23 January 2026, Friday

അടുക്കള ബജറ്റ് കുതിക്കുന്നു; സസ്യാഹാരത്തിനും വിലയേറി

Janayugom Webdesk
ന്യൂഡൽഹി
June 7, 2024 8:56 pm

രാജ്യത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം തുടരുന്നു. വീട്ടില്‍ തയ്യാറാക്കുന്ന സസ്യാഹാരത്തിനുള്‍പ്പെടെ വില കുതിച്ചുകയറിയതായി ക്രിസിൽ റിസർച്ച് പഠനം. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളുടെ വിലയിലുണ്ടായ വർധനവ് വെജിറ്റേറിയൻ താലിയുടെ വില വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയിൽ യഥാക്രമം 39, 41, 43 ശതമാനം എന്നിങ്ങനെ വർധനവ് രേഖപ്പെടുത്തി. 

പശ്ചിമ ബംഗാളിൽ റാബി വിളകളുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞതിനൊപ്പം വിളനാശവും നേരിട്ടു. ഉരുളക്കിഴങ്ങിന്റെ വരവ് കുറഞ്ഞതോടെ വില ഉയര്‍ന്നു. ഭക്ഷ്യവസ്‌തുക്കളുടെ വില ഇനിയും കൂടുമെന്നാണ് ആശങ്ക. ഏകദേശം 204.96 ദശലക്ഷം ടൺ പച്ചക്കറി ഉല്പാദനം മാത്രമേ ഇത്തവണ ഉണ്ടാകുവെന്നും മന്ത്രാലയം അറിയിച്ചു. ഉള്ളി ഉല്പാദനം കഴിഞ്ഞ വർഷത്തെ 302.08 ലക്ഷം ടണ്ണിൽ നിന്ന് 2023 — 2024 ൽ 242.12 ലക്ഷം ടണ്ണായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 60 ലക്ഷം ടണ്ണിന്റെ കുറവായിരിക്കും. അതേസമയം തക്കാളി ഉല്പാദനം 3.98 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉല്പാദനം ഏകദേശം 212.38 ലക്ഷം ടണ്ണിലെത്തുമെന്നും കൃഷി കർഷക ക്ഷേമ മന്ത്രാലയം പറയുന്നു. 

അതേസമയം ബ്രോയിലർ വിലയിലുണ്ടായ ഇടിവ് കാരണം നോൺ‑വെജ് താലിയുടെ വില ഏഴുശതമാനം കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ വില ഉയര്‍ന്നു നില്‍ക്കുമ്പോഴും രാജ്യത്ത് ഇറച്ചിക്കോഴി വിലയില്‍ 16 ശതമാനം കുറവുണ്ടായി. ഇത് നോൺ വെജ് താലിയുടെ വില കുറയാൻ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:The kitchen bud­get is soar­ing; Veg­e­tar­i­an food has also gone up in price
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.