22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

162 സംസ്ഥാന യാത്രകള്‍, 14 വിദേശയാത്രകള്‍; മണിപ്പൂരിലെത്താന്‍ മോഡിക്ക് സമയം കിട്ടിയില്ല

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2024 9:45 pm

വിമാനത്തിലും ഹെലികോപ്റ്ററിലും പറന്നുനടന്നിട്ടും മണിപ്പൂര്‍ കലാപത്തിലെ ദുരിതബാധിതരെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമയം കണ്ടെത്താനായില്ല. കുക്കി-മെയ്തി കലാപം ആരംഭിച്ച് മേയ് മൂന്നിന് ഒരു വര്‍ഷം പിന്നിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പോലും മോഡി മണിപ്പൂരിലെത്തിയില്ല. ഒരുവര്‍ഷത്തിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് 162 തവണയാണ് പ്രധാനമന്ത്രി പറന്നിറങ്ങിയത്. അതില്‍ ഔദ്യോഗികവും അല്ലാത്തതുമായ യാത്രകളുണ്ട്. 14 വിദേശയാത്രകളും നടത്തി. മണിപ്പൂരിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം മോഡിയെ കാണാനില്ലെന്ന് കാട്ടി പരിഹാസരൂപേണ സംസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. കാണ്‍മാനില്ല, പേര് നരേന്ദ്ര മോഡി, ഉയരം അഞ്ചടി ആറിഞ്ച്, നെഞ്ചളവ്- 56 ഇഞ്ച്, അന്ധനും ബധിരനുമാണ് എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. 

2023 മേയ് മുതല്‍ 2014 ഏപ്രില്‍ വരെ പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയത് രാജസ്ഥാനിലേക്കാണ്. 24 തവണ. മധ്യപ്രദേശില്‍ 22 തവണ പോയി. രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യാത്രകള്‍. മണിപ്പൂര്‍ കത്തിയെരിഞ്ഞിരുന്ന സമയത്ത് പ്രധാനമന്ത്രി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു. കഴിഞ്ഞ കൊല്ലം എട്ട് തവണ കര്‍ണാടകയിലും പത്ത് പ്രാവശ്യം ഗുജറാത്തിലും 17 വട്ടം ഉത്തര്‍പ്രദേശിലും പോകാന്‍ മോഡി സമയം കണ്ടെത്തി. 

ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പോയെങ്കിലും മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ നവംബറില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മിസോറാം ഒഴികെയുള്ളിടത്തെല്ലാം പ്രധാനമന്ത്രി പ്രചരണത്തിനെത്തി.കലാപത്തെ തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് ജീവനും കൊണ്ടോടിയ കുക്കി വിഭാഗത്തിലെ ധാരാളം പേര്‍ തൊട്ടടുത്ത സംസ്ഥാനമായ മിസോറാമിലാണ് അഭയം തേടിയത്. അതുകൊണ്ടാണ് മോഡി അവിടേക്ക് പോകാഞ്ഞത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്തുണയോടെ നടപ്പിലാക്കിയ കലാപത്തില്‍ 230ലധികം പേരാണ് മരിച്ചത്. 60,000 ആളുകള്‍ അഭയാര്‍ത്ഥികളായി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പോലും ബിജെപി തയ്യാറായില്ല. അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. 

Eng­lish Summary:162 state trips, 14 for­eign trips; Modi did not get time to reach Manipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.