20 December 2025, Saturday

വര്‍ഗീയതയ്ക്ക് കള്ളകണക്കുമായി മോഡി

സത്യന്‍ മൊകേരി
വിശകലനം
May 12, 2024 4:31 am

ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നു, അതേ അവസരം മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണ് എന്ന കുപ്രചരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ഏറ്റെടുത്തിട്ടുള്ളത്. മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് ഹിന്ദുത്വ വികാരം വളര്‍ത്തി ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാകുകയുള്ളു എന്ന് മനസിലാക്കിയാണ് മതപരമായ ധ്രുവീകരണം ലക്ഷ്യംവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ മുന്‍കയ്യെടുത്ത് വര്‍ഗീയ വിഷം ചീറ്റുന്ന പ്രചരണം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നതോടെ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കില്ല എന്ന് പ്രധാനമന്ത്രിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഭ്രാന്തുപിടിച്ച രീതിയില്‍, ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിക്ക് ഒരിക്കലും യോജിക്കാത്ത തരത്തില്‍ വര്‍ഗീയ പ്രചരണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎംഇഎസി) ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടാണ് മുസ്ലിം ജനസംഖ്യ രാജ്യത്ത് പെരുകുന്നു എന്ന പ്രചരണം അഴിച്ചുവിടുന്നത്.
നാലാംഘട്ട പോളിങ്ങിന് രാജ്യം തയ്യാറെടുക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്മാര്‍ തയ്യാറാക്കി ജനങ്ങളെ വിഭജിക്കുന്നതിനായി പ്രചരിപ്പിക്കുന്നത്. ജനസംഖ്യയെ മതാടിസ്ഥാനത്തില്‍ കണക്കാക്കി രാജ്യത്ത് പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു ജനസംഖ്യ കുറഞ്ഞതിന് കാരണം കോണ്‍ഗ്രസിന്റെ ഭരണമായിരുന്നുവെന്ന പ്രചരണവും സംഘ്പരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്.
രാജ്യത്ത് സെന്‍സസ് നടത്തുന്നത് മരവിപ്പിച്ച നരേന്ദ്ര മോഡിയാണ് തന്റെ ഉപദേശക സമിതിയെക്കൊണ്ട് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. അതാകട്ടെ പഴയ റിപ്പോര്‍ട്ടും. 2011 ന് ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. എന്തുകൊണ്ട് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നില്ല എന്ന ചോദ്യത്തിന് വിശദീകരണം നല്‍കുന്നതിന് മോഡി തയ്യാറാകുന്നില്ല. ശാസ്ത്രീയമായ സ്ഥിതിവിവര കണക്കുകള്‍ രാജ്യത്തിന് ആവശ്യമാണ്. എന്നാല്‍ വികസന പദ്ധതികളുടെ യഥാര്‍ത്ഥ സ്ഥിതിവിവരങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയാല്‍ തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് സെന്‍സസ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതിനു പിന്നില്‍. കോവിഡ് ദുരന്തങ്ങള്‍,‍ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ചുള്ള ഡാറ്റയില്ലാത്ത ബിജെപി സര്‍ക്കാര്‍ ജനങ്ങളെ മതപരമായി ധ്രുവീകരിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഉപദേശകരുടെ ജനസംഖ്യാ ഡാറ്റയുമായി രംഗത്തുവന്നത് എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിക്കുകയുണ്ടായി. ഒരു പ്രത്യേക മതത്തിന്റെ മാത്രം ജനസംഖ്യ ഉയരുന്നത് ഗുരുതരമായ ചോദ്യം ഉയര്‍ത്തുകയാണെന്നാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. അതിലൂടെ വ്യക്തമാകുന്നത് ജനസംഖ്യാ വിഷയം പ്രചരണ ആയുധമാക്കി അടുത്തഘട്ടം മുതലുള്ള വോട്ടെടുപ്പിനെ സ്വാധീനിക്കുക എന്നതുതന്നെയാണ്.
ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നേതൃത്വം നല്‍കി നടത്തിയ പ്രചരണങ്ങളെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ഏറെ തണുപ്പോടെയാണ് സ്വീകരിച്ചത്. വലിയ ആവേശമൊന്നും ഹിന്ദു വിശ്വാസികളായ ജനവിഭാഗങ്ങളിലുണ്ടാക്കാന്‍ കഴിഞ്ഞില്ല.
മോഡി ഗ്യാരന്റി എന്ന മുദ്രാവാക്യം ഇപ്പോള്‍ കേള്‍ക്കാനില്ല. തൊഴില്‍, വീട്, കുടിവെള്ളം, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വികസനം എല്ലാം മോഡി ഗ്യാരന്റി ആയിരുന്നു. 2014 മുതല്‍ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിക്ക്, തന്റെ ഗ്യാരന്റി എവിടെ നടപ്പിലാക്കി എന്ന ചോദ്യം രാജ്യത്ത് ഉയര്‍ന്നപ്പോള്‍ മറുപടിയില്ലാതെ പോയി. ഓരോ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം എവിടെ നടപ്പിലായി? 10 വര്‍ഷംകൊണ്ട് 20 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം. തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി യുവാക്കള്‍ ചോദിച്ചു, എവിടെ തൊഴില്‍? കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു. കര്‍ഷകര്‍ ചോദിക്കുന്നത് എവിടെയാണ് തങ്ങളുടെ വരുമാനം ഇരട്ടിയാക്കിയത്. വിദേശത്ത് നിന്നുള്ള കള്ളപ്പണം തിരിച്ച് രാജ്യത്തെത്തിച്ച് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. എവിടെ നടപ്പിലായി? സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം എവിടെ നടപ്പിലായി? ചോദ്യങ്ങള്‍ താന്‍ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളില്‍ നിന്നും ശക്തമായി ഉയര്‍ന്നപ്പോഴാണ് കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവില്‍, ഗ്യാരന്റികള്‍ എല്ലാം വിസ്മരിച്ച് വര്‍ഗീയകാര്‍ഡുമായി മോഡി ഹാലിളകി രാജ്യത്തുടനീളം ഓടുന്നത്. രാജ്യത്തെ ഹിന്ദുമത വിശ്വാസികളെ നരേന്ദ്ര മോഡിക്ക് തന്റെ കയ്യിലിട്ട് അമ്മാനമാടാന്‍ അധികകാലം കഴിയില്ല. രാജ്യത്ത് വളര്‍ന്നുവരുന്ന പുതിയ ചലനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്താന്‍ പൂജാരിയുടെ വേഷം കെട്ടിയ നരേന്ദ്ര മോഡിയെ രാജ്യം കണ്ടതാണ്. ശൃഗേരി മഠാധിപന്‍മാര്‍ ഉള്‍പ്പെടെയുള്ള ശ്രേഷ്ഠരായ ഹിന്ദുമതാചാര്യന്‍മാര്‍ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. പ്രധാനമന്ത്രിക്ക് ക്ഷേത്രത്തില്‍ എന്തുകാര്യം എന്ന ചോദ്യം ഹിന്ദുമത വിശ്വാസികളില്‍ ശക്തിപ്പെട്ടു.
ബിജെപി-സംഘ്‌പരിവാര്‍ സംഘടനകള്‍ ശ്രീരാമനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതില്‍ ഹിന്ദുമത വിശ്വാസികളില്‍ ശക്തമായ വിയോജിപ്പ് ഹിന്ദി മേഖലകളിലെല്ലാമുണ്ടായി. രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യയില്‍ ഉള്‍പ്പെടെ അത് പ്രകടമാണ്. യുപിയില്‍ പോലും ഹിന്ദുത്വ വികാരം ഉദ്ദേശിച്ച തരത്തില്‍ ഉദ്ദീപിപ്പിക്കാന്‍ കഴിയാത്ത നിലയാണിന്ന്. അതിശക്തമായ പ്രതിരോധം, ഹിന്ദി മേഖലകളിലെല്ലാം ബിജെപി, സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരായി ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പോലും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കേന്ദ്രനിലപാടുകളില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ മുന്നോട്ടുവരികയായിരുന്നു. തങ്ങള്‍ തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് രാഷ്ട്രീയം മാറുന്നു എന്ന തോന്നല്‍ പ്രധാനമന്ത്രിക്ക് ഉണ്ടായിത്തുടങ്ങി.

കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങളെ നിശ്ചയിക്കുക മതത്തിന്റെ പേരിലായിരിക്കും എന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. രാമക്ഷേത്രത്തില്‍ ഇന്ത്യ സഖ്യം ബാബറി പൂട്ടിടുമെന്ന അമിത്‌ഷായുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും അധികാരത്തില്‍ വന്നാല്‍ സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രസംഗിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ വരെ പ്രധാനമന്ത്രി നടത്തി. താലിമാല തട്ടിയെടുക്കുമെന്ന് പറഞ്ഞ് ഹിന്ദു സ്ത്രീകളില്‍ വെെകാരികത സൃഷ്ടിക്കുന്നതിനുള്ള ശ്രമവും നടത്തി. ഇന്ത്യയുടെ ജനാധിപത്യ സങ്കല്പങ്ങളെല്ലാം ഇല്ലായ്മ ചെയ്യുന്ന നടപടികളാണിത്.
നരേന്ദ്ര മോഡി മാത്രമല്ല ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും ഭ്രാന്തമായ തരത്തിലാണ് വിഷലിപ്തമായ പ്രചരണം നടത്തുന്നത്. ഇനിയുള്ള ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അതുമാത്രമേ വഴിയുള്ളു എന്ന കണക്കുകൂട്ടലിലാണവര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ജയിക്കാനായി പാകിസ്ഥാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന ജനകീയ പ്രതിരോധത്തില്‍ മോഡി പരിഭ്രമിക്കാന്‍ തുടങ്ങി എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും നഗ്നമായി ലംഘിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണം നടത്തിയിട്ടും തെരഞ്ഞെടുപ്പു കമ്മിഷന്‍‍ നോക്കിയിരിക്കുന്നു. കമ്മിഷന് നിരവധി പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ഇന്ത്യ സഖ്യവും സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള പ്രമുഖരും കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചു എന്ന പരാതികളില്‍ ബിജെപി പ്രസിഡന്റ് നഡ്ഡയ്ക്കാണ് കമ്മിഷന്‍ നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രചരണം നടത്തിയതിന് നഡ്ഡയ്ക്കാണോ നോട്ടീസ് നല്‍കേണ്ടത്? തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാമന്ത്രിയുടെ ഒരു വകുപ്പായി മാറിയിരിക്കുന്നു. സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറല്ല എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബിജെപി-സംഘ്‌പരിവാര്‍ ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നതായാണ് ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. ഇനി നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ അവരുടെ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കാം.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.