22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 6, 2024
December 1, 2024
November 29, 2024
November 26, 2024
November 26, 2024
November 15, 2024
November 8, 2024
November 8, 2024
November 6, 2024

മോഡി ഭരണത്തിനെതിരെ 195 കര്‍ഷക സമരങ്ങള്‍

*അഞ്ചു സംസ്ഥാനങ്ങളിലായി ബിജെപിക്ക് നഷ്ടം 38 സീറ്റുകള്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2024 9:19 pm

ന്യൂഡല്‍ഹി: മൂന്നാമൂഴത്തിലും മോഡിക്ക് ശക്തമായ വെല്ലുവിളികളുമായി രാജ്യത്തെ കര്‍ഷകര്‍ മാറുമെന്ന് വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കടുത്ത എതിര്‍പ്പുയര്‍ത്തിയവരില്‍ കര്‍ഷക സംഘടനകള്‍ പ്രധാനികളായിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങളെ അവഗണിച്ചത് ബിജെപിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ സുപ്രധാന കാരണങ്ങളിലൊന്നായി മാറിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി 38 സീറ്റുകളാണ് ബിജെപിക്ക് കര്‍ഷകരോഷത്തില്‍ നഷ്ടമായത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കുറഞ്ഞ താങ്ങുവില നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് 2014ലെ തെരഞ്ഞെടുപ്പില്‍ മോഡി ജനങ്ങളെ സമീപിച്ചതും അധികാരത്തിലേറിയതും. വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ കര്‍ഷക ദ്രോഹനയങ്ങള്‍ നടപ്പാക്കി. ഇതോടെയാണ് കര്‍ഷകര്‍ തെരുവിലിറങ്ങേണ്ടി വന്നത്. 2023 മുതല്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ ഇരുന്നൂറിനടുത്ത് കര്‍ഷക സമരങ്ങള്‍ നടന്നെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എന്‍വയോണ്‍മെന്റ് ഫിഗര്‍ (എസ്ഒഇ)-2024ലാണ് ഇത് സംബന്ധിച്ച കണക്കുകളുള്ളത്. 2022 മുതലാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ആശങ്കാജനകമായി വര്‍ധിച്ചത്, മൊത്തം 11,290 പേരാണ് മരിച്ചത്. 2017ന് ശേഷമുള്ള ഏറ്റവും വലിയ കര്‍ഷക ആത്മഹത്യാ നിരക്കാണിത്. കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ലഭ്യമാക്കുമെന്ന് മോഡി ഉറപ്പുനല്‍കിയ വര്‍ഷം കൂടിയായിരുന്നു 2022. 

2023 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 195 കര്‍ഷക സമരങ്ങളാണ് നടന്നത്. ഇതില്‍ നിന്ന് തന്നെ അവരുടെ ആശങ്കകളും സര്‍ക്കാരിന്റെ അവഗണനയും വ്യക്തമാണ്. സമരങ്ങളുടെ 59 ശതമാനവും ഏഴ് സംസ്ഥാനങ്ങളിലാണ് നടന്നത്. കര്‍ണാടകയില്‍ 26, പഞ്ചാബ് 18, തമിഴ്‌നാട് 17, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ 14 വീതം, ഉത്തര്‍പ്രദേശ് 12. ഭൂമിയേറ്റെടുക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍, മിനിമം താങ്ങുവില, ചില വിളകളുടെ കയറ്റുമതി നിരോധിച്ചത് പോലുള്ള കാര്‍ഷിക നയങ്ങള്‍, നിയമങ്ങള്‍ എന്നിവയ്ക്കെതിരെയായിരുന്നു ഭൂരിപക്ഷം സമരങ്ങളും. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വികസന പദ്ധതികള്‍ക്ക് ഏറ്റെടുത്ത ഭൂമിക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതിരിക്കുക എന്നിവയ്ക്കെതിരെയായിരുന്നു 47 സമരങ്ങള്‍. 

കുറഞ്ഞ താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ വിളകള്‍ സംഭരിക്കാത്തതിനും മിനിമം താങ്ങുവില ഏര്‍പ്പെടുത്താത്തതിനും എതിരെ 35 പ്രതിഷേധ സമരങ്ങളാണ് നടന്നത്. സംസ്ഥാനങ്ങളിലെ കാര്‍ഷിക നിയമങ്ങള്‍, വാഗ്ദാനം പാലിക്കാതിരിക്കല്‍, ചില പ്രത്യേക വിളകള്‍ക്കുള്ള കയറ്റുമതി വിലക്ക് എന്നിവയ്ക്കെതിരെ 34 സമരങ്ങള്‍ നടന്നു. മതിയായ വെള്ളം ലഭിക്കാതെ കൃഷി നശിച്ചതിനെതിരെ തമിഴ്‌നാട്ടിലും വൈദ്യുതി ആവശ്യപ്പെട്ട് ഒഡിഷയിലും കര്‍ഷകര്‍ കഴിഞ്ഞ കൊല്ലം സമരം ചെയ്തു.
2023 ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ ഏറ്റവും മോശം കാലമായിരുന്നു. ഓരോ മാസവും നിരവധി വിഷയങ്ങളുയര്‍ത്തി കര്‍ഷകര്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടിവന്നു. പച്ചക്കറികളും പഴങ്ങളും സംഭരിച്ച് വയ്ക്കുന്നതിന് പര്യാപ്തമായ ശീതീകരണ സംവിധാനം പോലും രാജ്യത്തില്ല. ഇതിനൊക്കെ പരിഹാരം കാണേണ്ടതിന് പകരം ഭിന്നിപ്പിനും ക്ഷേത്രം പണിയുന്നതിനുമാണ് മോഡി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. അതിനുള്ള തിരിച്ചടിയാണ് ബിജെപി 303 സീറ്റില്‍ നിന്ന് 240ലേക്ക് കൂപ്പുകുത്താന്‍ കാരണം. അതുകൊണ്ട് കര്‍ഷകരെ അവഗണിച്ചുകൊണ്ട് മോഡിക്ക് മൂന്നാമൂഴത്തിലും മുന്നോട്ട് പോകാനൊക്കില്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. 

Eng­lish Summary:195 farm­ers strike against Modi administration

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.