27 January 2026, Tuesday

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ് പരാതി

* പൊതുജനാരോഗ്യ മേഖലയെ തകർക്കാന്‍ കുപ്രചരണമെന്ന് കെജിഎംസിടിഎ
Janayugom Webdesk
കോഴിക്കോട്
May 19, 2024 9:25 pm

മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. കൈക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി പരാതി നല്‍കിയത്. എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് അധികൃർ രംഗത്തുവന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവ് അടക്കമുള്ള വകുപ്പ് ചേർത്ത് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. 24 കാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കയ്യില്‍ ഇട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധിച്ച മറ്റൊരു ഡോക്ടറാണ് കമ്പിയുടെ അളവ് മാറിപ്പോയെന്ന് അറിയിച്ചത്. വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ഡോക്ടർ തങ്ങളെ അറിയിച്ചെന്നും കുടുംബം പറയുന്നു. 

ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു പ്രതികരിച്ചു. സാധാരണ ഇത്തരം രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേഡ് ചികിത്സയും സർജറിയുമാണ് നടത്തിയിട്ടുള്ളത്. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേർന്നാണ് താല്‍ക്കാലികമായി നാല് ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഇത് പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. എല്ലാ രോഗികൾക്കും ഇതുതന്നെയാണ് ചികിത്സയെന്നും ശസ്ത്രക്രിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ അറിയാതെ മെഡിക്കൽ കോളജിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

ശസ്ത്രക്രിയയ്ക്ക് ശേഷം എടുത്ത എക്സ്റേയിൽ താത്ക്കാലികമായി ഇട്ട കമ്പിയുടെ കിടപ്പിൽ സംശയം തോന്നിയ ജൂനിയർ ഡോക്ടർ ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നേക്കാമെന്ന് രോഗിയെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ലെന്ന് മനസിലാക്കുകയും ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കുന്നു. 

വസ്തുതകൾ മനസിലാക്കാതെ മാധ്യമങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത രീതിയിൽ കമ്പി മാറിയെന്നും വേറെ രോഗിയുടെ കമ്പി ഇട്ടെന്നും അതിശയോക്തി നിറഞ്ഞ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഗവ. മെഡിക്കൽ കോളജിനെതിരെ നടക്കുന്ന നിരന്തരമായ കുപ്രചരണങ്ങൾ അപലപനീയമെന്നും കെജിഎംസിടിഎ പറഞ്ഞു. പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ നിയമപരമായും ആശയപരമായും നേരിടുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഡോ. കൃഷ്ണൻ സി, സെക്രട്ടറി ഡോ. അബ്ദുൾ ബാസിത്ത് എന്നിവർ അറിയിച്ചു. 

Eng­lish Summary:Another com­plaint of med­ical mal­prac­tice at Kozhikode Med­ical College
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.