26 December 2025, Friday

Related news

December 23, 2025
December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025
November 11, 2025

നിസാരമല്ല, മൂത്രാശയ അണുബാധ

ഡോ. ജേക്കബ് ജോർജ്ജ് 
May 2, 2024 12:16 pm

അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്കിലും മുത്രാശയ അണുബാധയും സാധാരണയായി കണ്ടുവരുന്നു.

പ്രധാന ലക്ഷണങ്ങള്‍
· മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍.
· ഇടയ്ക്കിടെ മൂത്രം ഒഴിക്കുക.
· മൂത്രം അറിയാതെ പോവുക.
· കലങ്ങിയ രീതിയില്‍ മൂത്രം പോവുക.
· ചുവന്ന നിറത്തില്‍ മൂത്രം പോവുക.
മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ഉള്ള അണുബാധയാണെങ്കില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. വൃക്കകളെ ബാധിക്കുന്ന അണുബാധയാണെങ്കില്‍ പനി, വിറയല്‍, നടുവുവേദന, വയറുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. മൂത്രാശയ അണുബാധ ഓരോ പ്രായത്തിലും ഓരോ രീതിയിലാണ് കണ്ടുവരുന്നത്.

ചെറുപ്രായത്തില്‍
ജന്മനായുള്ള മൂത്രശയ തകരാറ് അണുബാധയ്ക്ക് കാരണമാകുന്നു. പ്രധാനമായും ആണ്‍കുട്ടികളില്‍ പോസ്റ്റീരിയര്‍ യൂറിത്രല്‍ വാല്‍വ് എന്ന അവസ്ഥയില്‍ മൂത്രം പോകുമ്പോള്‍ ശക്തി കുറവും കരച്ചിലുമാണ് പ്രധാന ലക്ഷണങ്ങള്‍. പെണ്‍കുട്ടികളില്‍ മൂത്രാശയ ഘടനയുടെ പ്രശ്‌നങ്ങള്‍ കാരണം അണുബാധ ഉണ്ടാകാം. ചിലരില്‍ മൂത്രം മുഴുവന്‍ താഴോട്ട് പോകുന്നതിന് പകരം അല്പം അളവില്‍ വൃക്കകളിലേക്ക് പോവുകയും ആ സമയത്ത് നടുവേദന അനുഭവപ്പെടുകയും ചെയ്യാം, ചിലരില്‍ മൂത്രം അറിയാതെ പോവുകയും ചെയ്യുന്നതാണ് മറ്റു ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളിലെ മൂത്രാശയ അണുബാധ കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഭാവിയില്‍ വൃക്ക തകരാറിന് കാരണമാവുകയും അവരില്‍ ഒരു വിഭാഗം രോഗികളില്‍ ഡയാലിസിസിലേക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലേക്കും നയിക്കാം. അതിനാല്‍ കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങേണ്ടതും അനിവാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗലക്ഷണം കൃത്യമായി പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മുതിര്‍ന്നവരിലേതു പോലെ എളുപ്പത്തില്‍ രോഗനിര്‍ണ്ണയം സാധ്യമല്ല. അതിനാല്‍ കുഞ്ഞുങ്ങളിലെ രോഗനിര്‍ണ്ണയവും രോഗകാരണവും കണ്ടെത്താന്‍ നിരവധി ടെസ്റ്റുകളുടെ സഹായം വേണ്ടി വന്നേക്കാം.

കൗമാരക്കാരില്‍ ഉണ്ടാകുന്ന മൂത്രാശയ അണുബാധ — ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് അനുബാധ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതല്‍. അഥവാ ആണ്‍കുട്ടികളില്‍ അണുബാധ ഉണ്ടായാലും അത് ജന്മനായുള്ള മൂത്രാശയ ഘടനയുടെ തകരാര്‍, മൂത്രശയ തടസ്സം, മൂത്രാശയ കല്ലുകള്‍, എന്നീ കാരണങ്ങളാലാകാം. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ടെസ്റ്റുകള്‍ക്ക് വിധേയരായി ചികിത്സ തേടേണ്ടതാണ്.

യൗവനത്തില്‍ വരുന്ന മൂത്രാശയ അണുബാധ
20 — 50 വയസ്സ് വരെ പ്രായമുള്ള ആണുങ്ങളില്‍ അണുബാധയുടെ സാദ്ധ്യത കുറവാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഇടയ്ക്കിടെ വരാനുള്ള സാധദ്ധ്യതയുണ്ട്. ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭപാത്രം വലുതാകുന്നതിനനുസരിച്ച് തടസ്സം വരുന്നതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ പൂര്‍ണ്ണമായും പോകാതെ അല്പം മൂത്രം കെട്ടിനില്‍ക്കുന്നതാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ മുതലായ ഹോര്‍മോണുകളുടെ കുറവ് മൂലം അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്ടുതലാണ്.

50 വയസ്സിന് മുകളിലുള്ളവര്‍ക്ക്
50 — 60 വയസ്സിനുശേഷം ആണുങ്ങളിലാണ് കൂടുതലായി മൂത്രാശയ അണുബാധ കണ്ടുവരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുന്നത് മൂലമാണ് ഈ പ്രായത്തിലുള്ള ആണുങ്ങളില്‍ സാധാരണയായി അണുബാധ ഉണ്ടാകുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുമ്പോള്‍ മൂത്രം പോകുന്നതിന്റെ വേഗത കുറയുന്നു അതിനാല്‍ രാത്രിയില്‍ രണ്ടോ മൂന്നോ പ്രാവശ്യത്തില്‍ കൂടുതല്‍ എഴുന്നേല്‍ക്കേണ്ടതായി വരികയോ ആയാസപ്പെട്ട് മൂത്രമൊഴിക്കേണ്ടതായി വരികയോ ചെയ്യും. മൂത്രം ഒഴിച്ചാലും മുഴുവനായി പോകാതെ ചെറിയ അളവില്‍ മൂത്രസഞ്ചിയില്‍ തങ്ങി നില്‍ക്കും, ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കുറയ്ക്കാനുള്ള ഗുളികകള്‍ നല്‍കുകയോ ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യേണ്ടതായോ വന്നേക്കാം. ഇത്തരത്തിലുള്ള ചികിത്സ മാര്‍ഗ്ഗങ്ങളാണ് സാധാരണയായി സ്വീകരിക്കുക.
പ്രമേഹ രോഗികളില്‍ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ് വന്ന് കഴിഞ്ഞാല്‍ അത് തീവ്രതയിലേക്ക് നയിച്ചേക്കാം.

രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍
· മൂത്രത്തിലെ പസ്സ് സെല്ലുകളുടെ അളവ് അണുബാധയെ സൂചിപ്പിക്കുന്നു. ആണുങ്ങളില്‍ 5hpf ന് മുകളിലും സ്ത്രീകളില്‍ 10hpf ന് മുകളിലും ആണെങ്കില്‍ അണുബാധയെ സൂചിപ്പിക്കുന്നു.

· യൂറിന്‍ കള്‍ച്ചര്‍
അണുബാധ ഉണ്ടോ എന്നും അതിന് കാരണമായ ബാക്ടീരിയ ഏതാണെന്നും ഏത് ആന്റിബയോട്ടിക് ആണ് അതിന് യോജിച്ചതെന്നും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു. പരിശോധിക്കാനായി മൂത്രം നല്‍കുമ്പോള്‍ ആദ്യത്തെ ഭാഗം എടുക്കാതെ പിന്നീടുള്ള മൂത്രമാണ് (Mid­stream urine) എടുക്കേണ്ടത്.

· അള്‍ട്രാസൗണ്ട് സ്‌കാന്‍
അണുബാധയുടെ കാരണം (മൂത്രത്തില്‍ കല്ല്, തടസ്സം, മൂത്രം മുഴുവനായി പോകാത്ത അവസ്ഥ, കിഡ്‌നി സിസ്റ്റ്, കിഡ്‌നിയുടെ വികാസം, ഘടനയിലെ വ്യത്യാസം എന്നിവ) അറിയാന്‍ സഹായിക്കുന്നു.
ചില സാഹചര്യങ്ങളില്‍ രോഗ കാരണം കണ്ടെത്തുന്നതിനായി സി ടി സ്‌കാനും മറ്റു പ്രത്യേക ടെസ്റ്റുകളും വേണ്ടി വന്നേക്കാം.

ചികിത്സാരീതി
മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3 — 5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ വൃക്കകളിലെ അണുബാധ പനിയോടും വിറയലോടും കൂടിയാണ് പ്രകടമാവുക. ആദ്യനാളുകളില്‍ കുത്തിവയ്പ്പ് നല്‍കുകയും പനി മാറി കഴിയുമ്പോള്‍ ഇഞ്ചക്ഷന്‍ നിര്‍ത്തി ഗുളിക നല്‍കാം. കുത്തിവയ്പ്പ് നല്‍കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടതായി വന്നേക്കാം. 2 — 3 ആഴ്ച ആന്റിബയോട്ടിക് നല്‍കി ഇത് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുന്നു.

മൂത്രാശയ അണുബാധ ഒരു പ്രാവശ്യം വന്നാല്‍ വീണ്ടും വരാനുള്ള സാദ്ധ്യത കൂടുതലാണ്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്കുകള്‍ ദീര്‍ഘകാലം കഴിക്കുന്നതിലൂടെ വീണ്ടും അണുബാധ വരാനുള്ള സാദ്ധ്യത ഒരു പരിധി വരെ പ്രതിരോധിക്കാം. അതുകൊണ്ടുതന്നെ രോഗകാരണം കൃത്യമായ ടെസ്റ്റുകളിലൂടെ മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ്. മുതിര്‍ന്നവരിലെ മൂത്രശയ അണുബാധ കുട്ടികളിലെ പോലെ പൂര്‍ണ്ണ വൃക്ക തകരാറിന് സാദ്ധ്യത കുറവാണ്. എന്നിരുന്നാലും, അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യമായ ചികിത്സ തേടുന്നതാണ് ഉചിതം.

ഡോ. ജേക്കബ് ജോർജ്ജ് 
സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.