23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 22, 2024
October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 13, 2024
August 13, 2024

ലോക സർവകലാശാലകളുടെ പാതയിൽ കേരളം

ഡോ. ആർ ബിന്ദു (ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി) 
June 14, 2024 4:30 am

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രവും സമൂലവുമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയ സമൂഹത്തെ നവ വൈജ്ഞാനികസമൂഹമാക്കി പരിവർത്തിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ശ്രദ്ധ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കിക്കൊണ്ട് നാം പ്രാഥമികവിദ്യാഭ്യാസ മേഖലയിൽ സാക്ഷാത്ക്കരിച്ച മാറ്റങ്ങൾ — ഗുണനിലവാര വർധനവും പശ്ചാത്തല സൗകര്യവികസനങ്ങളിലെ മികവും — ലോകശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായി, പുത്തൻ വൈജ്ഞാനിക സമൂഹസൃഷ്ടിക്ക് മുന്നിൽനിന്ന് നയിക്കേണ്ടവരെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾക്ക് നാം തുടക്കമിട്ടു. ജനപക്ഷ വൈജ്ഞാനിക സമൂഹമായി കേരളീയ സമൂഹത്തെ വാർത്തെടുക്കുകയെന്ന കാഴ്‌ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ ഇതിനകംതന്നെ കോളജുകളിലും സർവകലാശാലകളിലും വലിയ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളെടുത്താൽ, നാക്ക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും എ പ്ലസും എ ഗ്രേഡും നേടി കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകൾക്ക് തുടക്കമിട്ടതു കാണാം. കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും എ ഡബിൾ പ്ലസും, കാലിക്കറ്റ്, കാലടി, കുസാറ്റ് സർവകലാശാലകൾ എ പ്ലസും നേടി. ഇരുപതോളം കലാലയങ്ങൾ എ ഡബിൾ പ്ലസും 31 കലാലയങ്ങൾ എ പ്ലസും കരസ്ഥമാക്കി. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ 200 സ്ഥാനങ്ങളിൽ കേരളത്തിലെ 42 കോളജുകളുണ്ട്. രാജ്യത്തെ ഏറ്റവും മികവാർന്ന കോളജുകളിൽ 21 ശതമാനം കേരളത്തിൽ നിന്നാണെന്ന അഭിമാനകരമായ നേട്ടമാണിത്. കഴിഞ്ഞ നാലുവർഷക്കാലത്തിനിടയ്ക്ക് 6,000 കോടി രൂപ കേരളം ഉന്നതവിദ്യാഭ്യാസമേഖലയിൽ വിന്യസിച്ചുവെന്ന് കേന്ദ്രസർക്കാരിന്റെ അവസാനത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടുതന്നെ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദ ആർട്ട് സൗകര്യങ്ങളുള്ള ലബോറട്ടറികളും ആധുനികമായ ലൈബ്രറികളും സ്മാർട്ട് ക്ലാസ് റൂമുകളും പുത്തൻ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുമെല്ലാം ഇക്കാലത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിഞ്ഞു. കേരള, മഹാത്മാഗാന്ധി സർവകലാശാലകളിലെ കേന്ദ്രീകൃത ലാബ് സമുച്ചയങ്ങൾ രാജ്യത്തെ ഏതൊരു ലാബിനോടും കിടപിടിക്കാൻ കഴിവുള്ളവയാണ്.


ഇതുകൂടി വായിക്കൂ:വിദ്യാഭ്യാസ കോണ്‍ക്ലേവ് നിര്‍ണായക ചുവടുവയ്പ്


നേട്ടങ്ങളുടെ ഈ ഗ്രാഫ് വീണ്ടുമുയർത്തി അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെ ഉയർത്തുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി, ലോകമെമ്പാടും പിന്തുടരുന്ന നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. ഒരേസമയം തൊഴിൽലഭ്യത ഉറപ്പുവരുത്താനും ഗവേഷണതാല്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖമായ സമീപനമാണ് ഇതിന്റെ കാതൽ. ഗവേഷണത്തിൽ ഊന്നിയുള്ള പഠനത്തിന് ബിരുദതലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇതാദ്യമായി അവസരം തുറക്കുകയാണ് കേരളം. സാർവദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വർധനവിലേക്കും മികവിലേക്കും നമ്മുടെ കലാലയങ്ങളെ വളർത്തലാണിതിന്റെ പ്രധാനലക്ഷ്യം. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനുകളുടെ കാതലായ നിർദേശങ്ങൾ ആധാരമാക്കിയാണ് മാറ്റങ്ങൾ. പാഠ്യവിഷയങ്ങളിലേക്ക് കൂടുതൽ ആഴത്തിലിറങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം, നമ്മുടെ സർവകലാശാലകളിൽനിന്നു നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നില കൂടിയുണ്ടാകും. ഇവിടെനിന്നും ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവർ വീണ്ടും ബിരുദമെടുക്കേണ്ടി വരുന്ന നില അവസാനിക്കും. അങ്ങനെ, ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനാപരമായ തുല്യത ഉറപ്പാക്കുകയാണ് നാലുവർഷ ബിരുദ പ്രോഗ്രാം. യുവതയ്ക്ക് ദേശീയവും അന്തർദേശീയവുമായ തൊഴിൽസാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ സാഹചര്യമൊരുക്കൽ, ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് പോകാൻ തല്പരരായവർക്ക് അതിനുള്ള സാധ്യത ബിരുദകാലത്തുതന്നെ ഉണ്ടാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നാലുവർഷ ബിരുദം. ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന്‌ നാം രൂപം നൽകി.

സർക്കാർ തയ്യാറാക്കി നൽകിയ മാതൃകാചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതാതിന്റെ ജൈവസ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങുംവിധം പുതുക്കി. അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും അതിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകൾ തയ്യാറാക്കുകയും ചെയ്‌തു. തുടർന്നാണ് ഈ അക്കാദമികവർഷം നാലുവർഷ യുജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്. നിലവിലെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് ഒരുവർഷം കൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലുവർഷ ബിരുദം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തെ ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്‌സുകൾ. മൂന്നുവർഷം കഴിയുമ്പോൾ ബിരുദത്തോടെ പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും, നാലുവർഷ പഠനം തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ അഭിരുചിയനുസരിച്ച് ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് വിത്ത് റിസർച്ചും ലഭിക്കും. മൂന്നു വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ബിഎ/ബിഎസ്‌സി/ബികോം ബിരുദങ്ങൾ നേടാം. ഇവർക്ക് രണ്ടു വർഷത്തെ പിജിക്കു ചേർന്ന് പഠിക്കാനുമാവും. ഓണേഴ്‌സ് ബിരുദം തിരഞ്ഞെടുക്കുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നാലാംവർഷത്തിലേക്ക് പ്രവേശിക്കാം. നാലാം വർഷത്തെ ആദ്യ സെമസ്റ്റർ റെഗുലർ ക്ലാസും അവസാന സെമസ്റ്റർ പൂർണമായും പ്രോജക്ടും ഇന്റേൺഷിപ്പും ആയിരിക്കും. തൊഴിൽ താല്പര്യമനുസരിച്ച് എവിടെ വേണമെങ്കിലും പ്രോജക്ടും ഇന്റേൺഷിപ്പും ചെയ്യാം. പ്രോജക്ടും ഇന്റേൺഷിപ്പും താല്പര്യമില്ലാത്തവർക്ക് മൂന്ന് ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കിയാലും മതിയാകും. നാലുവർഷ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് തുടർന്ന് ഒരുവർഷത്തെ പഠനത്തിലൂടെ പിജി നേടാനുമാവും. പിജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയാവും അവർക്ക്. മൂന്നു വർഷത്തെ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദത്തിനു ചേരാം. ഇവർക്ക് നേരിട്ട് പിഎച്ച്ഡിക്ക് ചേരാനും ‘നെറ്റ്’ എഴുതാനും സാധിക്കും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ അനുവർത്തനമല്ല, സംസ്ഥാനത്തിന്റെ സാമൂഹിക- സാംസ്കാരിക സാഹചര്യം പരിഗണിച്ച് ആവശ്യത്തിന് മാറ്റം വരുത്തിയാണ് കേരളം നാലുവർഷ ബിരുദ പരിപാടി നടപ്പാക്കുന്നത്.


ഇതുകൂടി വായിക്കൂ:ഉന്നത പഠന സൗകര്യം എല്ലാവർക്കും ലഭ്യമാകണം


ഉദാഹരണത്തിന്, ബിരുദപഠനം മൂന്നു വർഷം കഴിഞ്ഞാൽ മാത്രമാണ് കേരളത്തിൽ നമ്മൾ എക്സിറ്റ് അനുവദിക്കുക. പെഡഗോജിക്ക് പകരം, ആൻഡ്രാഗോജി എന്ന ആശയമാണ് പുതിയ സംവിധാനത്തിൽ മുന്നോട്ടുവയ്ക്കുന്നത്. ക്ലാസ് മുറികള്‍ സംവാദാത്മകമാക്കിക്കൊണ്ട്, പഠനരീതിയിലും അധ്യയന രീതിയിലും ഇത് മാറ്റമുണ്ടാക്കും. അറിവന്വേഷണത്തിനുള്ള കഴിവ് ഉണ്ടാക്കിയെടുക്കാൻ, വിദ്യാർത്ഥികളുടെ മൗലികതയും സവിശേഷകഴിവുകളും വികസിപ്പിക്കാൻ, പശ്ചാത്തലസഹായം നൽകുന്ന ഫെസിലിറ്റേറ്റർമാരായി അധ്യാപകരുടെ പങ്ക് പുനർനിർവചിക്കപ്പെടും. വലിയ സ്വാതന്ത്ര്യവും സ്വച്ഛന്ദ്യവും വിദ്യാർത്ഥികൾക്കിതിൽ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിനിടക്ക് ബ്രേക്ക് എടുക്കാൻ അവസരം നൽകിക്കൊണ്ടുകൂടിയാണ് പുതിയ നാലുവർഷ കരിക്കുലം ഘടന. അവർക്ക് മൂന്നു വർഷത്തിനുശേഷം തിരിച്ചുവന്ന് ബിരുദപഠനം പൂർത്തിയാക്കാന്‍ അവസരമുണ്ട്. ബ്രേക്ക് എടുത്ത സമയത്ത് ആർജിച്ച പ്രായോഗികപരിചയം കൂടി ക്രെഡിറ്റ് ആക്കി മാറ്റാം. ബ്രേക്ക് എടുക്കുന്ന സമയം വരെ അവർ ആർജിച്ച ക്രെഡിറ്റ് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയും അതിനുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. സർട്ടിഫിക്കറ്റിൽ ഉള്ള ക്രെഡിറ്റിന് ഏഴു വർഷം വരെ പ്രാബല്യമുണ്ടാവും. ഇക്കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ക്രെഡിറ്റ് അവർക്ക് ബിരുദപഠനം പൂർത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സർവകലാശാലകളിലേക്കോ കൈമാറ്റം ചെയ്ത് അവിടെനിന്ന് പഠനം പൂർത്തീകരിക്കാനോ ഉപയോഗിക്കാനാവും. യൂറോപ്യൻ, അമേരിക്കന്‍, യുകെ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളുമായെല്ലാം കൈമാറ്റം എളുപ്പമാകുന്ന രീതിയിലാണ് ക്രെഡിറ്റ് സംവിധാനം.

സംസ്ഥാനത്ത് നിലവിൽ അഫിലിയേറ്റിങ് സർവകലാശാലകളായ കേരള, ഗാന്ധി, കാലിക്കറ്റ്, കണ്ണൂർ എന്നിവിടങ്ങളിലെ മുഴുവൻ ആർട്സ് ആന്റ് സയൻസ് കോളജുകളിലും ഈ അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. കൂടാതെ കാലടി, കേരള സർവകലാശാലകളുടെ കാമ്പസ് പഠനവകുപ്പുകളിലും ഈ പ്രോഗ്രാം തുടങ്ങും. കണ്ണൂർ, മഹാത്മാഗാന്ധി, കൊച്ചിൻ സർവകലാശാലകൾ അവരുടെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളെ നാലാംവർഷം ഓണേഴ്‌സ് ബിരുദം നൽകുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി രാജ്യത്താദ്യമായി നാലു വർഷ ബിരുദ പ്രോഗ്രാം വിദൂരവിദ്യാഭ്യാസ രീതിയിൽ നൽകും. നിലവിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സ് പഠനത്തിലേക്ക് മാറാൻ ആവശ്യമായ അവസരം നൽകണമെന്ന് സർവകലാശാലകളോട് യുജിസി നിർദേശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ഉന്നതവിദ്യാഭ്യാസ കൗൺസിൽ പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.