23 December 2024, Monday
KSFE Galaxy Chits Banner 2

എൻഡിഎ: വിഡ്ഢിച്ചിരികളുടെ സങ്കേതം

അബ്ദുൾ ഗഫൂർ
June 10, 2024 4:38 am

ജൂൺ നാലിന് ശേഷമുള്ള എൻഡിഎ രാഷ്ട്രീയത്തെ വിശേഷിപ്പിക്കുവാൻ എന്ത് പദമാണ് ഉപയോഗിക്കുക. ഇന്നലെ വൈകുന്നേരം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേള വരെയുള്ള നരേന്ദ്ര മോഡിയുടെയും സഖ്യത്തിന്റെയും യോഗങ്ങളെയും പ്രസംഗങ്ങളെയും പരസ്പരമുള്ള പുകഴ്ത്തലുകളെയും വിശേഷിപ്പിക്കുവാന്‍ ഈ തലക്കെട്ടിനപ്പുറം മറ്റൊരു പദം ഇനിയും കണ്ടെത്തേണ്ടിവരും. വിധി പുറത്തുവന്ന ചൊവ്വാഴ്ച ജൂണ്‍‍ നാലിന് സന്ധ്യക്ക് മോഡി ബിജെപിയുടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നുണ്ട്. കേന്ദ്രത്തിൽ അധികാരത്തിലെത്താൻ കേവലഭൂരിപക്ഷം പോലും നേടാനാകാതിരുന്ന ബിജെപി, ഡൽഹിയിൽ നേടിയ വിജയം ആഘോഷിക്കുകയായിരുന്നു പ്രവർത്തകർ. അവർക്ക് ആഘോഷിക്കുവാൻ വകയുണ്ടായിരുന്നു. കോൺഗ്രസും എഎപിയും ഒരുമിച്ച് നിന്നെതിർത്തിട്ടും ഏഴിൽ ഏഴ് സീറ്റുകളിലും വിജയിപ്പിച്ചവരാണ് അവർ. അങ്ങനെ നൂറുശതമാനം വിജയം നേടിയെത്തിയ പ്രവർത്തകരോട് സംസാരിക്കുമ്പോള്‍ മോഡിയുടെ ശരീരഭാഷയ്ക്ക് പഴയ വഴക്കമുണ്ടായിരുന്നില്ല. ബൻസ്വാരയിലും സബർക്കന്ധയിലും സന്ദേശ്ഖാലിയിലും കഠോര പദപ്രയോഗങ്ങളോടെ (സാധാരണ പ്രയോഗം ഉറഞ്ഞുതുള്ളുകയെന്നതാണ്. പക്ഷേ നാം മോഡിക്കല്ല പഠിച്ചത് എന്നതുകൊണ്ട് ആ പ്രയോഗം ഒഴിവാക്കുകയാണ്) നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ ഭാഷ അദ്ദേഹം മറന്നുപോയതുപോലെ. ദേശീയ മാധ്യമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്ത ആ ദിനങ്ങളിലെ പ്രസംഗങ്ങളുടെ ശൗര്യവും തീവ്രതയും ഓർമ്മയില്ലേ. അദ്ദേഹം ചീറ്റുന്ന വിദ്വേഷം കേട്ടിരുന്നവർ കത്തി കയ്യിലുണ്ടെങ്കിൽ അപ്പോൾ തന്നെ വെട്ടിക്കൊല്ലാൻ തയ്യാറായേക്കാവുന്ന പ്രകോപനപരത ആ പ്രസംഗങ്ങൾക്കുണ്ടായിരുന്നു. മതവിശ്വാസത്തിന്റെ കണികകളെങ്കിലും മനസിലുള്ളവർക്ക് ശത്രുതാമനോഭാവം സൃഷ്ടിക്കുന്നത്ര തീവ്രമായിരുന്നു ആ പ്രസംഗനേരങ്ങളിലെ അദ്ദേഹത്തിന്റെ ഭാവഹാവാദികൾ. 

ജൂൺ നാലിന് പ്രവർത്തകരോട് സംസാരിക്കുമ്പോൾ സന്ധ്യക്ക് പക്ഷേ, ബിജെപിക്ക് തനിച്ച് ഭരിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു. എൻഡിഎ ആയി മാത്രമേ ബിജെപി ഭരിക്കുകയുള്ളൂ എന്നുറപ്പാകുകയും ചെയ്തിരുന്നു. ആ നേരത്തെ മോഡിയുടെ പ്രസംഗത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തന്റെ പാർട്ടിയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം പറയുമ്പോൾ ശരീരഭാഷയും മുഖഭാവങ്ങളും (വേദിയിൽ ഇരിക്കുന്ന നേതാക്കളുടേതും) പതിവിൽ നിന്ന് വിപരീതമായിരുന്നുവെന്ന് ചില മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന നേതാക്കൾ അവിശ്വസനീയതയോടെ നോക്കിയെന്നും അവരുടെ പുഞ്ചിരി മങ്ങിയതായിരുന്നുവെന്നുമാണ് ദ പ്രിന്റിൽ പറഞ്ഞിരിക്കുന്നത്. പറഞ്ഞുകൊണ്ടിരുന്ന മോഡിയുടെയും കേട്ടിരുന്ന നേതാക്കളുടെയും ചിരികൾക്ക് അപ്പോൾ വിഡ്ഢിച്ചിരിയുടെ രൂപപരിണാമം സംഭവിച്ചിരുന്നു. എൻഡിഎ സഖ്യകക്ഷി നേതാക്കളുടെയും പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെയും യോഗത്തിലും പിന്നീടുള്ള ദിവസങ്ങളിൽ വിഡ്ഢിച്ചിരികളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പൊരുത്തമേതുമില്ലാത്തത് കൂടിച്ചേരുമ്പോൾ സംഭവിക്കാവുന്ന പരിഹാസ്യ നാടകങ്ങളും കാണേണ്ടിവരുന്നു.
എല്ലാവരും ശ്രദ്ധിച്ചൊരു കാര്യം അദ്ദേഹത്തിന്റെ ശരീരഭാഷയിലെ വ്യതിയാനം മാത്രമല്ല, തന്റെ ദൈവപരിഗണനയിൽ വരുത്തിയ മാറ്റമാണ്. രാമനെയാണ്, രാമനെ മാത്രമാണ് തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടംവരെ പ്രചരണത്തിനുപയോഗിച്ചതെങ്കിൽ മൂർധന്യത്തിലെത്തിയപ്പോൾ താൻതന്നെയാണ് ദൈവാവതാരമെന്നും മോഡി പറഞ്ഞുവച്ചിരുന്നു. ഇന്ത്യയിലെ ബിജെപിയുടെ വളർച്ചയ്ക്ക് വെള്ളവും വളവും നൽകിയത് രാമന്റെ പേരിലുള്ള പ്രചരണങ്ങളും പ്രവർത്തനങ്ങളുമായിരുന്നു. മോഡിയുടെ മൂന്നാമൂഴത്തെ ഉറപ്പിക്കുവാൻ രാമക്ഷേത്ര നിർമ്മാണം സഹായകമാകുമെന്ന് അവർ ഉറപ്പായും കരുതിയിരുന്നു. അതുകൊണ്ടാണ് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ജനുവരിയിൽ ആഘോഷത്തോടെ മോഡി തന്നെയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പക്ഷേ എല്ലാ ധാരണകളും തിരുത്തപ്പെടുന്നുവെന്ന് കണ്ടപ്പോൾ മുസ്ലിം വിരുദ്ധതയിലൂടെ വോട്ട് ധ്രുവീകരിക്കുവാൻ മോഡി ശ്രമിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാമൻ ചതിച്ചുവെന്ന് ബോധ്യമായാണ് നരേന്ദ്ര മോഡി ജൂൺ നാലിന് വൈകിട്ട് രാമനെയും തന്നെത്തന്നെയും ഉപേക്ഷിച്ച് ജഗന്നാഥനെ ഉയർത്തിക്കാട്ടിയത്. 

ജഗന്നാഥൻ ഒഡിഷയിലെ പ്രധാന ആരാധനാ മൂർത്തിയാണ്. അവിടെ ജയിക്കാനായതിനാലാണ് അദ്ദേഹം ആ ദൈവത്തെ പ്രകീർത്തിച്ചത്. ശ്രീറാം വിളി ഉപേക്ഷിച്ചത്. വിഡ്ഢിച്ചിരിയുടെ അകമ്പടിയോടെയായിരുന്നു ആ പരാമർശവുമെന്നതും ശ്രദ്ധേയം.
ഇനിയിപ്പോൾ എന്തെല്ലാം പരിസാഹക്കാഴ്ചകളാണ് നാം കാണേണ്ടിവരിക. ഇപ്പോൾ കാണുന്നതത്രയും അതാണ്. എൻഡിഎയാണ് ഇന്ത്യ ഇതുവരെ ഭരിച്ചിരുന്നതെങ്കിലും അതൊരു സങ്കല്പമായിരുന്നു. ആ മുന്നണിയിലെ പ്രധാനികളെങ്കിലും തൊട്ടടുത്തായി ഒരുമിച്ച് ഇരിക്കുന്നതിന്റെ, പോകട്ടെ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഈ പത്ത് വർഷ മോഡി ഭരണത്തിനിടെ നാം കണ്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. കഴിഞ്ഞ വർഷം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷം അവർ ഒരിക്കൽ മാത്രം ഒരുമിച്ചിരുന്നു. അന്ന് അവരുടെ കൂടെ പക്ഷേ നിതീഷ് കുമാർ ഇല്ലായിരുന്നു.
ഇപ്പോൾ തനിയെ അധികാരം കിട്ടില്ലെന്നുറപ്പായപ്പോൾ അവർ ഒരുിച്ചിരിക്കുന്നത് നാം കാണുന്നു. മോഡിയുടെ വലതും ഇടതുമിരുന്ന് ഇതുവരെ നാം കണ്ടത് അമിത് ഷായെയും രാജ്നാഥ് സിങ്ങിനെയും ജെ പി നഡ്ഡയെയും മറ്റ് ബിജെപി നേതാക്കളെയും മാത്രമായിരുന്നു. പക്ഷേ ജൂൺ നാലിന് ശേഷം മോഡിയുടെ ഇടതും വലതും നാം ചന്ദ്രബാബു നായിഡുവും നിതീഷുമിരിക്കുന്നതിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കുന്നു. അമിത് ഷായും രാജ്നാഥ് സിങ്ങും ഇരിക്കേണ്ടയിടങ്ങളിൽ. ഇരുവരും മാത്രമല്ല തൊട്ടടുത്ത എല്ലാ ഇരിപ്പിടങ്ങളും ചെറുഘടകക്ഷികൾക്കായി മാറ്റിയിരിക്കുന്നു. അവരുടെ പരസ്പരമുള്ള ചിരിയിൽ പോലും ആത്മാർത്ഥതയുടെ കണിക കാണാനാകാത്തത് നാം ദോഷൈകദൃക്കായതുകൊണ്ടു മാത്രമാണോ.
ഒരർത്ഥത്തിൽ അതുമൊരു സൂചനയാണ്. അധികാരത്തിനുവേണ്ടി രാമനെ മാത്രമല്ല അമിത് ഷായേയുൾപ്പെടെ ആരെയുമുപേക്ഷിക്കുവാൻ തയ്യാറാണെന്ന മോഡിയുടെ സന്ദേശം. അതുകൊണ്ട് ബിജെപിയിലെ രണ്ടാം നിരക്കാരെല്ലാം കരുതിയിരിക്കണം.
നാനൂറ് സീറ്റെന്ന അഹന്തയിൽ അഭിരമിക്കുമ്പോൾ മോഡി മേയ് 12ന് ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ റോഡ്ഷോയ്ക്ക് എത്തിയിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ തുറന്ന വാഹനത്തിൽ സ്ഥാനമുണ്ടായിരുന്നുവെങ്കിലും വലിയ പ്രാധാന്യമൊന്നും നിതീഷിന് കൽപിക്കപ്പെട്ടിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയതാണ്. മോഡി കൈ രണ്ടും കാട്ടി കലാശമാടുമ്പോൾ നിശ്ചലനായി തൊട്ടടുത്ത് നിൽക്കാൻ മാത്രമേ നിതീഷിന് സാധിച്ചിരുന്നുള്ളൂ. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇന്ന് മോഡിയ്ക്കൊപ്പമോ അതിനെക്കാളോ പ്രാധാന്യം നിതീഷിന് ലഭിച്ചിരിക്കുന്നു.
ഡൽഹിയിലെത്തി മോഡിയെ കാണാൻ ശ്രമിച്ച ചന്ദ്രബാബു നായിഡു അവസരത്തിനായി മണിക്കൂറുകൾ ഇരിക്കേണ്ടിവന്ന ദുരനുഭവമുണ്ടായിട്ട് അധികകാലമായിട്ടില്ല. അതേ നായിഡുവിനെ ഡൽഹിയിൽ കാത്തിരിക്കുന്ന മോഡിയുടെ ചിത്രം കാണുമ്പോൾ പരിഹാസച്ചിരിയല്ലാതെ മറ്റെന്താണുണ്ടാവുക.
സാങ്കേതിക വിദ്യ വളർന്നു വികസിച്ച ഇക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗിളിൽ തിരഞ്ഞാൽ ഏത് പഴയ വാർത്തയും പെട്ടെന്ന് കണ്ടെത്താമെന്നതാണ്. അങ്ങനെ ചന്ദ്രബാബു നായിഡുവിനെതിരെ മോഡിയും തിരിച്ചും പറഞ്ഞത് തിരഞ്ഞാൽ അത്രയധികം വാർത്തകൾ കിട്ടും. ചിലത് മാത്രമിതാ:
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരായ തന്റെ നേരിട്ടുള്ള ആക്രമണത്തിൽ, സംസ്ഥാനത്ത് അധികാരത്തിലുള്ളവർ അഴിമതികളിൽ മുങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അവരൊക്കെ ഇപ്പോൾ സംസ്ഥാനത്തിന് പുറത്ത് താവളം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കാരണം ആന്ധ്രയിൽ അവർക്ക് അടിത്തറ നഷ്ടമായെന്നും മോഡി കൂട്ടിച്ചേർത്തു (2019 ജനുവരി മൂന്ന്, എൻഡിടിവി).
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുൻ സഖ്യകക്ഷി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിനെ ‘യു-ടേൺ ബാബു’ എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷമായ ആക്രമണം നടത്തി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം സംസ്ഥാന വികസനമല്ലെന്നും മോഡി പറഞ്ഞു (ടൈംസ് ഓഫ് ഇന്ത്യ 2019 മാർച്ച് 29).
മോഡിയുടെ ദുരഭിമാനം ഇല്ലാതാക്കുന്നതിന് തന്നെക്കാൾ ജൂനിയറായ അദ്ദേഹത്തെ സാർ എന്നാണ് താൻ വിളിച്ചിരുന്നതെന്നും യുഎസ് പ്രസിഡന്റിനെ മിസ്റ്റർ പ്രസിഡന്റെന്ന് വിളിച്ചാൽ മതിയായിരുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞത് 2018 ജനുവരി 31ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോഡിക്കൊപ്പമായിരുന്ന ചന്ദ്രബാബു നായിഡു ആറ് വർഷങ്ങൾക്ക് മുമ്പ് സഖ്യം വിട്ടത് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതിനാലായിരുന്നു. പിന്നീട് ബദ്ധവൈരികളെപ്പോലെ പെരുമാറിയ നായിഡു കഴിഞ്ഞ വർഷമാണ് സഖ്യത്തിൽ തിരിച്ചെത്തിയത്. അതും കേന്ദ്രം അന്വേഷണ ഏജൻസികളെ വിട്ട് വേട്ടയാടുമെന്നുറപ്പായപ്പോൾ. നിതീഷിന്റെ കാര്യവും വ്യത്യസ്തമല്ല. ഇതെല്ലാം കൊണ്ടാണ് അവർ ഒരുമിച്ചിരുന്ന് ചിരിക്കുന്നത് കാണുമ്പോൾ അത് വിഡ്ഢിച്ചിരിയായി തോന്നാനും പരിഹാസമുണ്ടാകുവാനും കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.