18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
November 30, 2024
November 28, 2024
November 20, 2024
November 18, 2024
October 21, 2024
October 6, 2024
September 30, 2024
September 27, 2024

വീണാ ജോര്‍ജ്ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം ധനസഹായം; പരിക്കേററവരുടെ കുടുംബത്തിന് ഒരു ലക്ഷം

Janayugom Webdesk
തിരുവനന്തപുരം
June 13, 2024 12:13 pm

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി മന്ത്രി വീണാജോര്‍ജ്ജ് കവൈത്തിലേക്ക് . ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തരമായി ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം .രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും.

മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേങ്ങള്‍ നടപ്പാക്കുക. കുടുംബങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഏകോപിപ്പിക്കും. കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് ‑ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്.നായര്‍, കൊല്ലം സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സ്ഥിതിഗതി വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍സിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചു. അവിടെത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ മന്ത്രി സന്ദര്‍ശിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി ജയ്ശങ്കര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.

കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വര്‍ധിപ്പിക്കുന്നെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കു എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Eng­lish Summary:
Veena George to Kuwait; 5 lakh finan­cial assis­tance to the fam­i­ly of the deceased; 1 lakh to the fam­i­ly of the injured

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.