23 December 2024, Monday
KSFE Galaxy Chits Banner 2

കാലം സാക്ഷി ചരിത്രം സാക്ഷി…

അജിത് കൊളാടി
വാക്ക്
April 23, 2024 4:30 am

മുദ്രാവാക്യങ്ങൾ ചരിത്രത്തിലേക്കുള്ള വാതായനങ്ങളാണ്. ഓരോ മുദ്രാവാക്യത്തിലും ഓരോ കാലഘട്ടത്തിന്റെ മുദ്രപതിഞ്ഞു കിടക്കുന്നത് കാണാം. ഗുളികപ്പരുവത്തിലുള്ള ഈ ചെറുവാക്യങ്ങളിൽ ഒരു കാലവും അതിന്റെ കോലവും വായിച്ചെടുക്കാനാകും. അതൊരു പറയാതെ പറയലാണ്. മുഴുവൻ കാര്യങ്ങളും പറയില്ലെങ്കിലും എല്ലാം പറയും. വാക്ക് കൂട് കെട്ടുന്നത് നാടിന്റെ നെഞ്ചിലാണ്. അതുകൊണ്ടുതന്നെ അതിന്റെ അർത്ഥ വിവക്ഷകളിൽ ഒന്നിനൊന്ന് പൊരുത്തപ്പെട്ടുംപെടാതെയുമുള്ള, ജനസഹസ്രങ്ങളുടെ നിശ്വാസങ്ങളും അധികാരത്തിന്റെ ശാസനകളും വന്നും പൊയ്ക്കൊണ്ടുമിരിക്കും.
പഴയ മുദ്രാവാക്യങ്ങളിൽ പലതും ഇന്ന് അപ്രത്യക്ഷമായി. എന്നാൽ ചിലത് ഇന്നും പഴയതാകാൻ വിസമ്മതിച്ചുകൊണ്ട് നിത്യയൗവനം നിലനിർത്തുന്നു. അതിലൊന്നാണ് പഴയ വിദ്യാർത്ഥി യുവജന മുദ്രാവാക്യം. “യുഗയുഗാന്തരങ്ങളായ്, സംഭരിച്ച ശക്തിയെ, സംഘടിച്ച ശക്തിയെ, തോക്കിനാൽ തളയ്ക്കുവാൻ, ലാത്തിയാൽ തകർക്കുവാൻ, ഒരുമ്പെടുന്ന വർഗമേ, ബൂർഷ്വ ഭരണകൂടമേ, തകരും തകർക്കും നിന്റെ കാരിരുമ്പിൻ കോട്ടകൾ”. നിങ്ങളെങ്ങനെ നിങ്ങളായെന്ന് അവർ പഠിപ്പിച്ചു. വർഗീയതയ്ക്കെതിരെ, മുതലാളിത്തത്തിനെതിരെ, ഫാസിസത്തിനെതിരെ, ഏകാധിപത്യത്തിനെതിരെ അസന്ദിഗ്ധ നിലപാടായിരുന്നു അന്ന് യുവത്വത്തിന്റെത്. ഇന്ന് യുവത്വം മാത്രമല്ല, ആബാലവൃദ്ധം ജനങ്ങളും ഫാസിസത്തിനെതിരെ, ശബ്ദിക്കേണ്ട, പ്രവർത്തിക്കേണ്ട ദിനങ്ങളാണ് നമ്മുടെ മുന്നിൽ. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ഫാസിസത്തിനെതിരെ പോരാടണം.
വാക്കുകൾ മൗലികാർത്ഥത്തിൽ സർഗാത്മകമാക്കുന്നത് വെന്തചിന്തയുടെ വീര്യവിസ്മയങ്ങളായി അത് സ്വയം വികസിക്കുമ്പോഴാണ്. ശ്രോതാക്കളുടെ ചിന്താശക്തിയെ സ്തംഭിപ്പിക്കുംവിധമുള്ള അന്ധവികാരപരതയെയാണ് പ്രഭാഷണപ്പൊരുളായി ഹിറ്റ്ലർ ആഘോഷിച്ചത്. പ്രഭാഷകരെ “കേവല ആശയ പ്രചാരകർ ” മാത്രമായി ഹിറ്റ്ലർ ചുരുക്കി. വെറും ആശയപ്രചരണത്തിന്റെ പേമാരിയായി കോരിച്ചൊരിയുമ്പോഴല്ല, ആശയോല്പാദനത്തിന്റെ മിന്നലുകൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുമ്പോഴാണ് പ്രഭാഷണം ഹൃദയസ്പർശിയായ അനുഭവവും അനുഭൂതിയുമായി തീരുന്നതെന്ന സത്യമാണ് ഹിറ്റ്ലർക്ക് തിരിച്ചറിയാൻ കഴിയാതെ പോയത്. ഫാസിസത്തിന് വികാരത്തിന് തീപിടിക്കുന്ന വാക്കുകളെയല്ലാതെ, വിചാരത്തിന് ഗാംഭീര്യം നൽകുന്ന ഒന്നിനെയും ഉൾക്കൊള്ളാൻ കഴിയില്ല. വികാരവിചാരങ്ങൾ തമ്മിലുള്ളതും ഉണ്ടാവേണ്ടതുമായ ഒരാത്മ ബന്ധത്തെ ഹിറ്റ്ലർ കടന്നാക്രമിച്ചു. അതാണ് ഫാസിസ്റ്റ് ഭരണാധികാരികൾ ചെയ്യുക. അതാണ് ഇന്ത്യയിലും പ്രകടമാകുന്നത്. അത്തരം പ്രസംഗങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലടക്കം പലയിടത്തും നടത്തിയത്.
ജനാധിപത്യം, മതനിരപേക്ഷത, മാനവികത, സോഷ്യലിസം എന്നതൊന്നും വെറും വാക്കുകളല്ല, അവ മനുഷ്യസമൂഹം സ്വന്തം ജീവിതം നൽകി വികസിപ്പിച്ച വിസ്മയങ്ങളാണ്. ഫാസിസ്റ്റുകളുടെ, മൂലധനശക്തികളുടെ, ചൂഷണത്തിന്റെ ചോരപുരണ്ട പണത്തിനു മുകളിൽ പരുന്തുകൾ പറക്കുമായിരിക്കും, എന്നാൽ മനുഷ്യ ജീവിതത്തിന്റെ പ്രാണൻ പ്രകാശിക്കുന്ന വാക്കുകൾക്കു മുകളിൽ ഒരു ഫാസിസ്റ്റ് കഴുകനെയും പറക്കാൻ സമ്മതിക്കുകയില്ലെന്ന് ജനാധിപത്യ സമൂഹങ്ങളൊക്കെയും ഉറക്കെ പ്രഖ്യാപിക്കേണ്ട കാലമാണിത്. മഹത്തായ മൂല്യബോധത്തിന്റെ സാന്നിധ്യങ്ങൾ എന്ന അർത്ഥത്തിലാണ് മതനിരപേക്ഷത മുതൽ സോഷ്യലിസം വരെയുള്ള വാക്കുകളെ മനുഷ്യർ സ്വീകരിക്കേണ്ടത്. ഫാസിസ്റ്റുകൾക്ക് അവ വെറും വാക്കാണ്. ഗോഡ്സെ സ്മൃതിയും, സവർക്കർ സ്മൃതിയും അവർക്ക് ‘ശൗര്യ ദിനം’. വൃദ്ധനും നിരായുധനുമായിരുന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിവച്ച ഗോഡ്സെ എന്ന ഭീരുവിനെ ധീരനാക്കുന്ന ഫാസിസ്റ്റ് ഇന്ദ്രജാലമാണ് ആ ശൗര്യ ദിന സ്മരണയിൽ ഘനീഭവിച്ച് കിടക്കുന്നത്.
ഭൂതകാലത്തിന്റെ പാതാളക്കൊല്ലിയിൽ നിന്ന്, അപൂർവ പാതാളക്കരണ്ടികൾ ഉപയോഗിച്ച് പൊക്കിയെടുക്കുന്ന ഐതിഹ്യങ്ങൾ, പുരാതനകഥകൾ എന്നിവയെ കുറിച്ചെ സംഘ്പരിവാർ പറയൂ. രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കൾ മാംസം കഴിക്കുന്നതിനെ കുറിച്ച് പറയുന്നു. മാംസഭക്ഷണം പരിചയപ്പെടുത്തിയത് മുഗളന്മാർ ആണ് എന്ന കള്ളവും പറയുന്നു. ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നു. പൗരാണിക ഋഷിമാരിൽ പലരും മാംസഭുക്കുകൾ ആയിരുന്നു. യാജ്ഞവൽക്യൻ ഉപനിഷത്തിൽ മാംസം കഴിക്കാം എന്നു പറയുന്നുണ്ട്. സംഘ്പരിവാർ അതൊന്നും പറയില്ല. ഗാന്ധി വധത്തെക്കുറിച്ച് പഠിപ്പിക്കരുത്, മുഗൾരാജ്യവംശ ചരിത്രം പഠിപ്പിക്കരുത്, ജവഹർലാൽ നെഹ്രുവും മൗലാനാ ആസാദും പരിണാമ സിദ്ധാന്തവും ചരിത്രത്തിൽ നിന്ന് നിഷ്കാസിതമാകണം എന്ന് അവര്‍ക്ക് നിർബന്ധമാണ്. ഫാസിസ്റ്റുകൾ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഭയപ്പെടുമ്പോൾ ഇവ രണ്ടും സ്വന്തം വീടിന്റെ ‘ഐശ്വര്യം’ എന്ന് എഴുതിവയ്ക്കലാണ് ജനാധിപത്യവാദികളുടെ കടമ.
ഇന്ത്യൻ നവനാസിസത്തിന്റെ ആയുധപ്പുരയിലെ ഏറ്റവും വലിയ സ്ഫോടകവസ്തുവാണ് മേൽക്കോയ്മാ ദേശീയത. ഒരു വിഭാഗത്തെ ഇന്ത്യക്കാരല്ലാതാക്കുന്ന ഒരുതരം വിധ്വംസക രീതിയാണ്, സംഘ്പരിവാര ബുദ്ധികൾ വികസിപ്പിക്കുന്നത്. ആ യുക്തിയാണ് ഗാന്ധിവധത്തിൽ കലാശിച്ചത്. വികൃതമാക്കപ്പെട്ട ചരിത്രം ദേശീയ കുപ്പായമിട്ട, ‘ജിങ്കോയിസം’ ഉള്ളിൽ ജ്വലിക്കുമ്പോൾ ജനാധിപത്യ ജീവിതം കത്തിപ്പോകും. ജിങ്കോയിസം ദേശഭക്തിയല്ല, തീവ്രവും വിമർശനരഹിതവുമായ ദേശഭ്രാന്താണ്. പുറന്തള്ളാനല്ലാതെ, ഒന്നിനെയും ഉൾക്കൊള്ളാനാവാത്ത, സംവാദങ്ങൾക്കു പകരം സംഘർഷം സ്വപ്നം കാണുന്ന, വരൂ എന്നു പറയുന്നതിനു പകരം പോകൂ എന്നാക്രോശിക്കുന്ന, ദേശീയമേയല്ലാത്ത ജിങ്കോയിസത്തിന്റെ ജീർണതയാണ് ഇന്ന് ഇന്ത്യയിൽ പല സ്ഥലത്തും സ്വയം ദേശീയത നടിച്ച് ഇളകിയാടുന്നത്. ജനാധിപത്യം എന്നും അതിനു മുമ്പിൽ നിവർന്നുനിൽക്കണം. അല്ലെങ്കിൽ നിലനിൽക്കാൻ പാകത്തിൽ നമുക്കൊരു മതനിരപേക്ഷ ഇന്ത്യയുണ്ടാകില്ല.
ഭരണഘടന നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ മാനദണ്ഡങ്ങൾ നിർണയിക്കുന്ന അടിസ്ഥാന രേഖയാണ്. അതിന്റെ വേരുകൾ ചെന്നു നിൽക്കുന്നത് ആർഷ പാരമ്പര്യത്തിലോ മത ചരിത്രത്തിലോ അല്ല. അത് ഊർജവും ഊഷ്മാവും സംഭരിച്ചത് ബ്രിട്ടീഷ് അധിനിവേശവിരുദ്ധ സമരത്തിന്റെ ചൂളയിൽ നിന്നാണ്. ഭരണഘടനയ്ക്കെതിരെ ഉയർന്നുവന്നിട്ടുള്ള വലിയ ഭീഷണികളെ ചെറുക്കാനുള്ള ഉത്തരവാദിത്തം ശക്തമായി ഏറ്റെടുക്കേണ്ടതുണ്ട്. ഭരണഘടനയുടെ ആത്യന്തികമായ ജനാധിപത്യ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി നാടെമ്പാടും സമരങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ടിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ നിരന്തര പോരാട്ടം നടത്തണം.
കഴിഞ്ഞ ദശകം നിരന്തരമായ സാംസ്കാരിക കയ്യേറ്റങ്ങളുടെ കൂടി ചരിത്രകാലമാണ്. ആൾക്കൂട്ടക്കൊലപാതകങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ ഉടച്ചുവാർക്കലുകൾ, സാമ്പത്തിക മേഖലയിലുണ്ടായ ദുരന്തപൂർണമായ ഇടപെടലുകൾ, മൂലധനശക്തികളുടെ സമഗ്രാധിപത്യം, മനുഷ്യാവകാശം എന്നതുതന്നെ ദേശവിരുദ്ധ കുറ്റമാക്കി മാറ്റിയ നിയമ നീതിന്യായ പരീക്ഷണങ്ങൾ തുടങ്ങി നിരവധി ആപല്‍സൂചനകൾ കാണാൻ കഴിയും. ആൾക്കൂട്ടക്കൊലപാതകങ്ങൾ അരങ്ങേറിയപ്പോൾ, നോട്ടു നിരോധനം നടപ്പിലാക്കിയപ്പോൾ, ജിഎസ്‌ടി ഏകീകരിച്ചപ്പോൾ, പൗരാവകാശ നിയമം കൊണ്ടുവന്നപ്പോൾ, കശ്മീരിനുമേൽ പുതിയ നിയമ വ്യവസ്ഥ അടിച്ചേല്പിച്ചപ്പോൾ, മണിപ്പൂരിൽ വംശഹത്യ നടന്നപ്പോൾ, സാമ്പത്തിക സാമൂഹ്യ അസമത്വം ഏറ്റവും അധികം വർധിച്ചപ്പോൾ, സ്ത്രീകൾക്കു നേരെയുള്ള അക്രമം വ്യാപിച്ചപ്പോൾ, ചെറുതും വലുതുമായ മറ്റനവധി നിയമങ്ങളും നിബന്ധനകളും നിയമത്തോടുള്ള വെല്ലുവിളികളും നമ്മുടെ മുമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, എത്രമാത്രം അനിശ്ചിതത്വവും അസ്ഥിരതയും മുഖമുദ്രയാക്കിയ ഭരണ ഭീകരതയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നതിനെ സംബന്ധിച്ച ഒരു അടിസ്ഥാന ധാരണ നമുക്കുണ്ടായി.
ഭയാനകമായ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷം നിലനിൽക്കുന്നു. ജനാധിപത്യ മതേതര ഇടതുപക്ഷ ശക്തികളാണ് ഇന്ത്യയെ ഫാസിസ്റ്റുകളുടെ കയ്യിൽ നിന്ന് രക്ഷിക്കേണ്ടത്. ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കേണ്ടത്. ഫാസിസത്തിനു മുന്നിൽ ഇടതുപക്ഷ ശക്തികൾ മുട്ടുകുത്തില്ല. അതിനെതിരെ മുഷ്ടിചുരുട്ടാനുള്ള ഊർജത്തിന്റെ നൂറുനൂറ് ഉറവകൾ, അത്ര പെട്ടന്നൊന്നും അടച്ചുകളയാൻ കേരളീയ മണ്ണ് ആരെയും അനുവദിക്കുകയില്ല. മലയാള മണ്ണിൽ വെറുപ്പിന് സ്ഥാനമില്ല. വെറുപ്പിന് നിൽക്കാൻ സൂചിയിടംനൽകാത്ത പ്രബുദ്ധമായ ആശയത്തിലൂടെ കേരളം നടക്കുന്നു. അത് മാനവികതയെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ പ്രത്യയശാസ്ത്രമാണ്. ഗാന്ധിജിയുടെ ഇന്ത്യയെ വീണ്ടെടുക്കണം, മതേതര ഇന്ത്യയെ വീണ്ടെടുക്കണം. അതാണ് ഏറ്റവും പ്രമുഖമായ കടമ. ഫാസിസ്റ്റ് മൂലധന ശക്തികൾക്കെതിരെ, രാജ്യത്ത് ഫാസിസ്റ്റുകൾ അനുവർത്തിക്കുന്ന അസഹിഷ്ണുതക്കെതിരെ, കടുത്ത മതമൗലികവാദത്തിനെതിരെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ, ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തിനുമേൽ അടിച്ചേല്പിക്കുന്നതിനെതിരെ, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നതിനെതിരെ, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ഉദാത്തമായ ദർശനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെതിരെ, ഭരണഘടനയെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനെതിരെ, ഇതെല്ലാം സംഭവിക്കുമ്പോഴും അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത, നിലപാടുകളില്ലാത്ത, ജീർണിച്ച കോൺഗ്രസ് സംസ്കാരത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് കാലവും രാജ്യവും ആവശ്യപ്പെടുന്നത്. ഫാസിസത്തെ അറബിക്കടലിന്റെ ഗഹനതയിൽ മുക്കിത്താഴ്ത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.