19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
May 28, 2024
May 13, 2024
April 5, 2024
March 27, 2024
March 25, 2024
March 25, 2024
March 24, 2024
February 16, 2024
January 9, 2024

ആപ്പുകളില്‍ വിവരമോഷണം; വോട്ടര്‍മാരുടെ വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളിലേക്ക്

Janayugom Webdesk
May 28, 2024 10:52 pm

ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ വിവിധ ആപ്പുകള്‍ വഴി രാഷ്ടീയക്കാരുടെ കൈകളിലെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട്.
വിവിധ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കി പരസ്യത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഒട്ടും സുരക്ഷിതമല്ലാത്ത വിധത്തിലാണ് വോട്ടര്‍മാരുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈകാര്യം ചെയ്യുന്നതെന്നും ഡാറ്റ സൊസൈറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് തെരഞ്ഞെടുപ്പില്‍ കേംബ്രിഡ‍്ജ് അനലിറ്റിക നടത്തിയ ഇടപെടലിന് തുല്യമായി ഇത് പരിഗണിക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

വിവിധ ആപ്പുകളില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് വിവരസാങ്കേതിക വിദഗ്ധനായ ശ്രീനിവാസ് കോട്ടാലി പറഞ്ഞു. വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമങ്ങളുടെ അപര്യാപ്തത ആപ്പുകള്‍ക്ക് തുണയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഡാറ്റാ ഖനിയായാണ് രാജ്യത്തെ ആപ്പ് നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തികളുടെ മാതൃഭാഷ, ജാതി, വര്‍ഗം അടക്കമുള്ള മുഴുവന്‍ വിവരങ്ങളും വിവിധ ആപ്പുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ടാക്ട്സ്, ഗാലറി, മൈക്ക് തുടങ്ങിയ വിവിധ പെര്‍മിഷനുകള്‍ മൊബൈല്‍ ആപ്പുകള്‍ക്ക് നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ വിവരശേഖരണവും നിരീക്ഷണവും എളുപ്പമായി. വിവിധ ആപ്പുകളിലൂടെ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുന്നതിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ പുനഃസൃഷ്ടിക്കാനും സാധിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വോട്ടര്‍മാരുടെ വിവരം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിവിധ ഏജന്‍സികളെ സ്വാധീനിച്ചും അട്ടിമറി നടത്താന്‍ സാധിക്കും. 2018 ലെ യുറോപ്യന്‍ യുണിയന്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പ് എന്നിവയില്‍ ഫേസ്ബുക്ക് കേംബ്രിജ്ഡ് അനലിറ്റികയ്ക്ക് 50 ദശലക്ഷം വ്യക്തികളുടെ വിവരം ശേഖരിക്കാന്‍ രഹസ്യ അനുമതി നല്‍കിയ സംഭവം ഡാറ്റ സൊസൈറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യയില്‍ വ്യക്തിഗത വിവരങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ളത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ്. ഇവ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി ദുരുപയോഗം ചെയ്തിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അത് യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന സ്ഥിതിയാണ് ഇന്ത്യയില്‍ കണ്ട് വരുന്നതെന്നും ശ്രീനിവാസ് കോട്ടാലി പറഞ്ഞു. 

Eng­lish Summary:Data theft in apps; Vot­er infor­ma­tion to polit­i­cal parties
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.