23 January 2026, Friday

അവയവത്തട്ടിപ്പ്; വൃക്ക നല്‍കിയ ഷെമീറിനെ മാപ്പുസാക്ഷിയാക്കും

Janayugom Webdesk
കൊച്ചി
June 9, 2024 8:43 pm

അവയവക്കടത്ത്‌ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഇറാനിലെത്തി വൃക്ക നല്‍കിയ പാലക്കാട് സ്വദേശി ഷെമീറിനെ മാപ്പുസാക്ഷിയാക്കും. അവയവക്കടത്ത് വിവാദമായതിനെത്തുടർന്ന് ഒളിവില്‍ക്കഴിഞ്ഞ ഷെമീറിനെ ബംഗളൂരുവില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ഏപ്രില്‍ അവസാനമാണ് ഷെമീർ വൃക്ക നല്‍കിയത്. മേയില്‍ തിരികെ നാട്ടിലെത്തി. അതിനിടെയാണ് അവയവത്തട്ടിപ്പ് കേസ് പുറത്തുവന്നത്. ഇതോടെ ഷെമീർ ഒളിവില്‍പ്പോയി. ടെഹ്റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവ‍ർത്തനം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണ് നീക്കം. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വൃക്ക നല്‍കിയതിലൂടെ ആറുലക്ഷം രൂപയാണ് കിട്ടിയതെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ ഷെമീർ സമ്മതിച്ചു. 

അവയത്തട്ടിപ്പ് സംഘം സ്വീകർത്താക്കളില്‍നിന്ന് 50–75 ലക്ഷം രൂപവരെ ഈടാക്കുമ്പോഴാണ് ഇരകള്‍ക്ക് തുച്ഛമായ തുക നല്‍കിയിരുന്നത്. ആദ്യം മറ്റൊരു സംഘംവഴി വൃക്ക നല്‍കാൻ ഷെമീർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് മധുവിന്റെ സംഘത്തെ പരിചയപ്പെടുന്നതും ഇറാനിലെത്തി വൃക്ക ദാനം ചെയ്തതും. പാലക്കാട്, കോയമ്ബത്തൂർ, ബംഗളൂരു എന്നിവിടങ്ങളില്‍ പൊലീസ് ഷെമീറിനെ തിരയുകയായിരുന്നു. 

നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഷെമീറിനുള്ളതിനാല്‍ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവയവദാനം നടത്തിയിട്ട് അധികംനാള്‍ ആകാത്തതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഇറാനിലുള്ള മധു, അറസ്റ്റിലായ വിജയവാഡ ബല്ലംകോണ്ട രാംപ്രസാദ്‌ (പ്രതാപൻ), സജിത്ത് സാബിത്ത് എന്നിവരുമുള്‍പ്പെട്ട റാക്കറ്റു വഴി വൃക്ക നല്‍കിയവരിലെ ഏക മലയാളിയാണ് പാലക്കാട്‌ തിരുനെല്ലായി സ്വദേശിയായ ഷെമീർ. ഇയാള്‍ പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ്‌ താമസിച്ചിരുന്നത്‌. കേസില്‍ നേരത്തേ അറസ്റ്റിലായ ബല്ലംകോണ്ട രാംപ്രസാദ്‌ രണ്ടുമാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷെമീർ വെളിപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Summary:Organ fraud; Shemir, who donat­ed a kid­ney, will be pardoned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.