വയനാട് പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ. റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ അർജുന് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ട് വധശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി, വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും, ഒരുലക്ഷം രൂപ പിഴയും തെളിവ് നശിപ്പിക്കലിന് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ജൂൺ 10ന് അർധരാത്രി വൃദ്ധ ദമ്പതികളെ മോഷണശ്രമത്തിനിടെ വെട്ടിക്കൊന്നെന്നാണ് കേസ്. നെല്ലിയമ്പത്തെ വീട്ടിൽ ദമ്പതികളെ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് കണ്ടത്. വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവൻ സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനുമിടയിൽ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സെപ്റ്റംബർ 17നാണ് പ്രതി നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. 2021 സെപ്തംബർ ഒമ്പതിന് മാനന്തവാടി ഡിവൈഎസ‌്പിയുടെ കാര്യാലയത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അർജുൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
അഞ്ച് ലക്ഷത്തോളം മൊബൈൽ ഫോൺ കോളുകളും 150ഓളം സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ച അന്വേഷണ സംഘം മൂവായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു.
English Summary: Nelliyambam double murder: Accused sentenced to death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.