00 am

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഓരോ പൗരനും ഊറ്റംകൊള്ളുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എത്രത്തോളം തരംതാഴാനാവുമെന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പുറാലിയിൽ നരേന്ദ്ര മോഡി ഞായറാഴ്ച നടത്തിയ വർഗീയവിഷം വമിപ്പിച്ച പ്രസംഗം. ‘ഇന്ത്യൻ മുസ്ലിങ്ങളെ ഒന്നടങ്കം നുഴഞ്ഞുകയറ്റക്കാർ എന്ന് അധിക്ഷേപിച്ച മോഡി, തന്നെ വീണ്ടും അധികാരത്തിലേറ്റിയില്ലെങ്കിൽ പ്രസംഗം ശ്രവിക്കുന്നവരുടെ മംഗളസൂത്രമടക്കം സമ്പത്തും ഭൂമിയും പ്രതിപക്ഷം അവർക്കുനല്‍കുമെന്ന് മുന്നറിയിപ്പ് നൽകി. 2014 വരെ 10 വർഷക്കാലം അധികാരത്തിലിരുന്ന ഡോ. മൻമോഹൻ സിങ് രാജ്യത്തിന്റെ സമ്പത്തിന്റെ ഒന്നാമത്തെ അവകാശികൾ മുസ്ലിങ്ങളാണെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതിനർത്ഥം ഭൂരിപക്ഷസമുദായ അംഗങ്ങളുടെ സമ്പത്ത് പിടിച്ചെടുത്ത് കൂടുതൽ കുഞ്ഞുങ്ങളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കുമെന്നും ആണെന്ന് മോഡി പറഞ്ഞു. ‘നിങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണമോ? ഇത് നിങ്ങൾ അനുവദിക്കുമോ?’, മോഡി ആരാഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ‘നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണത്തിന്റ കണക്കെടുത്ത് നുഴഞ്ഞുകയറ്റക്കാർക്കിടയിൽ വിതരണം ചെയ്യും. സമ്പത്തിന്റെ ഒന്നാമത്തെ അവകാശികൾ മുസ്ലിങ്ങൾ ആണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നു. സഹോദരീസഹോദരന്മാരെ ഈ നഗര നക്സലുകൾ നിങ്ങളുടെ മംഗളസൂത്രംപോലും കവർന്നെടുത്ത് അവർക്കിടയിൽ വിതരണംചെയ്യും’, മോഡി ആവർത്തിച്ചു. ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ കാറ്റിൽപ്പറത്തി, മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ യഥേഷ്ടം ലംഘിച്ചുകൊണ്ടാണ് മോഡി മുസ്ലിം മതന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം വമിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ തന്നെയും ബിജെപിയെയും തുറിച്ചുനോക്കുന്ന പരാജയത്തിന്റെ പരിഭ്രാന്തിയുടെ പ്രതിഫലനമാണ് മോഡിയുടെ നുണപ്രസംഗത്തിലുടനീളം മുഴച്ചുനിൽക്കുന്നത്. രാജ്യത്തെ ജനങ്ങളെ വിദ്വേഷപ്രചാരണത്തിലൂടെ വിഭജിച്ചും അശാന്തിയുടെയും കലാപത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഒടുങ്ങാത്ത വ്യമോഹവും അധികാരദുരയുമാണ് മോഡിയെ കീഴടക്കിയിരിക്കുന്നത്. 10 വർഷത്തെ ഭരണംകൊണ്ട് ജനജീവിതത്തെ അപ്പാടെ താറുമാറാക്കിയ ഒരു ഫാസിസ്റ്റിന്റെ വിനാശകരമായ ജല്പനങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിക്കേണ്ടി വന്നിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾത്തന്നെ കാറ്റ് തങ്ങൾക്ക് അനുകൂലമല്ലെന്ന് മോഡിക്കും അമിത് ഷാ, രാജ്നാഥ് സിങ് അടക്കം ബിജെപി നേതാക്കൾക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. ആദ്യഘട്ടം തെരഞ്ഞെടുപ്പുനടന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതുമായ സീറ്റുകളിൽ വോട്ടർമാരിൽനിന്നുള്ള തണുത്ത പ്രതികരണവും കുറഞ്ഞ പോളിങ് ശതമാനവും അവരെ പരിഭ്രാന്തരാക്കിയിരിക്കുന്നു. അവർ പ്രതീക്ഷിച്ചതുപോലെ രാമക്ഷേത്രവും മറ്റും ജനങ്ങളെ ആവേശംകൊള്ളിക്കുന്നില്ല. അഭൂതപൂർവമായ തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, കാർഷിക വ്യാവസായിക മേഖലകളിലെ തളർച്ച എന്നിവയാണ് ജനങ്ങളുടെ തണുത്ത പ്രതികരണത്തിന് ആധാരം. മോഡിക്കോ ബിജെപിക്കോ എടുത്തുപറയാവുന്ന ഭരണനേട്ടങ്ങൾ ഒന്നും അവരുടെമുന്നിൽ നിരത്താനില്ല. ഉത്തർപ്രദേശും ബിഹാറുമടക്കം തങ്ങൾ ഭരണം നടത്തുന്ന ഹിന്ദി ഹൃദയഭൂമിയിൽ ഒരിടത്തും സമാധാനപൂർണമായ തെരഞ്ഞെടുപ്പുപോലും നടത്താൻ കഴിയാത്തത്ര അശാന്തിയുടെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന കേരളവും തമിഴ്‌നാടുമടക്കം സംസ്ഥാനങ്ങളിൽ നിലനില്‍ക്കുന്ന താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയ സാമൂഹിക സമാധാന അന്തരീക്ഷം മേല്പറഞ്ഞ പ്രദേശങ്ങളിലെ സമാധാനകാംക്ഷികളായ ജനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ഈ തിരിച്ചറിവാണ് മോഡി പ്രഭൃതികളെ പരിഭ്രാന്തരാക്കുന്നത്. അതാണ് മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ച് വർഗീയവിഷം ആളിക്കത്തിക്കാൻ മോഡിയും സംഘവും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതാണ് മോഡിയും ഷായും ഗുജറാത്തിൽ പയറ്റി വിജയിച്ച മാതൃക. രാജ്യത്തിന് തീകൊളുത്തിയും വർഗീയതയുടെ കൊലക്കളമാക്കിയും എങ്ങനെയും അധികാരത്തിൽ തുടരാനുള്ള അവസാന അടവുകളാണ് അവർ പയറ്റുന്നത്.
മോഡിയുടെ കഴിഞ്ഞ ഒരു ദശകക്കാലത്തെ ഭരണം രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ എങ്ങനെ നട്ടെല്ലില്ലാത്ത ഏറാന്മൂളി സംവിധാനങ്ങളാക്കി അധഃപതിപ്പിച്ചുവെന്നത് നമ്മെ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് നിഷ്പക്ഷവും സുതാര്യവും നിയമാനുസൃതവും തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തെ അമ്പരപ്പിച്ച നരേന്ദ്ര മോഡിയുടെ രാജസ്ഥാൻ വിദ്വേഷ പ്രസംഗത്തിനെതിരെ സ്വതന്ത്രരും നിഷ്പക്ഷരുമായ നിരീക്ഷകരുടെ പരാതിയുടെയും പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ചെറുവിരലെങ്കിലുമനക്കാൻ മോഡി വിധേയരായ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ല. മോഡി ഭരണത്തിൽ നമ്മുടെ മഹത്തായ ഭരണഘടനാ സ്ഥാപനങ്ങൾ എങ്ങനെയാണ് വന്ധ്യംകരിക്കപ്പെട്ടതെന്നാണ് കമ്മിഷന്റെ നിസംഗത കാട്ടിത്തരുന്നത്. രാജ്യത്തെ ജനവികാരവും ജനാഭിപ്രായവും എന്തുതന്നെയായാലും ഇത്തരം സ്ഥാപനങ്ങൾ അവയെ അപ്പാടെ അവഗണിച്ച് മോഡിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തെ അധികാരത്തിൽ നിലനിർത്താൻ എന്തുംചെയ്യാൻ മടിക്കില്ലെന്ന ആശങ്ക ജനാധിപത്യവിശ്വാസികളെ അസ്വസ്ഥരാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.