23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ജനവിധി: കേരളത്തില്‍ പോളിങ് കുറഞ്ഞു, 70.35 ശതമാനം

കൂടുതല്‍ കണ്ണൂരില്‍, കുറവ് പത്തനംതിട്ട 
Janayugom Webdesk
തിരുവനന്തപുരം
April 26, 2024 10:57 pm

കടുത്ത ചൂടിനെയും മറികടന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നു. മികച്ച പോളിങ് നടന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണ് എന്നാണ് പ്രാഥമിക കണക്കുകള്‍. 70.35 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്.

കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണയും കൂടുതല്‍ വോട്ടിങ് രേഖപ്പെടുത്തിയത് (75.74 ശതമാനം). പത്തനംതിട്ടയിലാണ് കുറവ് പോളിങ്, 63.35 ശതമാനം. കണ്ണൂരില്‍ 2019ല്‍ 83.21 ശതമാനം പോളിങ് നടന്നിരുന്നു. രാവിലെ മുതല്‍ എല്ലായിടങ്ങളിലും വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തുകളിലെത്തിയതോടെ പോളിങ് ശതമാനം ക്രമമായി ഉയര്‍ന്നു. ഉച്ച കഴിഞ്ഞപ്പോള്‍ പോളിങ് 50 ശതമാനം കടന്നു. എന്നാല്‍ പിന്നീട് പോളിങ്ങിന്റെ വേഗം കുറഞ്ഞു. 

സംസ്ഥാനത്താകെ 1,95,22259 പേരാണ് ഇന്ന് വോട്ട് ചെയ്തത്. പുരുഷന്മാര്‍-93,59,093 (69.76 ശതമാനം) ആകെ സ്ത്രീകള്‍-1,01,63,023 (70.90 ശതമാനം). 143 (38.96 ശതമാനം) ഭിന്നലിംഗക്കാരും സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവാക്കളും സ്ത്രീകളുമടക്കം എല്ലാ വിഭാഗങ്ങളും വോട്ട് ചെയ്യാനെത്തി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും പലയിടങ്ങിലും നീണ്ട നിര അനുഭവപ്പെട്ടു. ക്യൂവിലുണ്ടായിരുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയതോടെ രാത്രി ഏറെ വൈകിയാണ് പലയിടങ്ങളിലും പോളിങ് പൂര്‍ത്തിയായത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും അതിരാവിലെ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നഗര മേഖലകളിലും ഇത്തവണ മികച്ച പോളിങ് രാവിലെ തന്നെ രേഖപ്പെടുത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും ചലച്ചിത്ര താരങ്ങളും അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്തു. ചിലബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിന് തകരാറ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടിങ്ങിനിടെ വിവിധ ജില്ലകളില്‍ ഒമ്പതു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മലയീൻകിഴ് മച്ചേൽ 112-ാം പോളിങ് ബൂത്തിന്റെ സമീപത്തുനിന്നും 51,000 രൂപ കളഞ്ഞ് കിട്ടി. അവകാശികൾ എത്താത്തതിനാൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് തുക ട്രഷറിയിൽ അടച്ചു. 

തിരുവനന്തപുരം- 66.43, ആറ്റിങ്ങല്‍-69.40, കൊല്ലം- 67.92, പത്തനംതിട്ട — 63.35, മാവേലിക്കര — 65.88, ആലപ്പുഴ ‑74.37, കോട്ടയം ‑65.59, ഇടുക്കി — 65.88, എറണാകുളം — 68.10, ചാലക്കുടി — 71.68, തൃശൂര്‍— 72.11, പാലക്കാട്- 72.68, ആലത്തൂര്‍ ‑72.66, പൊന്നാനി — 67.93, മലപ്പുറം ‑71.68, കോഴിക്കോട് ‑73.34, വയനാട്- 72.85, വടകര- 73.36, കണ്ണൂര്‍-75.74, കാസര്‍കോട്- 74.28 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിശകലനത്തില്‍ ശതമാനത്തില്‍ ചെറിയ മാറ്റം വന്നേക്കാം.

Eng­lish Sum­ma­ry: Janavid­hi: Polling down in Ker­ala, 70.35 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.