ഹിറ്റ്ലർ ചെങ്കൊടിക്ക് മുന്നിലാണ് കീഴടങ്ങിയതെന്നും മോഡിയും ചെങ്കൊടിക്ക് മുന്നിൽ കീഴടങ്ങുക തന്നെ ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ കേരളഘടക രൂപീകരണത്തിന് വേദിയായ വിവേകാനന്ദ വായനശാലയുടെ പുനഃസ്ഥാപനവും പി നാണു സ്മാരകം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണം അതിന്റെ 10 വർഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജർമ്മനിയിൽ ഹിറ്റ്ലറിനു സമാനമായ രീതിയിലാണ് മോഡി രാജ്യത്ത് അധികാരം കൈകാര്യം ചെയ്തത്. ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് ഇവിടെ നടമാടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങൾക്കിടയിൽ ചേരിതിരിവും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിൽ ശത്രുപക്ഷത്തുള്ളവർ പ്രബലരായതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം അനിവാര്യമാണ്. ഒന്നായിരുന്നെങ്കിൽ ഗുണപരമായ ഒരുപാട് മാറ്റങ്ങൾ സാധിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിക്കുമായിരുന്നു. എല്ലാം കൈപ്പിടിയിലൊതുക്കുമെന്ന് പറഞ്ഞ മോഡി ഇന്ന് ഭയപ്പാടിലാണ്. കാറ്റ് മാറി വീശുകയാണെന്ന് മാധ്യമങ്ങളും പറയാൻ തുടങ്ങിയിരിക്കുന്നു. ഫാസിസ്റ്റായ ആർഎസ്എസ് നയിക്കുന്ന ബിജെപിയാണ് നമ്മുടെ മുഖ്യശത്രു. അതിനെതിരായ പോരാട്ടം അനുസ്യൂതം തുടരേണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനശാല ഉദ്ഘാടനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ്‌കുമാർ എംപി നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ അധ്യക്ഷനായി. ചടങ്ങിൽ സി പി മുരളി പി കൃഷ്ണപിള്ളയുടെയും സി എൻ ചന്ദ്രൻ എൻ ഇ ബാലറാമിന്റെയും സി പി ഷൈജൻ പി നാണുവിന്റെയും ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. പുസ്തകങ്ങൾ എ പ്രദീപൻ ഏറ്റുവാങ്ങി. കെ ടി ജോസ്, എം എസ് നിഷാദ്, എം മഹേഷ്‌കുമാർ, എം ബാലൻ, സി എൻ ഗംഗാധരൻ, പി പ്രമീള എന്നിവർ സംസാരിച്ചു. പലേരി മോഹനൻ പതാക ഉയർത്തി. പാറപ്രം ലോക്കൽ പരിധിയിലുള്ള മുതിർന്ന സഖാക്കളെ ചടങ്ങിൽ ആദരിച്ചു. റംഷി പട്ടുവം നയിച്ച നാട്ടുപാട്ടരങ്ങും നടന്നു.
English Summary: Hitler surrendered before the red flag: Benoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.