28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024
August 17, 2024
August 16, 2024
August 1, 2024
June 11, 2024
June 8, 2024

ലോക്കോ പൈലറ്റുമാരുടെ സമരം; പ്രതികാര നടപടിയുമായി റയിൽവേ

ബേബി ആലുവ
കൊച്ചി
June 8, 2024 7:37 pm

അർഹതപ്പെട്ട വിശ്രമസമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിലായ ലോക്കോ പൈലറ്റുമാർക്കെതിരെ റയിൽവേ പ്രതികാര നടപടികൾ തുടങ്ങി. കേരളമടക്കം ദക്ഷിണ റയിൽവേയുടെ എട്ട് ഡിവിഷനുകളിലെ മുഴുവൻ ലോക്കോ പൈലറ്റുമാരും ഈ മാസം ഒന്ന് മുതൽ സമരത്തിലാണ്. 2012 ൽ ചർച്ച തുടങ്ങി 2016 ൽ അംഗീകരിച്ച് 2020 മുതൽ പ്രാബല്യത്തിൽ വരുത്തണമെന്ന് തീരുമാനിച്ച വ്യവസ്ഥകൾ നടപ്പാക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. 1973 ലെ സമരം പിൻവലിച്ചതു തന്നെ പരമാവധി ജോലി സമയം 10 മണിക്കൂർ എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഒറ്റയടിക്ക് 14 മണിക്കൂർ തികച്ചും ജോലി ചെയ്യണമെന്നാണ് റയിൽവേയുടെ പിടിവാശി. ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നും തുടർച്ചയായി രണ്ട് രാത്രികളിൽ കൂടുതൽ ജോലി ചെയ്യില്ലെന്നുമാണ് ജീവനക്കാരുടെ നിലപാട്. 

ആവശ്യങ്ങൾ നേടിയെടുക്കാൻ ജോലിയിൽ നിന്ന് വിട്ടു നിൽക്കാതെ അധിക ജോലിസമയം ബഹിഷ്കരിക്കുന്ന സമരമുറയാണ് സ്വീകരിച്ചിരിക്കുന്നത്. അർഹമായ വിശ്രമവും അവധിയുമില്ലാതെ വലിയ വിവേചനവും മനുഷ്യാവകാശ ലംഘനവുമാണ് ലോക്കോ പൈലറ്റുമാർ നേരിടുന്നതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
സംഘടന ദക്ഷിണ റയിൽവേ ജനറൽ മാനേജർക്ക് സമര തീരുമാനം അറിയിച്ച് നോട്ടീസ് നൽകിയ മേയ് 15 നു തന്നെ, പരിഹാരമാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകളുടെ അഖിലേന്ത്യാ കോൺഫെഡറേഷനും റയിൽവേ മന്ത്രാലയം, റയിൽവേ ബോർഡ്, ദക്ഷിണ റയിൽവേ ജനറൽ മാനേജർ, പാലക്കാട് — തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർ എന്നിവർക്ക് നിവേദനം നൽകി. എന്നാൽ, കേരളത്തിൽ വിദ്യാലയങ്ങൾ തുറക്കുന്ന സമയമായിട്ടു പോലും അധികൃതർ കുറ്റകരമായ നിഷ്ക്രിയത്വമാണ് പുലർത്തിയതെന്ന് അവരും കുറ്റപ്പെടുത്തുന്നു. 

സമരത്തെ നേരിടുന്നതിന്റെ ഭാഗമായി സേലം ഡിവിഷനിൽ അർഹതപ്പെട്ട പീരിയോഡിക്കൽ റെസ്റ്റ്, സിക്ക് ലീവ്, പാസാക്കിയ കാഷ്വൽ ലീവ്, പഠനാവശ്യത്തിനുള്ള യാത്ര എന്നിവ നിഷേധിച്ചിരിക്കുകയാണ്. അർഹമായ വിശ്രമസമയത്തിനു ശേഷം ഡ്യൂട്ടിക്കെത്തിയ പാലക്കാട് ഡിവിഷനിലെ 30 ലോക്കോ പൈലറ്റുമാർക്കെതിരെയും ശിക്ഷാ നടപടി തുടങ്ങി. തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സമരം ചെയ്യുന്നവർക്കെതിരെ യാത്രക്കാരെ തിരിക്കുന്നതിനു വേണ്ടി, തീവണ്ടി പുറപ്പെടുന്നതിന്റെ അരമണിക്കൂർ മുമ്പ് മാത്രം പകരം സംവിധാനം ഏർപ്പെടുത്തുന്ന തന്ത്രവും പയറ്റുന്നുണ്ട്. ഇത്, സ്വാഭാവികമായി വണ്ടി വൈകുന്നതിന് ഇടയാക്കും. യാത്രക്കാർ സമരത്തിന് എതിരുമാകും. ഇതാണ് കുബുദ്ധി. കോയമ്പത്തൂർ — മംഗലാപുരം റൂട്ടിലേക്ക് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. 

Eng­lish Summary:Loco Pilots Strike; Rail­ways with retaliation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.