28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 3, 2024
July 28, 2024
July 22, 2024
July 20, 2024
July 5, 2024
July 3, 2024
June 29, 2024
June 29, 2024
June 28, 2024
June 27, 2024

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിവാദം മുറുകുന്നു; എന്‍ടിഎ ചെയര്‍മാന്‍ അന്വേഷണ സംഘത്തലവന്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 12, 2024 8:22 pm

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയില്‍ നടന്ന ക്രമക്കേട് അന്വേഷിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാന്‍ പദത്തില്‍ വിവാദം കൊഴുക്കുന്നു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ചെയര്‍മാന്‍ പ്രൊഫ: പ്രദീപ് കുമാര്‍ ജോഷിയെ അന്വേഷണ സമിതി അധ്യക്ഷനായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ സുബോധ് സിങ്ങാണ് ക്രമക്കേടിനെക്കുറിച്ച് നാലംഗ സമിതി അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗ്രേസ് മാര്‍ക്ക് നല്‍കിയ 1,600 പരീക്ഷാ പേപ്പര്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈമാസം 15നകം സമര്‍പ്പിക്കാനും സമിതിയോട് നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെ കടുത്ത വിമര്‍ശനം കോടതി നടത്തിയിരുന്നു. പരീക്ഷയുടെ പരിപാവനതക്ക് കളങ്കമേറ്റുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രവേശന പരീക്ഷയെഴുതിയ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരുന്നതിന് വഴിതെളിച്ചത്. ക്രമക്കേടും അഴിമതിയും നടന്ന മാര്‍ക് ദാനത്തിന് ചുക്കാന്‍ പിടിച്ച സ്ഥാപനത്തിന്റെ മേധാവിയെത്തന്നെ അന്വേഷണ സമിതി ചെയര്‍മാനായി നിയമിച്ച നടപടി കടുത്ത അനീതിയാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടുന്നു. ക്രമക്കേട് നടത്തിയ സ്ഥാപന മേധാവി തന്നെ അന്വേഷണം നടത്തുന്നത് ഇരട്ടത്താപ്പാണ്. സ്വതന്ത്രമായ അന്വേഷണം ഇതിലൂടെ സാധ്യമാകില്ല. ജനങ്ങളെ മണ്ടന്‍മാരാക്കുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. ക്രമക്കേട് മൂടിവയ്ക്കാന്‍ മാത്രമെ ഇത്തരം അന്വേഷണം ഉപകരിക്കുവെന്നും ഇവര്‍ പറഞ്ഞു. ഒന്നാംറാങ്ക് നേടിയ ആറുപേര്‍ ഓരേ സെന്ററിലാണ് പരീക്ഷയെഴുതിയത്. മാത്രമല്ല റാങ്ക് ലഭിച്ച 47 പേര്‍ക്ക് അധിക ഗ്രേസ് മാര്‍ക്ക് നല്‍കിയ തീരുമാനവും ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമാകുന്നതിന് കാരണമായി. 

അതേസമയം ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് പുനഃപരീക്ഷ നടത്തുന്ന കാര്യം എന്‍ടിഎ പരിഗണിക്കുന്നുണ്ട്. അന്വേഷണ സമിതി ഇതുവരെ മൂന്ന് യോഗങ്ങള്‍ ചേര്‍ന്നുവെന്നും ചില സെന്ററുകളിലെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെന്നും സൂചനയുണ്ട്.
അതിനിടെ നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടിനെ ചോദ്യംചെയ്ത് എഡ്ടെക് സ്ഥാപനമായ ഫിസിക്സ് വാല ഉടമ അലക് പാണ്ഡെ സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 ഉദ്യോഗാർത്ഥികളുടെ യഥാർത്ഥ മാർക്ക്, അവർക്ക് അനുവദിച്ച ഗ്രേസ് മാർക്കുകൾ, അവർ നേടിയ പുതുക്കിയ മാർക്കുകൾ എന്നിവയുടെ വിശദാംശങ്ങള്‍ എൻടിഎ പുറത്തുവിടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:Controversy heats up over NEET exam mal­prac­tice; NTA Chair­man head­ed the inves­ti­ga­tion team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.