22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 6, 2024

കർഷക നായികയും ആര്‍എസ്എസ് നായികയും

കാഞ്ച ഇലയ്യ ഷെപേഡ്
June 14, 2024 4:45 am

കുൽവിന്ദർ കൗർ എന്ന അർധസൈനിക വനിത, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംഘ്പരിവാര്‍ എംപിയും നടിയുമായ കങ്കണ റണൗട്ടിനെക്കാള്‍ ജനപ്രിയയായിരിക്കുകയാണ്. കൗർ ഇപ്പോള്‍ പഞ്ചാബിലെ താരവും ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രവുമാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള അതിശക്തമായ ബിജെപി സർക്കാരിനെതിരെ രണ്ട് വർഷത്തോളം നീണ്ട പോരാട്ടം നടത്തി വിജയിച്ച കർഷകരുടെ നായികയായും അവർ മാറി. പഞ്ചാബിലെ ജനത, പ്രത്യേകിച്ച് കർഷകര്‍ ഉറച്ച ദേശീയവാദികളും ആത്മാഭിമാനമുള്ളവരുമാണ്. ആത്മത്യാഗത്തിനുള്ള ഇച്ഛാശക്തിയുമുണ്ട്. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ് അതാണ് ചെയ്തത്. അദ്ദേഹത്തിന്റെ പേരിലുള്ള വിമാനത്താവളത്തിൽ, വനിതാ പൊലീസിന്റെ ചരിത്രത്തിലെ അസാധാരണമായ ഒരുകാര്യം കൗർ ചെയ്തു. ബിജെപി എംപിയായ റണൗട്ടിനെതിരെ (കർഷക സമരത്തെ പരസ്യമായി അവഹേളിച്ചതിന്) അവർ പ്രതികാരം ചെയ്തു. പഞ്ചാബിലെ കർഷകന്റെ മകളായ കൗർ, കഠിനാധ്വാനത്തിലൂടെയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജോലി നേടിയത്. ചണ്ഡീഗഢിലെ ഷാഹിദ് ഭഗത് സിങ് വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെയായിരുന്നു അവരുടെ പ്രതികരണം. അഡാനിയുടെയും അംബാനിയുടെയും കോർപറേറ്റ് ഹൗസുകൾക്ക് ഇന്ത്യയുടെ മുഴുവൻ കാർഷിക വ്യവസായവും കൈമാറുന്ന സംഘ്പരിവാര്‍ സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ ചരിത്രപരമായ 2020ലെ കർഷക സമരത്തിന്റെ ഭാഗമായിരുന്നു അവരുടെ അമ്മ വീർ കൗർ ഉൾപ്പെടെയുള്ള കുടുംബം.

ആര്‍എസ്എസ് അനുഭാവിയായ നടി റണൗട്ടിന്, അവരുടെ ജാതിയായ രജപുത്ര വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകി. അവര്‍ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ജൂൺ ആറിന് ഡൽഹിയിലേക്ക് യാത്ര ചെയ്യാനെത്തിയ റണൗട്ടും കൗറും തമ്മിൽ വിമാനത്താവളത്തിൽ വച്ച് വാക്കേറ്റമുണ്ടായി, സുരക്ഷാ പരിശോധനയിൽ കൗർ തന്നെ തല്ലിയെന്ന് വീഡിയോ സന്ദേശത്തിലൂടെ റണൗട്ട് ആരോപിച്ചു. എന്നാല്‍ എങ്ങനെയാണ് സംഘർഷമുണ്ടായതെന്ന് അവർ വെളിപ്പെടുത്തിയില്ല. വീഡിയോ പരസ്യമായതോടെ കൗറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഹരിയാന പൊലീസ് അവർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ അതേ വീഡിയോയിൽ, പഞ്ചാബിൽ ഭീകരവാദം വളരുകയാണെന്നും കൗറിന്റെ നടപടി ‘പഞ്ചാബ് ഭീകരതയുടെ’ ഭാഗമാണെന്നും റണൗട്ട് പറയുന്നുണ്ട്. പഞ്ചാബിലെ ജനങ്ങൾ, പ്രത്യേകിച്ച് കർഷക സംഘടനകൾ, റണൗട്ടിന്റെ പ്രസ്താവനയിൽ പ്രകോപിതരായിട്ടുണ്ട്. ജൂൺ ഒമ്പതിന് മൊഹാലിയിൽ വമ്പിച്ച കർഷകറാലി നടന്നു. എയർപോർട്ടിൽ വച്ച് റണൗട്ടിനെതിരായ മകളുടെ കലാപത്തെക്കുറിച്ച് വീർ കൗർ പറഞ്ഞതിങ്ങനെ: ‘തീര്‍ച്ചയായും സഭ്യമല്ലാത്ത ഭാഷയില്‍ കങ്കണ അവളെ (കുൽവിന്ദറിനെ) പ്രകോപിപ്പിച്ചിരിക്കണം. അല്ലാതെ അവള്‍ ഇത് ചെയ്യില്ല’. സുരക്ഷാ പരിശോധനയ്ക്കായി ഫോണും പഴ്‌സും നല്‍കാൻ ആവശ്യപ്പെട്ട കുൽവിന്ദറിന്റെ യൂണിഫോം ബാഡ്ജിലെ കൗർ എന്ന പേര് നോക്കി ‘ഖലിസ്ഥാനി’ എന്ന് വിളിക്കുകയായിരുന്നു കങ്കണയെന്ന് കർഷക നേതാക്കൾ ആരോപിച്ചു.


ഇതുകൂടി വായിക്കൂ: ഗതിമാറ്റമില്ല; അധികാര കേന്ദ്രീകരണം മാത്രം


കേസിന്റെ യഥാര്‍ത്ഥ വസ്തുതകൾ അന്വേഷണത്തിലൂടെ മാത്രമേ തെളിയുകയുള്ളൂ. സംഘർഷത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാൻ ഹരിയാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. രജപുത്ര സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ് റണൗട്ട്. സിനിമാ നടിയായ ശേഷം, അവർ കടുത്ത ആർഎസ്എസ് പ്രവർത്തകയെ പോലെ സംസാരിക്കാൻ തുടങ്ങി. ‘ആർഎസ്എസ് നായിക’ എന്ന് വിളിക്കപ്പെടാനും തുടങ്ങിയിരുന്നു. അധ്വാനം കൊണ്ട് രാഷ്ട്രത്തെ പോഷിപ്പിക്കുന്ന, പ്രതിഷേധിക്കുന്ന കർഷകരെ, ഇന്ത്യാ വിരുദ്ധ ശക്തിയായാണ് കേന്ദ്രത്തിലെ മോഡിസര്‍ക്കാര്‍ പരിഗണിച്ചത്. കങ്കണയും ഇതേചിന്തയാണ് പിന്തുടര്‍ന്നത്. 2020ൽ, അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന കർഷകരെ തീവ്രവാദികളെന്നും അവര്‍ക്കൊപ്പമുള്ള വനിതകളെ “100 രൂപയ്ക്ക് കിട്ടുന്ന സ്ത്രീകൾ” എന്നും കങ്കണ ആക്ഷേപിച്ചിരുന്നു. തന്റെ അമ്മ കർഷക സമരത്തിൽ പങ്കെടുത്തിരുന്നെന്നും 100 രൂപ വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന മട്ടിൽ കങ്കണ അധിക്ഷേപിച്ചെന്ന് കൗർ പറയുന്നത് എയർപോർട്ട് സിസിടിവി ദൃശ്യങ്ങളിലുണ്ട്. താൻ ചെയ്തതിന്റെ പേരില്‍ വേണ്ടിവന്നാല്‍ ജോലി ഉപേക്ഷിക്കാനും തയ്യാറാണെന്ന് കൗർ പറഞ്ഞു ബോളിവുഡിൽ പലരുമായും റണൗട്ട് കലഹിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ, സ്വത്വബോധമുള്ളവളും സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന വ്യക്തിയുമാണെന്ന് കരുതാവുന്നതാണ്. ആർഎസ്എസ്-ബിജെപി സംഘം സാധാരണ ഇത്തരം സ്ത്രീവ്യക്തിത്വങ്ങളെ അംഗീകരിക്കാറില്ല. അവർ യാഥാസ്ഥിതിക ‘ഹിന്ദു നാരി’കള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ റണൗട്ടിന്റെ കാര്യത്തിൽ അവർ വഴിമാറി, മത്സരിക്കാന്‍ ടിക്കറ്റ് നൽകി. കാർഷിക കരിനിയമങ്ങൾക്കെതിരെ പോരാടിയ രാജ്യത്തെ കർഷകർക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച ചരിത്രമാണ് റണൗട്ടിനുള്ളതെന്ന് ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന് അറിയാവുന്നതുകൊണ്ടാവാം പാർട്ടിയിൽ ചേർത്തത്. കേന്ദ്രസർക്കാർ അവരെ പിന്തുണയ്ക്കുകയും 2020ൽ അവർ ശിവസേനയുടെ സഞ്ജയ് റൗട്ടിനെതിരെ നിലകൊണ്ടതിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോഴവരെ പാർലമെന്റിൽ എത്തിച്ചു. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് തന്നെ സംഘർഷവും വിവാദവുമുണ്ടാക്കുന്ന പതിവ് അവർ ആരംഭിക്കുകയും ചെയ്തു. ‘അടി’ പ്രശ്നത്തെ അപലപിച്ചുകൊണ്ട് വിഷയം അവസാനിപ്പിക്കാന്‍ റണൗട്ട് തയ്യാറായില്ല, പകരം പഞ്ചാബിനെ മുഴുവൻ തീവ്രവാദ കേന്ദ്രമായി ചിത്രീകരിച്ചു. ഇത് സംഘർഷത്തിന് കളമൊരുക്കി. ഒരു സംസ്ഥാനത്തെ മുഴുവന്‍ തീവ്രവാദത്തിന്റെ വിളനിലമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പറയാൻ സംഘ്പരിവാര്‍ നേതാക്കളാരും ശ്രമിച്ചിട്ടുമില്ല. പഞ്ചാബ് കശ്മീരല്ലെന്ന് അവർക്കറിയാം. എങ്കിലും കർഷക പ്രസ്ഥാനത്തെ നയിച്ച പഞ്ചാബി ജാട്ട്, ശൂദ്ര, ഒബിസി, ദളിത് (സിഖുകാരും അല്ലാത്തവരും) സമുദായങ്ങളെ മുഴുവന്‍ സംഘ്പരിവാര്‍ ശക്തികൾ ഖലിസ്ഥാനികളെന്ന് അപഹസിച്ചു.

കാർഷിക നിയമങ്ങൾക്കെതിരായ കർഷകസമരം രാജ്യത്തെ ഭക്ഷ്യോല്പാദകരുടെ പ്രശ്നമായിരുന്നു. ആർഎസ്എസ് ബുദ്ധിജീവികളും സാംസ്കാരിക നായകരും കാർഷികേതര പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അവരും മുസ്ലിങ്ങളെയെന്ന പോലെ കര്‍ഷകസമരത്തെ ആക്രമിക്കാൻ തുടങ്ങി. ബിജെപി നേതൃത്വത്തിന്റെ ഈ നിലപാടാണ് റണൗട്ടിന് ധൈര്യം പകർന്നത്. രണ്ട് വർഷത്തിനിടെ 700 ഓളം പേർ കൊല്ലപ്പെട്ട കർഷകപ്രതിഷേധത്തെ അപഹസിക്കുന്ന രീതിയിലുള്ള ട്വീറ്റും നടി മുമ്പ് പങ്കുവച്ചിരുന്നു. അന്താരാഷ്ട്ര സെലിബ്രിറ്റി റിഹാനയുടെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായിരുന്നു ട്വീറ്റ്. അതിലവര്‍ ബാർബഡിയൻ ഗായികയെ ‘വിഡ്ഢി’ എന്നാണ് സംബോധന ചെയ്തിരുന്നത്. “ആരും അതിനെക്കുറിച്ച് (കർഷക സമരം) സംസാരിക്കുന്നില്ല, കാരണം അവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ്. ചൈനയ്ക്ക് ഞങ്ങളുടെ തകർന്ന രാഷ്ട്രം ഏറ്റെടുക്കാനും യുഎസ്എയെപ്പോലെ ഒരു കോളനിയാക്കാനും കഴിയും, വിഡ്ഢിയായ നിങ്ങളെപ്പോലെ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ വിൽക്കുന്നില്ല” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കുൽവിന്ദറിനെതിരെ നടപടി ആവശ്യപ്പെടുന്നതിനു പകരം സംസ്ഥാനത്തെയാകെ വിവാദത്തിലേക്ക് വലിച്ചിഴച്ച റണൗട്ടിനെതിരെ പഞ്ചാബ് ഒന്നടങ്കം രംഗത്തുണ്ട്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന മുറയ്ക്ക് വിഷയം സഭയില്‍ ഉയർന്നുവന്നേക്കും. കർഷകരെ ആദരണീയരായ ദേശീയവാദികളായി കണക്കാക്കാൻ സംഘ്പരിവാര്‍ സംഘം തയ്യാറല്ല. ആർഎസ്എസ് പൊതുവെ മുസ്ലിങ്ങൾക്ക് മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തിന് ഉള്‍ക്കൊള്ളാനാകാത്ത ശൂദ്ര, ഒബിസി കര്‍ഷക വിരുദ്ധമാണ് എന്ന കാഴ്ചപ്പാടാണിവിടെ വ്യക്തമാകുന്നത്. (ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.