15 November 2024, Friday
KSFE Galaxy Chits Banner 2

പുതുമകളോടെ പുതുവർഷം

ഒ കെ ജയകൃഷ്ണൻ
June 3, 2024 4:14 am

പുതിയൊരു അധ്യയനവർഷത്തിന് ഇന്ന് തുടക്കമാവുകയാണ്, ഏറെ പുതുമകളോടെ. മാറിയ പാഠപുസ്തകങ്ങൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ കൈകളിൽ ലഭിച്ചുകഴിഞ്ഞു. 10 വർഷങ്ങൾക്ക് ശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് എത്തുന്നത്. ഉള്ളടക്കവും പഠനപ്രവർത്തനങ്ങളും നവീകരിച്ച പുസ്തകങ്ങൾ എങ്ങനെ കുട്ടികളിലേക്ക് വിനിമയം ചെയ്യണമെന്നതിൽ അധ്യാപകർക്ക് അവധിക്കാലത്തുതന്നെ പരിശീലനം പൂർത്തിയായി. അതോടൊപ്പം പഠനപ്രവർത്തനങ്ങളെ സഹായിക്കാൻ അധ്യാപകർക്ക് നിർമ്മിതബുദ്ധിയുടെ സാധ്യതകൾ പ്രയോഗിക്കാനുള്ള പ്രായോഗികപരിജ്ഞാനവും പരിശീലിപ്പിച്ച് വരികയാണ്. ഭൗതികസാഹചര്യങ്ങളിൽ അന്തർദേശീയ നിലവാരത്തിലേക്ക് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ അപൂർവം എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾ ഈ വിശേഷണത്തിന് അപവാദമായി നിൽക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസസൗകര്യങ്ങൾ നമ്മുടെ ലക്ഷ്യമാണെങ്കിലും ആരാലും ശ്രദ്ധിക്കാതെ പോകുന്ന ചില പ്രാഥമികവിദ്യാലയങ്ങൾ ഇന്നുമുണ്ട്. അവകൂടി ശക്തിപ്പെടുമ്പോഴേ നമ്മുടെ ലക്ഷ്യം പൂർത്തിയാകൂ. 

അടിസ്ഥാനസൗകര്യങ്ങളും ആസൂത്രണങ്ങളുമെല്ലാം ഉണ്ടായിട്ടും സ്കൂൾവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ പ്രതീക്ഷിക്കുന്ന തരത്തിൽ ഉയർത്താൻ നമുക്ക് കഴിയുന്നില്ല എന്ന പൊതു വിമർശനം ഉയർന്നുവരുന്നുണ്ട്. കേവലം ദേശീയ സർവേകളും പരീക്ഷകളും അടിസ്ഥാനമാക്കി മാത്രമുള്ള വിലയിരുത്തലല്ല അത്. ഫീൽഡനുഭവം കൂടിയാണെന്ന് അധ്യാപകർ തിരിച്ചറിയുന്നു. പുതിയ വർഷം അതിന് പരിഹാരം തേടുന്നതാകുമെന്ന പ്രതീക്ഷയുണ്ട്. അധ്യാപകരും കുട്ടിയും രക്ഷിതാവും കൈ കോർക്കുന്നിടത്ത് നിലവാരവും ഉയരും. കുട്ടികൾ ഓരോഘട്ടത്തിലും ആർജിക്കേണ്ട അറിവുകളും ശേഷികളും കൈവരിച്ചെന്ന് ഉറപ്പാക്കുമ്പോഴെ നമ്മുടെ സിലബസും പാഠപുസ്തകവും വിജയിക്കുന്നുള്ളൂ. പരീക്ഷകൾ അതിനുള്ള ഒറ്റമൂലിയല്ല. പഠനത്തെക്കാൾ പരീക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സമ്പ്രദായമാണ് നമുക്കിന്നുള്ളത്. പരീക്ഷകൾ പഠനത്തെ സഹായിക്കുന്നതും കുട്ടി ആർജിച്ച ശേഷികൾ ശരിയായി വിലയിരുത്താൻ കഴിയുന്നതുമാകണം. ആ അർത്ഥത്തിൽ നിലവിലുള്ള പരീക്ഷകൾക്ക് പരിമിതികളുണ്ട്.
ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷകൾക്ക് മിനിമംസ്കോർ നിശ്ചയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ മുറുകുകയാണ്. ഉയർന്ന ക്ലാസിലെ പൊതുപരീക്ഷയെ മാത്രം ലക്ഷ്യംവച്ചുള്ള തീരുമാനമല്ല ഇതിൽ വേണ്ടത്. പ്രാഥമികതലം തൊട്ട്, കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചുള്ള സമഗ്രമായ പരിഷ്കരണം ഉണ്ടാവണം. പൊതുവിദ്യാലയങ്ങളിൽ എല്ലാവരും വിജയിക്കുന്നത് മഹാപാപമായി കാണുന്ന ചിലരുണ്ട് സമൂഹത്തിൽ. കുറച്ചുപേർ തോറ്റാലേ അവർക്ക് മനസമാധാനമുണ്ടാകൂ. ഗുണമേന്മയുള്ള വിദ്യാഭ്യാസംനേടി, ആത്മവിശ്വാസത്തോടെ സമൂഹത്തിലേക്കിറങ്ങാനുള്ള പ്രാപ്തിയോടെ എല്ലാകുട്ടികളെയും വിജയിപ്പിച്ചുവേണം അവർക്ക് മറുപടിനല്‍കാൻ.
വിദ്യാലയവർഷം ആരംഭിക്കുമ്പോൾ മേഖലയിൽ പരിഹരിച്ച് പോകേണ്ട വിഷയങ്ങളുമുണ്ട്. എല്ലാ ക്ലാസുകളിലും വേണ്ട സ്ഥിരാധ്യാപകരുടെ നിയമനമാണതിലൊന്ന്. താല്‍ക്കാലികാധ്യാപക നിയമനം ക്ലാസുകൾ ഫലപ്രദമാക്കുന്നില്ല. സമയബന്ധിത സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ചെയ്ത പ്രവൃത്തികൾക്ക് സമയാസമയം പ്രതിഫലം നല്‍കലുമാണ് മറ്റൊന്ന്. കുട്ടികൾക്ക് സുഗമമായ ഉച്ചഭക്ഷണവിതരണത്തിനുള്ള ഒരുക്കങ്ങൾ, ആരോഗ്യ‑കായിക പഠനസൗകര്യങ്ങൾ എന്നിവയും പ്രധാനമാണ്. വർഷങ്ങളായി മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ സേവനം ക്രമപ്പെടുത്താൻ ഇനിയും വൈകിക്കൂടാ. പൊതുവിദ്യാഭ്യാസത്തിന്റെ ഏകോപനം മുഖ്യഅജണ്ടയായി ഈ വർഷം നടപ്പാക്കണം. തീർപ്പാക്കാത്ത ഫയലുകൾക്ക് മോക്ഷംകിട്ടാൻ സ്കൂളുകളുടെ ശാക്തീകരണം വിദ്യാഭ്യാസ ഓഫിസുകളിലും നടപ്പാക്കണം. 

വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർ സ്വയം ഏറ്റെടുക്കേണ്ടവ കൂടി പറയാതെ വയ്യ. പൊതുവിദ്യാലയങ്ങളുടെ കുതിപ്പ് സഹിക്കാതെ മേഖലയെ ഇകഴ്ത്തുന്നവർ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാൽ നമ്മുടെ വ്യവസ്ഥയ്ക്കുള്ളിലുള്ള അധ്യാപകരോ ഉദ്യോഗസ്ഥരോ സ്വകാര്യമേഖലയുടെ ഒറ്റുകാരാകരുത്. സ്വന്തം മക്കളെ സ്വകാര്യവിദ്യാലയങ്ങളിലയച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ഉപദേശിക്കാൻ അവർക്കർഹതയില്ല. പൊതുവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കുട്ടികൾ പൊതുവിദ്യാലയങ്ങളിൽതന്നെ ചേർന്നുപഠിക്കുന്നു എന്നുറപ്പാക്കണം. ഇങ്ങനെയൊരു പ്രഖ്യാപനം നടത്തൽ അധികൃതർക്ക് വലിയൊരു വെല്ലുവിളിയായിരിക്കുമെന്നറിയാം. അധ്യാപകരുടെയും ജീവനക്കാരുടെയും മക്കളല്ലേ ആദ്യം പൊതുവിദ്യാലയത്തിലെത്തേണ്ടത്? എന്നിട്ടല്ലേ നാട്ടുകാരുടെ മക്കളെ ക്ഷണിക്കേണ്ടത്? ബഹുഭൂരിപക്ഷവും ഇത് പ്രാവർത്തികമാക്കിയവരാണെന്നറിയാം. ഇത് നിറവേറ്റാതെ പൊതുവിദ്യാഭ്യാസമേഖലയിൽ ജോലിചെയ്യുന്ന ചില കള്ളനാണയങ്ങളുമുണ്ട്. ആരുടെയെങ്കിലും സമ്മർദംകൊണ്ടല്ല, സ്വന്തം മേഖലയുടെ വിശ്വാസം നിലനിർത്താനും സ്വന്തം ധാർമ്മികത നിലനിർത്താനും അവർ ഈ കടമ നിറവേറ്റണം.
പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും പരീക്ഷാപരിഷ്കരണവും അടിസ്ഥാനസൗകര്യങ്ങളും അക്കാദമിക ദിനങ്ങളും ഒത്തുചേരുന്ന പുതുവർഷം അധ്യയനം ആവേശകരമാക്കുമെന്ന് ഉറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.