28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024

തൃശൂര്‍, ആലത്തൂര്‍ പരാജയം അന്വേഷിക്കാന്‍ കെപിസിസി സമിതി

Janayugom Webdesk
തിരുവനന്തപുരം/പാലക്കാട്
June 9, 2024 11:00 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാന്‍ കെപിസിസി സമിതി രൂപീകരിക്കും.
തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാനാണ് നാലംഗ സമിതി രൂപീകരിക്കുന്നത്. എഐസിസി നിര്‍ദേശപ്രകാരമാണ് നടപടി. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയതും, അവിടെ യുഡിഎഫ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞുവെന്ന ആരോപണവും ഗൗരവമായി അന്വേഷിക്കാനാണ് നിര്‍ദേശം. ആലത്തൂരിലും സിറ്റിങ് എംപി പരാജയപ്പെട്ടതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കും.
ആലത്തൂരില്‍ സിറ്റിങ് എംപിയായിരുന്ന രമ്യാ ഹരിദാസ് 19,587 വോട്ടുകള്‍ക്കാണ് തോറ്റത്. പോള്‍ ചെയ്ത 9,81,566 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണൻ 3,98,818 വോട്ടുകള്‍ നേടിയപ്പോള്‍ രമ്യാ ഹരിദാസ് 3,79,231 വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ടിഎൻ സരസു 1,86,441 വോട്ടുകള്‍ നേടി അവരുടെ വോട്ടു വിഹിതം ഇരട്ടിയിലേറെയാക്കിയപ്പോള്‍ നോട്ട 12,083 വോട്ടുകള്‍ നേടിയിരുന്നു. 

തന്റെ തോല്‍വിക്ക് കാരണം ഡിസിസിയുടെ ഭാഗത്തു നിന്നു വേണ്ടത്ര സഹകരണം ലഭിച്ചില്ലയെന്നതാണെന്ന് രമ്യാ ഹരിദാസ് വോട്ടെണ്ണലിന് ശേഷം പരാതിപ്പെട്ടിരുന്നു. എന്നാല്‍ തോല്‍വിക്ക് കാരണം രമ്യാഹരിദാസിന്റെ ചില നിലപാടുകളാണെന്നും പരജയത്തിന് കാരണം അവരോടു തന്നെ ചോദിക്കണമെന്നും അവരാണ് മറുപടി നല്‍കേണ്ടതെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നൽകിയ മറുപടി വിവാദം കൊഴുപ്പിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ പാർലമെന്റ് സീറ്റിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ കോഓര്‍ഡിനേറ്ററായി കെപിസിസി സെക്രട്ടറി വി ബാബുരാജിനെ എഐസിസി നിയോഗിച്ചിരുന്നുവെങ്കിലും രമ്യാ ഹരിദാസ് അദ്ദേഹവുമായി സഹകരിച്ചില്ലെന്ന പരാതിയും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. വടക്കാഞ്ചേരി, ചിറ്റൂർ, നെന്മാറ മണ്ഡലങ്ങളില്‍ മാത്രമാണ് രമ്യക്ക് ഭൂരിപക്ഷം കിട്ടിയത്. എഐസിസി നിയോഗിച്ച കോഓര്‍ഡിനേറ്ററുടെ ഏകോപനമില്ലായ്മയാണ് ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ പിന്നിലെ വസ്തുതയെന്നു പാർട്ടി പ്രവർത്തകർക്കിടയിൽ വിമർശനം ഉയർന്നിരുന്നു. 

കോഓര്‍ഡിനേറ്റർക്ക് പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിനപ്പുറം മറ്റുചില താല്പര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, ആലത്തൂരിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്ഥാനാര്‍ത്ഥിയെ വഴി തെറ്റിച്ചുവെന്നും അതാണ് പരാജയ കാരണമെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. മാത്രമല്ല സ്ഥാനാര്‍ത്ഥി ഒരിക്കല്‍ പോലും ഡിസിസി പ്രസിഡന്റിനെ വിളിക്കുകയോ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നു.
തൃശൂരിലെ തോല്‍വിക്ക് പുറമെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ തൃശൂർ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ പാർട്ടിയുടെ വോട്ട് ശതമാനം ഇടിഞ്ഞതും സമിതി അന്വേഷിക്കും. 

Eng­lish Summary:KPCC com­mit­tee to probe Thris­sur, Alathur debacle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.