22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

നാലാംഘട്ട പോളിങ്: യുപിയില്‍ ബിജെപി കള്ളവോട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 11:03 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വ്യാപകമായി ബൂത്തുപിടിത്തവും കള്ളവോട്ടും നടത്തിയെന്ന് ആരോപണം. പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും അക്രമസംഭവങ്ങളുണ്ടായി. ആദ്യഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവിധ സംസ്ഥാനങ്ങളില്‍ ഇവിഎം തകരാറുകളും ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്തു.
പരാജയഭീതിയിലായ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്തതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നു. ഷജഹാന്‍പൂര്‍ മണ്ഡലത്തിലെ 144-ാം നമ്പര്‍ ബൂത്തില്‍ മുഴുവന്‍ വോട്ടും ബിജെപി പ്രവര്‍ത്തകര്‍ ചെയ്തതായി എസ്‌പി പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഫറൂഖാബാദ് മണ്ഡലത്തിലെ അലിഗഞ്ജില്‍ വോട്ടര്‍മാരെ തടഞ്ഞുവച്ചു. മിസ്രിക് മണ്ഡലത്തില്‍ യുപി പൊലീസ് എസ്‌പി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി, വോട്ടര്‍മാരെ മടക്കി അയച്ചു. കനൗജില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെയും ഭീഷണിപ്പെടുത്തി. ഷാജഹാന്‍പൂരിലെ കത്ര ബൂത്തില്‍ ബിജെപിയുടെ ബൂത്ത് ഏജന്റുമാര്‍ വോട്ടര്‍മാരെ അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. കനൗജില്‍ വ്യാജ വോട്ടര്‍മാരെ വ്യാപകമായി രംഗത്തിറക്കി കള്ളവോട്ട് നടത്തി. കാണ്‍പൂരില്‍ വോട്ടെടുപ്പിനിടെ ഇലക്ട്രോണിക്സ് വോട്ടിങ് മെഷീന്‍ നിശ്ചലമായി. 

പലയിടത്തും എസ്‌പി ചിഹ്നത്തില്‍ ചെയ്ത വോട്ട് വിവി പാറ്റ് സ്ലിപ്പില്‍ ബിജെപി ചിഹ്നത്തില്‍ പതിഞ്ഞതായാണ് കണ്ടതെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നിസംഗരായിരുന്നുവെന്നും പരാതിയുണ്ട്. കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന ലഖിംപൂര്‍ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയ വനിതയ്ക്കും സൈക്കിളിന് വോട്ട് ചെയ്തപ്പോള്‍ ബിജെപിയുടെ താമര പതിപ്പിച്ച സ്ലിപ്പാണ് കാണാനായത്.
വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് 1700 പരാതികളാണ് ഉച്ചവരെ പശ്ചിമ ബംഗാളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളായ പലയിടങ്ങളിലും ബൂത്തുകളില്‍ നിന്നും പോളിങ് ഏജന്റുമാരെ അടിച്ചോടിച്ചു. വോട്ടര്‍മാരെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അനുവദിച്ചില്ല. 

ഛപ്രയിലെയും കൃഷ്ണ നഗറിലെയും ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ദുര്‍ഗാപൂരിലും തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബോള്‍പൂര്‍ മണ്ഡലത്തിലെ ബൂത്തിലുണ്ടായ ബോംബാക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബര്‍ധമാന്‍, ദുര്‍ഗാപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ബിർഭൂമിൽ ടിഎംസി പ്രവർത്തകർ പോളിങ് സ്റ്റേഷന് പുറത്തുളള ബിജെപി സ്റ്റാൾ തകർത്തതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചിറ്റൂർ, കഡപ്പ, അനന്തപൂർ, പൽനാട് ജില്ലകളിലെ വിവിധ ബൂത്തുകളിൽ വൈഎസ്ആർ കോൺഗ്രസ്-ടിഡിപി പ്രവർത്തകർ ഏറ്റുമുട്ടി. ചിറ്റൂരിൽ തട്ടിക്കൊണ്ടുപോയ ടിഡിപി പോളിങ് ഏജന്റമാരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മോചിപ്പിച്ചു. 

64.20 ശതമാനം പോളിങ് 

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അഞ്ചുമണിവരെ 64.20 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരിലേതും ഉൾപ്പെട്ട 96 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ആന്ധ്രാ പ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കുളള വോട്ടെടുപ്പും ഈ ഘട്ടത്തില്‍ പൂര്‍ത്തിയായി.
പശ്ചിമ ബംഗാളില്‍ 76.75 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം ജമ്മു കശ്‌മീരിലാണ്. 37.93 ശതമാനം.

Eng­lish Sum­ma­ry: Fourth phase polling: BJP fake vote in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.