6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

July 7, 2024
May 12, 2024
April 11, 2023
December 21, 2022
December 12, 2022
August 21, 2022
August 3, 2022
July 24, 2022
June 11, 2022
May 29, 2022

ചൈനീസ് വിരോധം പഴങ്കഥ: യുഎസിനെ കടത്തിവെട്ടി ഏറ്റവും വലിയ വ്യാപാരപങ്കാളി

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2024 10:38 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും ചൈനീസ് വിരോധമെല്ലാം പഴങ്കഥ. യുഎസിനെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി.
കയറ്റുമതിയായും ഇറക്കുമതിയായും ഇന്ത്യയും ചൈനയും തമ്മില്‍ 2023–24ല്‍ 1,18,400 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇക്കാലയളവില്‍ 11,830 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎസും തമ്മില്‍ നടന്നതെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2021–22, 2022–23 സാമ്പത്തിക വര്‍ഷങ്ങളില്‍ യുഎസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 8.7 ശതമാനം ഉയര്‍ന്ന് 1667 കോടി ഡോളറിലെത്തി. ഇരുമ്പയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങളും പച്ചക്കറികളും, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുടെ കയറ്റുമതിയില്‍ വലിയ വളര്‍ച്ചയുണ്ടായി. 2023–24ല്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം ഉയര്‍ന്ന് 1017 കോടി ഡോളറിലെത്തി.
2023–24ല്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 1.32 ശതമാനം ഇടിവുണ്ടായി. 7,750 കോടി ഡോളറിന്റെതായിരുന്നു കയറ്റുമതി. മുന്‍ വര്‍ഷം ഇത് 7854 കോടി ഡോളറായിരുന്നു.

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യക്ക് വർധന നേടാനായെന്ന് കഴിഞ്ഞദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. ചൈനയ്ക്ക് പുറമെ യുഎസ്, യുഎഇ, നെതർലൻഡ്സ്, യുകെ, സൗദി അറേബ്യ, സിംഗപ്പൂർ, ബംഗ്ലദേശ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎഇയിലേക്കുള്ള കയറ്റുമതിയില്‍ 12.71 ശതമാനവും സിംഗപ്പൂരിലേക്ക് 20.19 ശതമാനവും യുകെയിലേക്ക് 13.30 ശതമാനവും വളര്‍ച്ച നേടി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. അതേസമയം, ഇന്ത്യയുടെ ചരക്കു കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞ് 43,710 കോടി ഡോളറായി. എന്നാൽ സേവന കയറ്റുമതി 34,110 കോടി ഡോളറായി ഉയർന്നു. മുൻവർഷം 32,530 കോടി ഡോളറായിരുന്നു. ആകെ കയറ്റുമതിയിൽ 0.23 ശതമാനം വർധനയുണ്ട്; 77,640 കോടി ഡോളറിൽനിന്ന് 77,820 കോടി ഡോളറായി.
എൻജിനീയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. പക്ഷേ പെട്രോളിയം ഉല്പന്ന കയറ്റുമതിയിൽ 13.66 ശതമാനത്തിന്റെ ഇടിവുണ്ടായി. രത്നം, ജ്വല്ലറി കയറ്റുമതിയും 13.83 ശതമാനം ഇടിഞ്ഞു. 

Eng­lish Sum­ma­ry: Chi­na has over­tak­en the US as Indi­a’s largest trad­ing partner

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.